ഭോപ്പാൽ: വോട്ട് അപേക്ഷിച്ചെത്തിയ ബിജെപി നേതാവിന് ഷൂ മാലയിട്ട് ജനങ്ങളുടെ സ്വീകരണം. മധ്യപ്രദേശിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മൽസരിക്കുന്ന ബിജെപി സ്ഥാനാര്‍ഥിക്കാണ് ഷൂ മാലയിട്ട് സ്വീകരണം നൽകിയത്. ധാര്‍ ജില്ലയിലെ ധംനോദിലെ ബിജെപി സ്ഥാനാര്‍ഥിയായ ദിനേശ് ശര്‍മയെയാണ് വോട്ട് ചോദിച്ച് ചെന്നപ്പോള്‍ ഒരു സമ്മതിദായകന്‍ ഷൂ കൊണ്ടുള്ള മാലയിട്ട് സ്വീകരിച്ചത്.

പ്രദേശത്തെ രൂക്ഷമായ ജലക്ഷാമം നേരിടാനുള്ള നടപടികള്‍ ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്തരമൊരു നടപടി. ജലക്ഷാമം ചൂണ്ടിക്കാട്ടുക മാത്രമായിരുന്നു തന്‍റെ ലക്ഷ്യമെന്ന് ശര്‍മയെ ഷൂ മാല അണിയിച്ച വ്യക്തി പറഞ്ഞു. പ്രദേശത്തെ വനിതകള്‍ ചെയര്‍പേഴ്സനെ കണ്ട് പരാതി പറഞ്ഞപ്പോള്‍ അവര്‍ക്കെതിരെ കേസെടുക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ പ്രദേശവാസികള്‍ക്ക് താന്‍ ഒരു മകനെ പോലെയാണെന്നും എന്തെങ്കിലും പ്രതിഷേധത്തിന്‍റെ ഭാഗമായാണ് തന്നെ ഷൂ മാല അണിയിച്ചതെങ്കില്‍ കൂടിക്കാഴ്ചയിലൂടെ പ്രശ്ന പരിഹാരം ഉണ്ടാക്കുമെന്നും ദിനേശ് ശര്‍മ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ