ജയ്‌പൂർ: രാജസ്ഥാനിലെ സിക്കാർ കേന്ദ്രമായി സിപിഎമ്മിന്റെ അഖിലേന്ത്യാ കിസാൻ സഭ ആരംഭിച്ച കർഷക സമരത്തിന് മുന്നിൽ മുട്ടുമടക്കി രാജസ്ഥാനിലെ ബിജെപി സർക്കാർ. പതിനാല് ദിവസം നീണ്ട സമരത്തിൽ അഖിലേന്ത്യാ കിസാൻ സഭ ഉന്നയിച്ച 11 ആവശ്യങ്ങളും നിരുപാധികം അംഗീകരിച്ചതോടെ ഐതിഹാസിക വിജയമാണ് കർഷകർ നേടിയത്.

സമരത്തിന് ബിസിനസുകാർ, വ്യാപാരികൾ, ക്ഷീര വിതരണക്കാർ, ബസുടമകൾ തുടങ്ങി സമൂഹത്തിന്റെ നാനാഭാഗത്ത് നിന്നും പിന്തുണ ലഭിച്ചു. സമരക്കാരെ പ്രകോപിപ്പിക്കാനുള്ള സർർക്കാരിന്റെ എല്ലാ ശ്രമങ്ങളും സമാധാനം കൈമുതലാക്കിയ കർഷകർ പരാജയപ്പെടുത്തിയതോടെ മറ്റ് വഴികളില്ലാതെയാണ് സർക്കാർ പരാജയം സമ്മതിച്ചത്.

സിപിഎം നേതാവും മുൻ സിക്കാർ എംഎൽഎ യുമായ അംറ റാം, പോമ റാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു 345 പഞ്ചായത്തുകൾ ഉൾപ്പെട്ട സിക്കാർ ജില്ല കേന്ദ്രീകരിച്ച് സിപിഎം സമരം സംഘടിപ്പിച്ചത്.

ഇതോടെ അന്പതിനായിരം രൂപ വരെയുള്ള മുഴുവൻ കാർഷിക കടങ്ങളും എഴുതി തള്ളുമെന്ന് രാജസ്ഥാൻ ഭരണകൂടം സമരക്കാരോട് സമ്മതിച്ചു. കാർഷിക വിളകൾക്ക് സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് പ്രകാരം താങ്ങുവില ഏർപ്പെടുത്താനും സർക്കാർ സമ്മതിച്ചു. ഇവയടക്കം പതിനൊന്ന് ഇന ആവശ്യങ്ങളും ബിജെപി സർക്കാർ അംഗീകരിച്ചതോടെ സംസ്ഥാനത്തെ ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തിനും ഇത് പുത്തനുണർവ്വായി.

കൃഷിക്കായി ഉപയോഗിക്കുന്ന വൈദ്യുതിയുടെ നിരക്ക് വർദ്ധിപ്പിച്ച നടപടി പിൻവലിക്കും. കർഷകരുടെ പ്രതിമാസ പെൻഷൻ 2000 രൂപയാക്കും, അലഞ്ഞുതിരിയുന്ന കന്നുകാലികൾ വിള നശിപ്പിക്കുന്നത് തടയാൻ സർക്കാർ തന്നെ പുതിയ പദ്ധതികൾ ആവിഷ്കരിക്കും, ജലം ലഭിക്കാതെ കൃഷി നശിച്ചാൽ നഷ്ടപരിഹാരവും ഇൻഷുറൻസും ലഭിക്കുന്നതിന് നടപടി സ്വീകരിക്കും, കർഷകരുടെ മക്കളുടെ പഠനത്തിനായുള്ള എസ്‌സി-എസ്ടി, ഒബിസി ഫെല്ലോഷിപ്പുകൾ ഉടൻ വിതരണം ചെയ്യാനും തീരുമാനമായി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ