ന്യൂഡല്‍ഹി:കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി ബിജെപി. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ സംസ്ഥാനത്തിന്റെ പരമാധികാരത്തെ ഭീഷണിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന സോണിയ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെയാണ് ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്.
‘പരമാധികാരം’ എന്ന വാക്ക് ബോധപൂര്‍വം ഉപയോഗിച്ചതാണെന്നും ഇത് അവരുടെ അജണ്ട”യാണെന്നും പ്രതിനിധി സംഘത്തെ നയിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് പറഞ്ഞു. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരെ ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളാണ് കോണ്‍ഗ്രസ് ഉപയോഗിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഞങ്ങളുടെ പ്രശ്നങ്ങള്‍ ഗൗരവത്തോടെയാണ് കേട്ടത്, ” ഭൂപേന്ദര്‍ യാദവ് മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസ് തങ്ങളുടെ പരസ്യങ്ങളിലെ ആരോപണങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന് തെളിവൊന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക സര്‍ക്കാരിന്റെ വിവിധ ജോലികള്‍ക്കായി കൈക്കൂലിക്ക് ‘നിരക്ക്’ നിശ്ചയിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് പരസ്യത്തിനെതിരെ ബിജെപി കഴിഞ്ഞ ആഴ്ച തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. മെയ് 7-നകം അവകാശവാദങ്ങള്‍ക്കുള്ള തെളിവുകള്‍ സമര്‍പ്പിക്കാന്‍ കോണ്‍ഗ്രസിന്റെ കര്‍ണാടക ഘടകത്തിന് കമ്മിഷന്‍ മെയ് 6 ന് നോട്ടീസ് നല്‍കിയിരുന്നു. പരസ്യങ്ങളുടെ മുന്‍കൂര്‍ സര്‍ട്ടിഫിക്കേഷന്‍ ആവശ്യകത ആവര്‍ത്തിക്കാന്‍ മെയ് 8 ന് എല്ലാ കക്ഷികള്‍ക്കും ഇസി നിര്‍ദേശം നല്‍കിയിരുന്നു.
ബുധനാഴ്ച നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി പ്രചാരണം തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് അവസാനിക്കാനിരിക്കെയാണ് കോണ്‍ഗ്രസിനെതിരെയുള്ള ബിജെപിയുടെ ഏറ്റവും പുതിയ പരാതി.