ന്യൂഡല്‍ഹി: അഴിമതി കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ബിജെപിയുടെ ഇരട്ടത്താപ്പ് പുറത്തായെന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട മുന്‍ ബിജെപി എംപി കീര്‍ത്തി ആസാദ്. സ്വന്തം പാര്‍ട്ടിയിലെ ഒരാള്‍ക്ക് എതിരെയാണ് അഴിമതി ആരോപണമെങ്കില്‍ മിണ്ടാതിരിക്കുന്ന ബിജെപി മറ്റാരെങ്കിലും ആണെങ്കില്‍ രാജിവെക്കണമെന്ന് മുറവിളി കൂട്ടാന്‍ മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

“ഡല്‍ഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷനിലെ (ഡിഡിസിഎ) 400 കോടിയുടെ അഴിമതിയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിക്കെതിരെ ഞാന്‍ ശബ്ദം ഉയര്‍ത്തിയിരുന്നു. അന്ന് ജെയ്റ്റ്ലിയെ സംരക്ഷിച്ച പാര്‍ട്ടി എന്നെ പുറത്താക്കി. ഇതേ ബിജെപിയാണ് അരവിന്ദ് കേജ്രിവാളിനെതിരെ അഴിമതി ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ജെയ്റ്റ്ലിയോട് രാജി വെക്കാന്‍ ആവശ്യപ്പെടാതിരുന്ന ബിജെപിക്ക് കേജ്രിവാളിനോട് രാജിവെക്കാന്‍ പറയാന്‍ എന്ത് അവകാശമാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.

ഡിഡിസിഎയില്‍ അഴിമതി നടന്നെന്ന് ആരോപിച്ച് ജെയ്റ്റിലിക്കെതിരെ രംഗത്ത് വന്നയാളാണ് മുന്‍ ക്രിക്കറ്റ് താരം കൂടിയായ ആസാദ്. അഴിമതിയുമായി ബന്ധപ്പെട്ട് ജെയ്റ്റ്ലിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയതിനാണ് അദ്ദേഹത്തെ ബിജെപിയില്‍ നിന്നും പുറത്താക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ