പടിഞ്ഞാറൻ ഉത്തർ പ്രദേശിൽ ബിജെപി സ്ഥാനാർത്ഥികളുടെ വാഹനവ്യൂഹങ്ങൾക്ക് നേർക്ക് കരിങ്കൊടി കാണിക്കുകയോ ചളി വാരി എറിയുകയോ ചെയ്ത പത്തിലധികം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 10, 14 തീയതികളിൽ ആദ്യ രണ്ട് ഘട്ടങ്ങളിലായാണ് പശ്ചിമ യുപിയിൽ വോട്ടെടുപ്പ്. ബിജെപി സ്ഥാനാർത്ഥികൾക്ക് നേർക്കുണ്ടായ സംഭവങ്ങളിൽ പൊലീസ് കേസുകളും രജിസ്ട്രർ ചെയ്തു.
ജനുവരി 24 ന് വൈകിട്ട് ചൂർ ഗ്രാമത്തിൽ ബിജെപിയുടെ സിവാൽഖാസ് സ്ഥാനാർത്ഥി മനീന്ദർപാൽ സിംഗ് ആക്രമിക്കപ്പെട്ട സംഭവത്തിൽ തിരിച്ചറിയുന്ന 20 പേർക്കെതിരെയും അജ്ഞാതരായ 65 പേർക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിങ് പരാതി നൽകിയില്ലെങ്കിലും വ്യാഴാഴ്ച പോലീസ് സ്വന്തം നിലയിൽ എഫ്ഐആർ ഫയൽ ചെയ്തു.
“എന്നെ പിന്തുടരുന്ന ഏഴ് കാറുകൾക്ക് കല്ലേറിൽ കേടുപാടുകൾ സംഭവിച്ചെങ്കിലും ഞാൻ പരാതി നൽകിയിട്ടില്ല.ഇവർ ഞങ്ങളുടെ സ്വന്തം ആളുകളാണ്, ഞാൻ അവരോട് ക്ഷമിക്കുന്നു. പക്ഷേ ജനാധിപത്യത്തിൽ വോട്ട് തേടുന്നവർക്ക് നേർക്ക് ഇത്തരം സംഭവങ്ങൾ ഉണ്ടാകരുത്,” സിങ് ദി സൺഡേ എക്സ്പ്രസിനോട് പറഞ്ഞു.
കല്ലെറിഞ്ഞവർ രാഷ്ട്രീയ ലോക്ദളിന്റെ (ആർഎൽഡി) പതാകകൾ വഹിച്ചവരാണെന്നും അവരെ തിരിച്ചറിഞ്ഞു വരികയാണെന്നും പൊലീസ് എഫ്ഐആറിൽ പറയുന്നു. “ലഭ്യമായ വീഡിയോ ദൃശ്യങ്ങളിലൂടെ ഞങ്ങൾ അവരെ തിരിച്ചറിയുന്നുണ്ട്, നടപടിയെടുക്കും,” സർധന പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ലക്ഷ്മൺ വർമ പറഞ്ഞു.
2017ലെ തെരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ യുപിയിൽ ബിജെപി തൂത്തുവാരിയിരുന്നു. എന്നാൽ ഇത്തവണ മോദി സർക്കാർ പാസാക്കിയ കർഷക നിയമങ്ങൾക്കെതിരായ, ഒരു വർഷത്തോളം നീണ്ട പ്രതിഷേധങ്ങൾക്ക് ശേഷം സ്ഥിതി മാറി. ഇത്തവണ കടുത്ത പോരാട്ടമാണ് പ്രദേശത്ത് ബിജെപി നേരിടുന്നത്.
സമാജ്വാദി പാർട്ടിയും ആർഎൽഡിയും ചേർന്ന് രൂപീകരിച്ച സഖ്യത്തിന് യഥാക്രമം യാദവ, മുസ്ലിം, ജാട്ട് എന്നിങ്ങനെയുള്ള തങ്ങളുടെ വോട്ട് അടിത്തറകൾ ഒരുമിച്ച് കൊണ്ടുവരാൻ കഴിയും. അത് ബിജെപി വോട്ടുകളെ വിഭജിക്കും. 2013-ലെ മുസാഫർനഗർ കലാപം മുസ്ലീങ്ങളെയും ജാട്ടുകളെയും പരസ്പരം അകറ്റിനിർത്തിയിരുന്നു. ഇത് 2017-ലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് നേട്ടത്ത സ്വാധീനിച്ചിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം, മുസാഫർനഗറിലെ ഖത്തൗലിയിൽ നിന്നുള്ള സിറ്റിംഗ് എംഎൽഎയും മത്സരാർത്ഥിയുമായ വിക്രം സൈനിയെ അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ഭൈൻസി ഗ്രാമത്തിൽ ഒരു കൂട്ടം കർഷകർ ബി ജെ പി വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തി ഘരാവോ ചെയ്തിരുന്നു.” അഞ്ച് വർഷത്തിന് ശേഷം നിങ്ങൾ വന്നിരിക്കുന്നു,” എന്ന് പ്രതിഷേധക്കാർ സ്ഥാനാർത്ഥിക്ക് നേർക്ക് ആക്രോശിക്കുകയും ചെയ്തിരുന്നു.
കർഷക പ്രക്ഷോഭ കാലത്ത് ഡൽഹിയുടെ അതിർത്തിയിലെ സിംഘുവിൽ സമരം ചെയ്യുന്ന കർഷകരെ “ഭീകരവാദികൾ” എന്നും “ഖലിസ്ഥാനികൾ” എന്നുമാണ് സൈനി വിളിച്ചത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇതേ മണ്ഡലത്തിലെ മുന്നാവർ കാലാനിലും സമാനമായ പ്രതിഷേധം സൈനി നേരിട്ടിരുന്നു. “പുതിയതായി ഒന്നുമില്ല. പ്രചാരണത്തിനിടെ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ട്,” എന്നായിരുന്നു സൈനി അതിനെക്കുറിച്ച് പറഞ്ഞത്.
ബാഗ്പത്തിലെ ചപ്രൗലിയിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി സഹേന്ദ്ര റമാലക്ക് നേർക്ക് വെള്ളിയാഴ്ച ദാഹ ഗ്രാമത്തിൽ കരിങ്കൊടി കാണിക്കുകയും പിന്നീട് അതേ ദിവസം നിരുപദ ഗ്രാമത്തിൽ പ്രവേശിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്തു.
Also Read: ഇന്ത്യ ഇസ്രായേലിൽനിന്ന് പെഗാസസ് ചാര സോഫ്റ്റ്വെയർ വാങ്ങിയതായി ന്യൂയോര്ക്ക് ടൈംസ്
ബുധനാഴ്ച ബിജ്നോറിലെ തഹാർപൂർ ഗ്രാമത്തിൽ സംസാരിച്ച ബികെയു വക്താവ് രാകേഷ് ടിക്കായത്ത്, ജനങ്ങളുടെ രോഷം ശരിയാണെന്ന് പറഞ്ഞു. കർഷകരുടെ പരാതികൾ അവഗണിച്ചാൽ സർക്കാർ പ്രതിനിധികൾക്ക് കർഷകരുടെ പ്രതിഷേധം നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ബികെയു ഏത് പക്ഷത്തേക്ക് ചെല്ലുമെന്ന് എല്ലാവരും കാത്തിരിക്കുന്നതിനിടെ, പാർട്ടി ആരെയും പിന്തുണയ്ക്കുന്നില്ലെന്ന് ടിക്കായത്ത് ആവർത്തിച്ചു.
അതേസമയം പാർട്ടിക്കെതിരായ പ്രതിഷേധത്തിന് പിന്നിൽ പ്രതിപക്ഷമാണെന്ന് പടിഞ്ഞാറൻ യുപി ബിജെപി വൈസ് പ്രസിഡന്റ് മനോജ് പോസ്വാൾ പറഞ്ഞു. “അക്രമികളിൽ ഭൂരിഭാഗവും ആർഎൽഡിയുടെയോ പ്രതിപക്ഷ പാർട്ടികളുടെയോ പതാകകൾ വഹിച്ചവരാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പു പോരാട്ടത്തിൽ പരാജയപ്പെടുമെന്ന അവരുടെ നിരാശയാണ് ഇത് കാണിക്കുന്നത്,” പോസ്വാൾ ആരോപിച്ചു.