അഹമ്മദാബാദ്: ബിജെപിക്ക് ദേശീയതയുടെ മൊത്തക്കച്ചവടമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. ഐഎസ് ബന്ധമാരോപിച്ചു അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ ജോലി ചെയ്ത ഗുജറാത്തിലെ ആശുപത്രിയുമായി അഹമ്മദ് പട്ടേലിനു ‘ആഴത്തിലുള്ള ബന്ധമുണ്ട്’ എന്ന ബിജെപി ആരോപണത്തിനു മറുപടി നല്‍കുകയായിരുന്നു ഗുജറാത്തില്‍ നിന്നുമുള്ള നേതാവ്. കുറ്റാരോപിതന്‍ ലാബ് ടെക്നീഷ്യനായി ജോലിയെടുത്ത അങ്ക്ലേശ്വറിലെ സര്‍ദാര്‍ പട്ടേല്‍ ആശുപത്രി ട്രസ്റ്റിയാണ് അഹമ്മദ് പട്ടേല്‍.

ഈ വിവാദവുമായി ബന്ധപ്പെടുത്തിക്കൊണ്ട് അഹമ്മദ് പട്ടേല്‍ പാര്‍ലമെന്‍ററി സ്ഥാനം രാജിവയ്ക്കണം എന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ്‌ രൂപാനിയും ആവശ്യപ്പെട്ടിരുന്നു. തന്നെ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തത് ബിജെപിക്കാര്‍ക്ക് കണ്ണില്‍ പിടിക്കുന്നില്ല’ എന്നായിരുന്നു ഇതിനോടുള്ള അഹമ്മദ് പട്ടേലിന്‍റെ പ്രതികരണം. “ബുദ്ധിമുട്ടുകള്‍ വരുമ്പോഴൊക്കെ ദേശീയതയും വര്‍ഗീയതയും സംസാരിക്കുക എന്നതാണ് അവരുടെ പതിവ്” കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പങ്കെടുത്ത പരിപാടിയില്‍ ബിജെപിയെ ലക്ഷ്യംവച്ചുകൊണ്ട് അഹമ്മദ് പട്ടേല്‍ പറഞ്ഞു.

“അവര്‍ കഥ മെനയുന്നത് കണ്ടാല്‍ തോന്നുക അവര്‍ക്ക് ദേശീയതയുടെ മൊത്തക്കച്ചവടം ഉണ്ടെന്നാണ്. അവരൊഴികെ മറ്റാരും ദേശസ്നേഹികള്‍ അല്ലെന്നാണ് അവരുടെ ഭാവം ” പട്ടേല്‍ പറഞ്ഞു.

കോണ്‍ഗ്രസും അതിന്‍റെ നേതാക്കളും രാജ്യത്തിനു വേണ്ടി ഒരുപാട് ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട് എന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു. “അത് മഹാത്മാഗാന്ധിയില്‍ നിന്നാണ് ആരംഭിക്കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷവും ഇന്ദിരാജീ, രാജീവ്ജീ എന്നിവരൊക്കെ ഭീകരവാദത്തിന്‍റെ ഇരകള്‍ ആയവരാണ്‌.. നിങ്ങള്‍ ഞങ്ങള്‍ക്ക് ദേശീയതയും ദേശസ്നേഹവും പഠിപ്പിക്കേണ്ടതില്ല” എന്ന് പറഞ്ഞ അഹമ്മദ് പട്ടേല്‍ ” നിങ്ങള്‍ക്ക് ഭീകരവാദത്തിനെതിരെ പോരാടാന്‍ സാധിക്കില്ല. കാണ്ഡഹാറില്‍ ചെന്ന് ഭീകരവാദികളെ മടക്കികൊടുത്തവര്‍ ആണ് നിങ്ങള്‍” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1999ല്‍ വിമാനറാഞ്ചികള്‍ ആവശ്യപ്പെട്ട ഭീകരവാദികളെ കൈമാറ്റം ചെയ്ത എന്‍ഡിഎ സര്‍ക്കാര്‍ നടപടി ഓര്‍മിപ്പിക്കുകയായിരുന്നു അഹമ്മദ് പട്ടേല്‍.

” ഐഎസ് ഭീകരവാദിയെ കുറിച്ച് ഞാനും അന്വേഷിക്കുകയുണ്ടായി. അതിനു മുമ്പ് രണ്ടു ആശുപത്രികളില്‍ അയാള്‍ ജോലിചെയ്തിട്ടുണ്ട്. അതിലൊന്ന്‌ ഉദ്ഘാടനം ചെയ്തത് ബിജെപി നേതാക്കളാണ്. അവര്‍ക്കെതിരെ എന്തുകൊണ്ട് ആരോപണങ്ങള്‍ ഇല്ല ? ” അഹമ്മദ് പട്ടേല്‍ ചോദിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook