ന്യൂഡല്‍ഹി: നോട്ട് നിരോധന സമയത്ത് നിരോധിച്ച നോട്ടുകള്‍ വിനിമയം ചെയ്ത ബാങ്കുകളുടെ പട്ടികയിലെ ആദ്യ പത്തിന്റേയും തലപ്പത്തുള്ളത് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍. ബിജെപി മുതല്‍ കോണ്‍ഗ്രസിന്റേയും ശിവസേനയുടേയും നേതാക്കളാണ് പട്ടികയിലെ ആദ്യ പത്ത് ഡിസ്ട്രിക്റ്റ് സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ (ഡിസിസിബി) തലപ്പത്തുള്ളത്. ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ അന്വേഷണത്തിലാണ് ഇത് വെളിവായത്. വിവാരാവകാശ നിയമത്തിന്റെ സഹായത്തോടൊണ് ഈ വിവരങ്ങള്‍ ശേഖരിച്ചത്.
നബാര്‍ഡില്‍ നിന്നും ലഭിച്ച വിവരം പ്രകാരം രാജ്യത്തെ 370 ഡിസിസിബികളിലൂടെ 22,270 കോടിയുടെ പഴയ 500 രൂപ, ആയിരം രൂപ നോട്ടുകളുടെ വിനിമയം നടന്നിട്ടുണ്ട്. ഏറ്റവും കൂടുതൽ നോട്ടുകൾ മാറ്റിയെടുത്ത പത്ത് ബാങ്കുകളില്‍ നാലെണ്ണം വീതം ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒരെണ്ണം വീതം ഹിമാചല്‍ പ്രദേശിലും കര്‍ണാടകയിലുമാണുള്ളത്. ബിജെപി പ്രസിഡന്റ് അമിത് ഷാ ഡയറക്ടറായിട്ടുള്ള അഹമ്മദാബാദ് ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്കാണ് ഒന്നാമതുള്ളത്. 745.59 കോടിയുടെ നോട്ടുകളാണ് ഇവിടെ മാറ്റിയെടുത്തത്. ബിജെപി നേതാവ് അജയ്ഭായ് എച്ച്.പട്ടേലാണ് ചെയര്‍മാന്‍.
രണ്ടാമതുള്ളത് 693.19 കോടിയുമായി രാജ്‌കോട്ട് ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്കാണ്. ഗുജറാത്ത് മന്ത്രി ജയേഷ്ഭയ് രദാദിയയാണ് ബാങ്കിന്റെ തലപ്പത്തുള്ളത്. എന്‍സിപി എംഎല്‍എ രമേഷ് തൊറാട്ട് തലപ്പത്തുള്ള പുണെ ഡിസ്ട്രിക്ട് സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്കാണ് മൂന്നാം സ്ഥാനത്തുള്ളത്. കോണ്‍ഗ്രസ് നേതാവ് അര്‍ച്ചന ഗരെ ഈ ബാങ്കിന്റെ വൈസ് പ്രസിഡന്റാണ്. എന്‍സിപി തലവനായ ശരദ് പവാറിന്റെ മൂത്ത സഹോദരന്റെ മകന്‍ അജിത് പവാര്‍ ഡയറക്ടര്‍മാരില്‍ ഒരാളാണ്.
കര്‍ണാടകയിലെ സൗത്ത് കാനറ ഡിസ്ട്രിക്ട് സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ചെയര്‍മാന്‍ കോണ്‍ഗ്രസ് നേതാവ് എം.എന്‍.രാജേന്ദ്ര കുമാറാണ്. 2014 ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ ജില്ലയുടെ ചുമതലയുണ്ടായിരുന്ന നേതാവാണ് അദ്ദേഹം. 327.81 കോടിയുടെ വിനിമയം നടന്നിട്ടുള്ള ബാങ്ക് പട്ടികയില്‍ ഏഴാമതാണ്.
2016 നവംബർ 10 മുതൽ ഡിസംബർ 31 വരെ സഹകരണ ബാങ്കുകൾ വഴി 22,270 കോടി രൂപയുടെ മൂല്യമുളള 500 രൂപ, 1,000 രൂപ നോട്ടുകളാണ് മാറ്റിയെടുത്തത്. ഇതിലെ 4,191. 39 കോടി രൂപയും അതായത് (18.82 ശതമാനവും മാറ്റിയെടുത്ത് ഈ പത്ത് ബാങ്കുകൾ വഴിയാണെന്ന് ആർ ടി ഐ രേഖകൾ പറയുന്നു.
ശിവസേന നേതാവായ നരേന്ദ്ര ദരാദെയായിരുന്നു നോട്ട് നിരോധനത്തിന്റെ സമയത്ത് നാഷിക് ഡിസിസിബിയുടെ തലപ്പത്തുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം നോട്ട് നിരോധനത്തിന്റെ ആഘാതത്തെ ചെറുക്കാന്‍ ആര്‍ബിഐയ്ക്ക് സാധിച്ചില്ലെന്ന് ആരോപിച്ച് അദ്ദേഹം സ്ഥാനം രാജിവച്ചിരുന്നു.
ആര്‍ടിഐ വിവരങ്ങള്‍ പ്രകാരം, 370 ഡിസിസിബികളിലൂടെ 31,15,964 പേര്‍ നിരോധിച്ച നോട്ടുകള്‍ മാറ്റിയെടുത്തിട്ടുണ്ട്. മിക്ക ഡിസിസിബികളും നിയന്ത്രിക്കുന്നത് ആ സംസ്ഥാനത്തില്‍ അധികാരമുള്ള പാര്‍ട്ടിയുടെ നേതാക്കളാണെന്നും വിവരങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ സേലം ഡിസിസിബിയുടെ ചെയര്‍മാന്‍ എഐഎഡിഎംകെ നേതാവ് ആര്‍.എലന്‍ഗോവനാണ്. പശ്ചിമ ബംഗാളില്‍ മുന്നിലുള്ള ബാങ്കായ നാദിയ ഡിസിസിബിയുടെ തലപ്പത്തുള്ളത് തൃണമൂല്‍ നേതാവ് ശിബ്‌നാഥ് ചൗധരിയാണ്.
സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തിലുള്ള പട്ടിക പ്രകാരം മുന്നിലുള്ളത് കാസര്‍ഗോഡ് ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്കാണ്. 293.58 കോടി രൂപയുടെ പഴയ നോട്ടുകളാണ് ഈ ബാങ്കിലൂടെ വിനിമയം നടത്തിയത്. സംസ്ഥാന സര്‍ക്കാർക്കാണ് ബാങ്കിന്റെ നിയന്ത്രണം. രണ്ടാമതുള്ളത് പഞ്ചാബിലെ സാന്‍ഗ്രൂര്‍ ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്കാണ്. 216.27 കോടിയാണ് പഞ്ചാബിലെ സഹകരണബാങ്ക് വഴി വിനിമയം ചെയ്യപ്പെട്ടത്.