ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ചൈനീസ് പട്ടാളം ജവാന്മാരെ തുരത്തുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ അപലപിച്ച് ബിജെപി. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ റിമോട്ട് കണ്‍ട്രോളില്‍ അല്ല പ്രവര്‍ത്തിക്കുന്നതെങ്കില്‍ രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തയാറാകണമെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു. രാഹുലിന്റെ വാക്കുകള്‍ സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സൈന്യമാണ് ചൈനീസ് പട്ടാളത്തെ തുരത്തിയതെന്നും അതില്‍ രാജ്യത്തെ ഓരോ പൗരന്മാരും അഭിമാനിക്കുന്നുണ്ടെന്നും ഗൗരവ് വ്യക്തമാക്കി.
ചൈന യുദ്ധത്തിനൊരുങ്ങുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ അതിര്‍ത്തിയില്‍ നടക്കുന്ന കാര്യങ്ങള്‍ മറച്ചു വയ്ക്കുകയാണെന്നുമായിരുന്നു രാഹുല്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
“അവർ ലഡാക്കിലും അരുണാചലിലും തയ്യാറെടുപ്പ് നടത്തുകയാണ്, ഇത് ഒരു സമ്പൂർണ്ണ ആക്രമണത്തിനുവേണ്ടിയാണ്. കേന്ദ്ര സർക്കാർ ഉറങ്ങുകയാണ്. അവർ ഒരു നുഴഞ്ഞുകയറ്റത്തിനല്ല, യുദ്ധത്തിനാണ് തയ്യാറെടുക്കുന്നത്. സർക്കാർ ഇത് മറച്ചുവയ്ക്കുകയാണ്, ഇത് അംഗീകരിക്കാൻ കഴിയില്ല,” രാഹുല്‍ കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ 2,000 ചതുരശ്ര കിലോമീറ്റര്‍ ചൈന കീഴടക്കിയെന്നും ഇരുപത് ഇന്ത്യന്‍ ജവാന്മാര്‍ കൊല്ലപ്പെട്ടെന്നും രാഹുല്‍ പറഞ്ഞു.
രാഹുലിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ നിലപാട് എന്താണെന്നതില്‍ വ്യക്തത വരുമെന്ന് ഗൗരവ് പറഞ്ഞു. കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ പാർട്ടിയല്ലാതെയായി മാറിയെന്നും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്നം ഗൗരവ് ആരോപിച്ചു. 1962-ലെ ഇന്ത്യയല്ലിതെന്നും കഴിഞ്ഞ എട്ട് വർഷത്തിനിടെ ഇന്ത്യൻ ഭൂപ്രദേശത്തിന്റെ ഒരിഞ്ച് പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്നും ഗൗരവ് അവകാശപ്പെട്ടു.
രാഹുല്‍ രാജ്യത്തിന് വലിയ നാണക്കേടും കോൺഗ്രസിന് പ്രശ്‌നവുമായി മാറിയെന്ന് കേന്ദ്ര നിയമ-നീതി മന്ത്രി കിരൺ റിജു പറഞ്ഞു. “ഗാന്ധി ഇന്ത്യൻ സൈന്യത്തെ അപമാനിക്കുക മാത്രമല്ല, രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കുകയും ചെയ്യുന്നു” എന്നും അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു.