ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ തങ്ങള്‍ക്ക് ഇപ്പോഴും വ്യക്തമായ ഭൂരപക്ഷം ഉണ്ടെന്ന് മുഖ്യമന്ത്രി കമല്‍നാഥ്. കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് ബിജെപി ആരോപിച്ചിരുന്നു. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് കമല്‍നാഥ് സര്‍ക്കാരിനോട് ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപി ആവശ്യപ്പെട്ടു. ഭൂരിപക്ഷം തെളിയിക്കാന്‍ നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ഗവര്‍ണര്‍ ആനന്ദീബെന്‍ പട്ടേലിനോട് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടെ നാല് വട്ടം തങ്ങള്‍ ഭൂരിപക്ഷം തെളിയിച്ചെന്ന് കമല്‍നാഥ് പ്രതികരിച്ചു. എങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാണെന്നും ബിജെപി സര്‍ക്കാരിനെ ശല്യപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More: മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ സഹായികളുടെ വീടുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്

സഭയില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷമുണ്ടോ എന്ന് തെളിയിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ഏതാനും കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് വരാന്‍ സാധ്യതയുണ്ടെന്നും ഗോപാല്‍ ഭാര്‍ഗവ അവകാശവാദമുന്നയിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിനു തൊട്ടടുത്ത ദിവസമാണ് മധ്യപ്രദേശിലെ നാടകീയ നീക്കങ്ങള്‍. എക്‌സിറ്റ് പോളില്‍ മധ്യപ്രദേശില്‍ ബിജെപി 29 ഓളം സീറ്റുകള്‍ നേടുമെന്നും അഞ്ച് സീറ്റില്‍ കുറവേ കോണ്‍ഗ്രസിന് ലഭിക്കൂ എന്നുമാണ് പറയുന്നത്.

Read More Election News

കഴിഞ്ഞ വര്‍ഷമാണ് മധ്യപ്രദേശ് നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. 114 സീറ്റ് നേടിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ബിജെപിക്ക് 109 സീറ്റുകളുണ്ട്. സമാജ് വാദി പാര്‍ട്ടി രണ്ട് സീറ്റ് നേടിയിരുന്നു. സ്വതന്ത്ര എംഎല്‍എമാരും എസ്.പി, ബി.എസ്.പി എംഎല്‍എമാരും പിന്തുണ നല്‍കിയതോടെയാണ് കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചത്.

Read More: മോദി വീണ്ടും അധികാരത്തിലേക്ക് ? എന്‍ഡിഎ മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍

വിവിധ ഏജന്‍സികളും മാധ്യമങ്ങളും ചേര്‍ന്ന് നടത്തിയ എക്‌സിറ്റ് പോള്‍ സര്‍വ്വെ പ്രകാരം ബിജെപി നയിക്കുന്ന എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടെടുപ്പ് നടത്തിയതിന് പിന്നാലെയാണ് ഏക്‌സിറ്റ് പോളുകള്‍ പുറത്ത് വിട്ടത്. മിക്ക എക്‌സിറ്റ് പോളുകളിലും ബിജെപി നയിക്കുന്ന എന്‍ഡിഎ 300 ല്‍ പരം സീറ്റുകളും കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ 130 ഓളം സീറ്റുകളും ജയിക്കുമെന്നാണ് പറയുന്നത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 336 സീറ്റുകളായിരുന്നു നേടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook