മീററ്റ്: പോലീസ് സേനയെ വർഗീയവൽക്കരിക്കാനാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ ശ്രമിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരോട് പാക്കിസ്ഥാനിലേക്ക് പോകാൻ മീററ്റ് എസ്പി അഖിലേഷ് എൻ സിങ് പറയുന്നതിന്റെ വീഡിയോ പങ്കുവച്ചാണ് പ്രിയങ്ക ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ വിമർശനം.

“ഈ ഭാഷ ഉപയോഗിക്കാൻ ഇന്ത്യൻ ഭരണഘടന ഒരു പൗരനെയും അനുവദിക്കുന്നില്ല. നിങ്ങൾ വളരെ പ്രധാനപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ഉദ്യോഗസ്ഥനായിരിക്കുമ്പോൾ ഉത്തരവാദിത്തം കൂടുതലാണ്. ഭരണഘടനയിൽ പ്രതിപാദിച്ചിട്ടുള്ള മൂല്യങ്ങളോട് ബഹുമാനമില്ലാതെ ഉദ്യോഗസ്ഥർ പെരുമാറുന്ന അറ്റം വരെ ബിജെപി സ്ഥാപനങ്ങളെ സാമുദായികമായി വിഷലിപ്തമാക്കി,” പ്രിയങ്ക പറഞ്ഞു.

രാജ്യവ്യാപകമായി എൻആർസി നടപ്പാക്കാൻ ഇതുവരെ പദ്ധതിയിട്ടിട്ടില്ലെന്ന കേന്ദ്ര സർക്കാരിന്റെ വാദത്തേയും പ്രിയങ്ക വിമർശിച്ചു. രാജ്യം ബിജെപിയുടെ നുണകൾ കേട്ട് മടുത്തിരിക്കുകയാണെന്ന് അവർ പറഞ്ഞു.

Read More: പ്രതിഷേധിക്കുന്നവര്‍ പാക്കിസ്ഥാനിലേക്ക് പോകൂ; വിവാദ പ്രസ്താവനയുമായി മീററ്റ് എസ്‌പി

പൗരത്വ നിയമത്തെ എതിർക്കാൻ സംസ്ഥാനത്ത് പ്രതിപക്ഷ പാർട്ടികൾ കൂടുതൽ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച പ്രിയങ്ക ഗാന്ധി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് ഒറ്റയ്ക്ക് നിൽക്കേണ്ടി വരുമെന്നും പറഞ്ഞു. “സംസ്ഥാനത്തെ മറ്റ് പ്രതിപക്ഷ പാർട്ടികൾ അധികം സംസാരിക്കുന്നില്ല. പക്ഷേ ഞാൻ പറഞ്ഞതുപോലെ, ഞങ്ങൾ​ ഭയപ്പെടാൻ പോകുന്നില്ല. ഒറ്റയ്ക്ക് നടക്കേണ്ടി വന്നാലും ശബ്ദം ഉയർത്തിക്കൊണ്ടേയിരിക്കും. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒറ്റയ്ക്ക് തയാറായിരിക്കേണ്ടി വരും,” പ്രിയങ്ക പറഞ്ഞു.

മീററ്റില്‍ നടന്ന പ്രതിഷേധത്തെ നേരിടുമ്പോഴായിരുന്നു പാക്കിസ്ഥാനിലേക്ക് പോകാനുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ വിവാദ പരാമര്‍ശം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

“പ്രതിഷേധിക്കുന്നവരോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ പറയൂ. നിങ്ങള്‍ ഇവിടെനിന്ന് ഭക്ഷണം കഴിക്കുന്നു, പക്ഷേ, കൂറ് കാണിക്കുന്നത് മറ്റൊരു നാടിനു വേണ്ടിയാണ്. നിങ്ങള്‍ക്ക് ഇവിടെ ജീവിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ പാക്കിസ്ഥാനിലേക്ക് പോയിക്കോളൂ. ഇപ്പോള്‍ നടത്തുന്ന എല്ലാ പ്രതിഷേധങ്ങള്‍ക്കും നിങ്ങള്‍ വലിയ വില കൊടുക്കേണ്ടി വരും. നിങ്ങളുടെ വീടുകളിലെ എല്ലാവരെയും അറസ്റ്റ് ചെയ്യും.” എസ്‌പി അഖിലേഷ് എന്‍ സിങ് പറഞ്ഞു.

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. പൗരത്വ നിയമത്തിനെതിരെ ജാമിയ വിദ്യാർത്ഥികളുടെ സമരം പതിനെട്ടാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ യുപി ഭവൻ ഉപരോധിക്കാൻ എത്തിയ വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട് ഇന്ന് ക്യാംപസിന് മുന്നിൽ വിദ്യാർഥികൾ പ്രതിഷേധിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook