ദലിത് ആദിവാസി സമരങ്ങളെ ഹൈജാക്ക് ചെയ്യാൻ അനുവദിക്കില്ലെന്ന് ഗീതാനന്ദൻ

ദലിത്, ആദിവാസി സംഘടനകളുടെയും ഒരു വിഭാഗം ഇടതുപക്ഷത്തിന്റെയും മുദ്രാവാക്യം ഏറ്റെടുത്ത് ബിജെപി ഭൂ പ്രശ്നത്തിൽ ഇടപെടാനൊരുങ്ങുന്നു. രണ്ടാം ഭൂപരിഷ്കരണം വേണമെന്നും ദലിത്, ആദിവാസി ഭൂ പ്രശ്നം പരിഹരിക്കണമെന്നുമുള്ള മുദ്രാവാക്യത്തിലൂന്നാൻ ബിജെപി തീരുമാനം വിശാലഹിന്ദു ഐക്യം എന്ന നിലപാടിനെ ശക്തിപ്പെടുത്താനുള്ള തന്ത്രമായാണ് ഈ നീക്കം വിലിയിരുത്തപ്പെടുന്നത്. ഈ നിലപാടിനൊപ്പം തന്നെ സിപിഎം , സിപിഐ എന്നീ പാർട്ടികളോട് ബന്ധപ്പെട്ടു നിൽക്കുന്ന ദലിത് വോട്ട് ബാങ്കിൽ സ്വാധീനം ചെലുത്താമെന്നും ബിജെപി കണക്കുകൂട്ടുന്നു.

കേരളത്തിൽ സിപിഎം, സിപിഐ എന്നീ വ്യവസ്ഥാപിത ഇടതുപക്ഷ പാർട്ടികളൊഴികെയുള്ള ഇടതുപക്ഷ പാർട്ടികളും വിവിധ ദലിത്, ആദിവാസി സംഘടനകളും രണ്ടാം ഭൂപരിഷ്കരണം നടത്തണമെന്ന ആവശ്യം വർഷങ്ങളായി ഉന്നയിക്കുന്നുണ്ട്. ഇത് ഉയർത്തിക്കൊണ്ട് നിരവധി സമരങ്ങളും കേരളത്തിൽ നടക്കുന്നുണ്ട്. മുത്തങ്ങ, ചെങ്ങറ,അരിപ്പ എന്നിങ്ങനെ ചെറുതും വലുതുമായ ഒട്ടേറെ ഭൂസമരങ്ങൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആദിവാസി, ദലിത് സംഘടനകൾ നടത്തുന്ന ഭൂസമരങ്ങളെ ഏറ്റെടുക്കാനാണ് ബിജെപി നീക്കം. കേരളത്തിലെ വിവിധ ദലിത്, ആദിവാസി, മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ഭൂഅധികാര സംരക്ഷണ സമിതി രൂപീകരിച്ച് ചലോ തിരുവനന്തപുരം എന്ന സമരം ആരംഭിക്കാനിരിക്കെയാണ് അതേ ആവശ്യങ്ങളുന്നയിച്ച് ഭൂ സമരങ്ങൾ ഏറ്റെടുക്കുമെന്ന് ബിജെപി പ്രഖ്യാപിക്കുന്നത്. ആദിവാസി ഗോത്രമഹാസഭാ നേതാവായിരുന്ന ഗീതാനന്ദൻ, ചെങ്ങറ സമര സമിതി , അരിപ്പ സമര സമിതി തുടങ്ങി സംസ്ഥാനത്തെ വിവിധ ഭൂസമരങ്ങളെ ഉൾപ്പെടുത്തിയാണ് ഭൂവധികാര സമിതി ചലോ ഉന മാതൃകയിൽ ഈ മാസം 29 ന് ചലോ തിരുവനന്തപുരം ആരംഭിക്കുന്നത്. ഉനയിലെ സമര നായകൻ ജിഗ്നേഷ് മേവാനിയാണ് ഈ സമര പ്രഖ്യാപന കൺവൻഷൻ ചെങ്ങറയിൽ ഉദ്ഘാടനം ചെയ്യുക. ഏപ്രിൽ ഒന്നിന് ജാഥ ആരംഭിക്കും. ഈ സാഹചര്യത്തിലാണ് ബിജെപ യുടെ നീക്കം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശ്രദ്ധ നേടുന്നത്.

ഭൂ അധികാര സംരക്ഷണ സമിതി മുന്നോട്ടു വച്ച വിഷയം ഉന്നയിച്ചാണ് ബിജെപിയും തന്ത്രം മെനയുന്നത്. നിലവിലുള്ള ഭൂസമരങ്ങൾ ഏറ്റെടുക്കാനുള്ള നീക്കം ആ​ സമരങ്ങൾ സൃഷ്ടിച്ച ജനപിന്തുണ സ്വന്തമാക്കാനുള്ള ബിജെപിയുടെ നീക്കമായാണ് വിലയിരുത്തുന്നത്. ദലിത്, ആദിവാസി, മത്സ്യത്തൊഴിലാളി സംഘടനകളുടെ ഐക്യ സമരത്തിലൂടെ ഉരുത്തിരിയുന്ന രാഷ്ട്രീയ നേട്ടം തങ്ങളുടേതാക്കാനാണ് ബിജെപിയുടെ നീക്കം. കേരളത്തിൽ വിഭാഗീയതകൾക്കപ്പുറത്തുള്ള ഉൾക്കൊള്ളൽ കൂട്ടായ്മയാണ് ഭൂഅധികാര സമിതി ലക്ഷ്യം വയ്ക്കുന്നതെങ്കിൽ വിശാല ഹിന്ദു ഐക്യം എന്ന കാഴ്ചപ്പാടാണ് ബിജെപിയുടെ ഭൂ സമര ലക്ഷ്യത്തിന് പിന്നിൽ.

നേരത്തെ അരിപ്പ സമരത്തിൽ ബിജെപി ഇടപെട്ടിരുന്നുവെങ്കിലും അവർ വീണ്ടും ഭൂ അധികാര സംരക്ഷണ സമിതിയുമായി ചേർന്നുള്ള സമരത്തിൽ പങ്കെടുക്കുന്നു എന്നത് ബിജെപിക്ക് തിരിച്ചടിയാണ്. എന്നാൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക് ഒപ്പം ചേർന്ന സി.കെ.ജാനുവിനെ മുന്നിൽ നിർത്തി ഭൂ സമരം നടത്തുകയാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. ജാനുവിന്റെ സമരപാരമ്പര്യവും ബന്ധങ്ങളും തങ്ങളുടെ ലക്ഷ്യത്തിന് സഹായകമാകുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.

വി.മുരളീധരൻ സംസ്ഥാന പ്രസിഡന്റായിരിക്കെ ദലിത്, ആദിവാസി വിഭാഗങ്ങളെ ബിജെപിയോട് അടുപ്പിക്കാൻ ശ്രമം നടന്നിരുന്നു. അങ്ങനെയാണ് കെപിഎംഎസിന്റെ ഒരു വിഭാഗം ബിജെപിയുമായി സഹകരിക്കാൻ തുടങ്ങിയത്.

ദലിത്, ആദിവാസി സമരങ്ങൾ ഹൈജാക്ക് ചെയ്യാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അത് നടക്കില്ലെന്നും ഭൂ അധികാര സംരക്ഷണ സമിതി ജനറൽ കൺവീനർ എം.ഗീതാനന്ദൻ പറഞ്ഞു. ബിജെപിയുടെ രാഷ്ട്രീയം ദലിത്, ആദിവാസി താൽപര്യങ്ങൾക്ക് വിരുദ്ധമാണ്. അതിനാൽ തന്നെ അവർക്ക് ഈ വിഷയത്തിൽ ആത്മാർത്ഥമായി ഇടപെടാൻ സാധ്യമാകില്ല. തങ്ങളുടെ ഒപ്പം വന്ന ദലിത്, ആദിവാസി വിഭാഗങ്ങളെ തൃപ്തിപ്പെടുത്താനുള്ള തന്ത്രം മാത്രമാണിത്. സമരങ്ങൾ ഏറ്റെടുത്ത് സ്വന്തമാക്കാനുള്ള ബിജെപി നീക്കം അനുവദിക്കാനാവില്ലെന്നും ഗീതാനന്ദൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook