ചണ്ഡീഗഡ്: മണിപ്പൂരിലും ഗോവയിലും അധികാരം നേടിയ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഗോവയിലും മണിപ്പൂരിലും ബിജെപി മണി പവർ ഉപയോഗിച്ചു. പണം ഉപയോഗിച്ച് ജനവിധിയെ മോഷ്ടിക്കുകയാണ് ചെയ്തതെന്നും രാഹുൽ പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രിയായി അമരീന്ദർ സിങ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിൽ വിശ്വാസം അർപ്പിച്ച പഞ്ചാബിലെ ജനങ്ങളോട് രാഹുൽ നന്ദി പറഞ്ഞു. അമരീന്ദർ സിങ് സർക്കാർ ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഭരണം കാഴ്ച വയ്ക്കുമെന്നും രാഹുൽ പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് ക്യാപ്റ്റൻ അമരീന്ദർ സിങ് (75) ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു.

അതേസമയം, ഗോവ നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ നാലാം വട്ടവും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മനോഹർ പരീക്കർ വിജയം നേടി. 40 അംഗ നിയമസഭയിൽ 22 പേരുടെ പിന്തുണ നേടിയാണ് പരീക്കർ ഭരണം ഉറപ്പിച്ചത്. സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് വിശ്വാസ വോട്ടെടുപ്പ് നടന്നത്. മണിപ്പൂരിൽ നിയമസഭാകക്ഷി നേതാവ് എൻ.ബീരേൻ സിങ്ങിന്റെ നേതൃത്വത്തിലുളള ബിജെപി സർക്കാർ ഇന്നലെ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റെടുത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ