ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന് മുൻപ് അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ പ്രസ്താവന നടക്കില്ലെന്ന് അസദൂദ്ദീൻ ഒവൈസി. ഇത്തരം അജണ്ടകള്‍ പരിഗണിച്ചിട്ടില്ലെന്ന് ഓള്‍ ഇന്ത്യ മജ്ലിസ്- ഇ-ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. സുപ്രിംകോടതിയുടെ പരിഗണനയിലാണ് ഇപ്പോള്‍ രാമക്ഷേത്ര തര്‍ക്ക കേസുളളത്. 2019ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം കേസില്‍ വിധി വരുന്നതാണ് നല്ലതെന്ന് ഒവൈസി പറഞ്ഞു.

കേസ് സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെ അമിത് ഷാ വിധി പ്രസ്താവിക്കുന്നത് എങ്ങനെയാണെന്ന് ഒവൈസി ചോദിച്ചു. തിരഞ്ഞെടുപ്പിന്റെ സ്വതന്ത്ര്യമായ നടത്തിപ്പിന് വിധി 2019 തിരഞ്ഞെടുപ്പിന് ശേഷം വരുന്നതാകും നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച്ച ഹൈദരാബാദിൽ പാർട്ടി നേതാക്കൾക്കായി നടത്തിയ സമ്മേളനത്തിലാണ് അമിത് ഷാ രാമക്ഷേത്ര നിര്‍മ്മാണത്തെ കുറിച്ച് സംസാരിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

എന്നാൽ വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിനെ കുറിച്ച് മുൻകൂട്ടി പ്രവചിക്കാൻ സാധിക്കില്ലെന്ന് ബിജെപി അദ്ധ്യക്ഷൻ വ്യക്തമാക്കി. ഓരോ സംസ്ഥാനത്തും അടിത്തറ ശക്തമാക്കാൻ അമിത് ഷാ പ്രവർത്തകർക്ക് നിർദ്ദേശം നൽകി. ഇതിന് പുറമെ കൂടുതൽ സീറ്റുകളുളള മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിൽ കൂടുതൽ റാലികളിൽ മോദി പങ്കെടുക്കും. പഞ്ചാബിലെ മാലോത്തിൽ നിന്നാണ് റാലികളുടെ തുടക്കം.

ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രചാരണ പരിപാടികൾക്ക് ബിജെപി തുടക്കം കുറിച്ചിട്ടുണ്ട്. ഇത് പൂർണ്ണാർത്ഥത്തിൽ ആരംഭിച്ചില്ലെങ്കിലും ലോക്‌സഭ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് ദേശീയ നേതാക്കൾ പങ്കെടുക്കേണ്ട റാലികളെ കുറിച്ച് ധാരണയായിട്ടുണ്ട്.

ഇത് പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി 50 റാലികളിൽ പങ്കെടുക്കും. രാജ്നാഥ് സിങ്, നിതിൻ ഗഡ്‌കരി എന്നിവർക്കൊപ്പം അമിഷ് ഷായും 50 വീതം റാലികളിൽ സംസാരിക്കും. 2-3 ലോക്‌സഭ മണ്ഡസലങ്ങളിലെ ജനങ്ങളെ പങ്കെടുപ്പിച്ച് റാലി നടത്താനാണ് തീരുമാനം.
ഫെബ്രുവരി മുതലാണ് റാലികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുൻപ് തന്നെ 400 ഓളം ലോക്‌സഭ മണ്ഡലങ്ങളിലേക്ക് നേട്ടങ്ങളെത്തിക്കാനാവും എന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ