മുംബൈ: ‘ഹിന്ദു പാക്കിസ്ഥാൻ’ പരാമർശത്തിൽ മാപ്പു പറയില്ലെന്ന് കോൺഗ്രസ് എംപി ശശി തരൂർ. 2019 ലെ തിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചാൽ ഇന്ത്യ ‘ഹിന്ദു പാക്കിസ്ഥാൻ’ ആയി മാറുമെന്ന് ശശി തരൂർ പറഞ്ഞിരുന്നു. ഇതിൽ ശശി തരൂർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി രംഗത്തെത്തിയത്.

‘ബിജെപിയുടെ കാഴ്ചപ്പാടിന് അനുസരിച്ച് ഞാൻ എന്തിനാണ് മാപ്പു പറയേണ്ടതെന്ന് മനസ്സിലാകുന്നില്ല. ഹിന്ദു രാഷ്ട്ര ആശയത്തിൽ ബിജെപിയും ആർഎസ്എസ്സും വിശ്വസിക്കുന്നില്ലെങ്കിൽ അതവർ അംഗീകരിക്കണം. അവർ അത് ചെയ്യാത്തിടത്തോളം അവരുടെ ആശയത്തെക്കുറിച്ച് പറഞ്ഞതിന് ഒരാൾ എന്തിന് മാപ്പു പറയണം’, ശശി തരൂർ പഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

ഹിന്ദു രാഷ്ട്ര ആശയത്തിൽ ബിജെപി വിശ്വസിക്കുന്നില്ലെങ്കിൽ അവർ ആൾക്കൂട്ടത്തിനു മുന്നിൽ തുറന്നു പറയണം. അത് വിവാദം അവസാനിപ്പിക്കുമെന്നും ശശി തരൂർ പറഞ്ഞു.

തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ വച്ചാണ് ശശി തരൂർ ഹിന്ദു പാക്കിസ്ഥാൻ പരാമർശം നടത്തിയത്. ‘അവര്‍ വീണ്ടും വിജയിക്കുകയാണെങ്കില്‍ ജനാധിപത്യ മൂല്യങ്ങള്‍ ചവിട്ടിമെതിച്ച് അസഹിഷ്ണുത നിറഞ്ഞ പുതിയ ഭരണഘടന എഴുതിച്ചേര്‍ക്കും. നമ്മള്‍ മനസ്സിലാക്കി വച്ച ഭരണഘടനയ്ക്ക് പിന്നെ അതിജീവനം ഉണ്ടാവില്ല. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും ചവിട്ടിമെതിക്കപ്പെട്ടും’, ശശി തരൂര്‍ പറഞ്ഞു.

‘ഹിന്ദു രാഷ്ട്രത്തിന്റെ മൂല്യങ്ങളെ സംരക്ഷിക്കുന്ന പുതിയ ഭരണഘടനയാണ് അവര്‍ നിര്‍മ്മിക്കുക. ന്യൂനപക്ഷങ്ങള്‍ക്കുളള തുല്യത തകര്‍ക്കുന്ന ഭരണഘടനയായിരിക്കും അത്. ഇവിടെ അതൊരു ഹിന്ദു പാക്കിസ്ഥാനാണ് സൃഷ്ടിക്കുക. ഇതിന് വേണ്ടിയല്ല സ്വാതന്ത്ര്യസമര നേതാക്കളായ ഗാന്ധിജിയും സര്‍ദാര്‍ വല്ലഭായ് പട്ടേലും മൗലാനാ ആസാദുമൊക്കെ പോരാടിയത്’, ശശി തരൂര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook