മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ഏക്നാഥ് ഷിൻഡെയെ മാറ്റാനുള്ള നീക്കങ്ങൾ ഡൽഹിയിൽ നടക്കുകയാണെന്ന് ശിവസേന നേതാവും എംപിയുമായ സഞ്ജയ് റൗത്ത്. അധിക നാൾ ഈ സർക്കാർ അധികാരത്തിൽ തുടരാൻ ബിജെപി ആഗ്രഹിക്കുന്നില്ല. മഹാരാഷ്ട്ര സർക്കാർ പാർട്ടിക്ക് നാശമുണ്ടാക്കുകയാണെന്ന് ബിജെപി തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ നിലവിലെ സർക്കാരിന് ഭീഷണിയില്ലെന്ന് പറഞ്ഞിരുന്നെങ്കിലും മുഖ്യമന്ത്രിയെ മാറ്റാൻ ഡൽഹിയിൽ ഗൗരവമായ ചർച്ചകൾ നടക്കുകയാണെന്ന് എൻസിപി നേതാവ് ചാഗൻ ഭുജ്ബാൽ നേരത്തെ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സഞ്ജയ് റൗത്ത്.
”ചാഗൻ ഭുജ്ബാൽ പറഞ്ഞത് സത്യമാണ്. ഞാനതിനോട് പൂർണമായും യോജിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രിയെ മാറ്റാനുള്ള നീക്കങ്ങൾ ഡൽഹിയിൽ നടക്കുന്നുണ്ട്. അതിനു പിന്നിലെ കാരണം എല്ലാവർക്കും അറിയാം. മുഖ്യമന്ത്രിയായതിന് ശേഷം ബിജെപി ആഗ്രഹിച്ചത് നേടുന്നതിൽ അദ്ദേഹം (ഷിൻഡെ) പരാജയപ്പെട്ടു. ഈ മുഖ്യമന്ത്രിക്ക് സംസ്ഥാനത്തെ നയിക്കാനും അദ്ദേഹത്തിൽ നിന്ന് രാഷ്ട്രീയമായി നേടാൻ ബിജെപി ആഗ്രഹിച്ചത് നിറവേറ്റാനും കഴിഞ്ഞില്ല. അവർ (ബിജെപി) ഞങ്ങളുടെ സർക്കാരിനെ അട്ടിമറിക്കാൻ ആഗ്രഹിച്ചു, അവർ അതിന് ഷിൻഡെയെ ഉപയോഗിച്ചു. ആ പണി ഇപ്പോൾ കഴിഞ്ഞു. എന്നാൽ മഹാരാഷ്ട്രയിൽ ബിജെപിക്ക് രാഷ്ട്രീയമായി നേടാൻ ആഗ്രഹിച്ചത് നേടാനായില്ല,” റൗത്ത് പറഞ്ഞു.
ബിജെപിക്ക് രാഷ്ട്രീയ ശക്തി നൽകുന്നതിൽ ഈ മുഖ്യമന്ത്രി (ഷിൻഡെ) പരാജയപ്പെട്ടു. ഈ സർക്കാർ അധികാരത്തിൽ വന്നതോടെ ബിജെപി നിരാശയിലാവുകയും ഷിൻഡെ വിഭാഗത്തിനൊപ്പം അപകീർത്തിപ്പെടുകയും ചെയ്തു. ഇക്കാര്യം ബിജെപി തിരിച്ചറിഞ്ഞുവെന്ന് റൗത്ത് അഭിപ്രായപ്പെട്ടു.
15-20 ദിവസത്തിനുള്ളിൽ നിലവിലെ സർക്കാർ താഴെ വീഴുമെന്ന് റൗത്ത് നേരത്തെ പറഞ്ഞിരുന്നു. ”അധിക നാൾ നിലവിലെ സർക്കാർ വാഴില്ല. അധിക നാൾ ഈ സർക്കാർ തുടരുന്നത് ബിജെപി ആഗ്രഹിക്കുന്നില്ല. ഈ സർക്കാർ എത്രകാലം തുടരുന്നുവോ അത്രയും കാലം ബിജെപി ഇല്ലാതാകും. ഈ സർക്കാർ കാരണം ബിജെപി തകർച്ച നേരിടുന്നു. മുഖ്യമന്ത്രി മാറുമ്പോൾ സർക്കാരും മാറും,” അദ്ദേഹം പറഞ്ഞു.