ആല്‍വാര്‍: സ്കൂളുകളില്‍ പഠനമാധ്യമമായി പ്രാദേശിക ഭാഷകള്‍ പ്രോത്സാഹിക്കുന്നതില്‍ ബി ജെ പിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി. ‘ഹിന്ദി ഉപകരിക്കില്ലെന്നും ഇംഗ്ലിഷ് ഉപകരിക്കും’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു രാഹുലിന്റെ വിമര്‍ശം.
”സ്കൂളുകളില്‍ ഇംഗ്ലിഷ് പഠിപ്പിക്കാന്‍ ബി ജെ പി നേതാക്കള്‍ താല്‍പ്പര്യപ്പെടുന്നില്ല. എന്നാല്‍ അവരുടെ എല്ലാ നേതാക്കളുടെയും മക്കള്‍ ഇംഗ്ലിഷ് മീഡിയം സ്കൂളുകളിലാണു പഠിക്കുന്നത്. യഥാര്‍ത്ഥത്തില്‍, പാവപ്പെട്ട കര്‍ഷകരുടെയും തൊഴിലാളികളുടെയും കുട്ടികള്‍ ഇംഗ്ലിഷ് പഠിക്കാനും വലിയ സ്വപ്നം കാണാനും വയലുകളില്‍നിന്നു പുറത്തുകടക്കാനും അവര്‍ ആഗ്രഹിക്കുന്നില്ല,” ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാജസ്ഥാനിലെ ആല്‍വാറില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ പറഞ്ഞു.
രാജസ്ഥാനില്‍ ആയിരത്തി അഞ്ഞൂറിലധികം ഇംഗ്ലിഷ് മീഡിയം സ്കൂളുകള്‍ തുറന്നതിനെ അദ്ദേഹം അഭിനന്ദിച്ചു.”നിങ്ങള്‍ക്ക് ലോകമെമ്പാടുമുള്ള ആളുകളോട് സംസാരിക്കണമെങ്കില്‍ ഹിന്ദി മതിയാകില്ല, ഇംഗ്ലിഷ് വേണം. പാവപ്പെട്ട കര്‍ഷകരുടെയും തൊഴിലാളികളുടെയും കുട്ടികള്‍ അമേരിക്കക്കാരുമായി ഭാഷ ഉപയോഗിച്ച് മത്സരിച്ച് ജയിക്കണമെന്നം. രാജസ്ഥാനില്‍ 1700 ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ തുറന്നതില്‍ സന്തോഷമുണ്ട്,” രാഹുല്‍ പറഞ്ഞു.
രാജ്യത്തുടനീളമുള്ള സ്കൂള്‍ പാഠ്യപദ്ധതികളില്‍ മാതൃഭാഷകളും ഇന്ത്യന്‍ ഭാഷകളും ഉപയോഗിക്കുന്നതു പ്രോത്സാഹിപ്പിക്കുന്നതില്‍ ബി ജെ പിക്കെതിരെ വലിയ വിമര്‍ശമാണു പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയിരിക്കുന്നത്. അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ അവരുടെ മാതൃഭാഷയിലോ പ്രാദേശിക ഭാഷയിലോ പഠിപ്പിക്കണമെന്നാണു 2020-ല്‍ കേന്ദ്ര മന്ത്രിസഭ പ്രഖ്യാപിച്ച, രാജ്യത്തെ വിദ്യാഭ്യാസ വികസനത്തിനു മാര്‍ഗനിര്‍ദേശം നല്കുന്ന സമഗ്ര ചട്ടക്കൂടായ ദേശീയ വിദ്യാഭ്യാസ നയം (എന്‍ ഇ പി) പറയുന്നത്. രാജ്യത്തുടനീളം പല സര്‍ക്കാര്‍ സ്കൂളുകളും മാതൃഭാഷകളോ പ്രാദേശിക ഭാഷകളോ പഠനമാധ്യമമായി ഉപയോഗിക്കുന്നുണ്ടെങ്കിലും സ്വകാര്യ സ്കൂളുകള്‍ ഇതുവരെ നയം പിന്തുടര്ന്നിട്ടില്ല.
കൂടാതെ, ദേശീയ മാര്‍ച്ചിനെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റ്, ഭാരത് ജോഡോ യാത്ര നിഷേധാത്മക രാഷ്ട്രീയത്തിലല്ല, മറിച്ച് തൊഴിലില്ലായ്മ, വിലക്കയറ്റം, സമൂഹത്തില്‍ സൃഷ്ടിക്കുന്ന ഭിന്നത തുടങ്ങിയ ജനങ്ങളുടെ പ്രധാന പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതാണെന്ന് അവകാശപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും സാന്നിധ്യത്തില്‍ നടന്നുകൊണ്ടിരിക്കുന്ന യാത്രയ്ക്കിടെ ഇവിടെ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട്, യാത്ര രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധ ആകര്‍ഷിച്ചതായി മുന്‍ രാജസ്ഥാന് ഉപമുഖ്യമന്ത്രി പറഞ്ഞു. ‘രാജസ്ഥാനിലെ യാത്ര എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തു,’ അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വെള്ളിയാഴ്ച നൂറു ദിവസം പിന്നിട്ടിരിക്കുകയാണ്. സെപ്റ്റംബര്‍ ഏഴിനു തമിഴ്നാട്ടിലെ കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച യാത്ര 3,570 കിലോമീറ്റര്‍ താണ്ടി ജമ്മു കശ്മീരിലാണ് അവസാനിക്കുന്നത്.