അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപി നടത്തിയ ബൈക്ക് റാലി ജനങ്ങള്‍ അലങ്കോലമാക്കി. സൂറത്തിലെ ഹീ രാ ബസാറിലാണ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപി റാലി നടത്തിയത്. എന്നാല്‍ ബസാറില്‍ റോഡിന് ഇരുവശത്തും കാഴ്ചക്കാരായി നിന്ന ജനങ്ങള്‍ ബിജെപി പ്രവര്‍ത്തകരുടെ തൊപ്പികളും ഷാളുകളും കൊടികളും തട്ടിപ്പറിച്ച് ദൂരേക്കെറിഞ്ഞു.

ബിജെപി പ്രവര്‍ത്തകര്‍ക്ക് യാതൊരു തരത്തിലും പ്രതികരിക്കാനുമായില്ല. ദലിത് നേതാവ് ജിഗ്നേഷ് മേവാനി ട്വീറ്റ് ചെയ്ത വിഡിയോ വൈറലായി മാറി. പട്ടേല്‍ സമുദായക്കാരാണ് ബിജെപി പ്രവര്‍ത്തകരെ ഇത്തരത്തില്‍ കൈകാര്യം ചെയ്തതെന്നാണ് പ്രചരണം.

രണ്ടു ദശകത്തിനിടെ ഗുജറാത്ത് സംസ്ഥാനം കണ്ട ഏറ്റവും ശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്നലെ കൊടിയിറങ്ങിത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒന്നാം ഘട്ട പ്രചാരണം അവസാനിച്ചു. വോട്ടെടുപ്പ് നാളെ നടക്കും.

ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയം ആധിപത്യം പുലര്‍ത്തിയിരുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. വിഭാഗീയത വളര്‍ത്തി ഹിന്ദു വോട്ടുകള്‍ ഒന്നിച്ചുനിര്‍ത്തുക എന്നതായിരുന്നു ഇത്തവണയും ബിജെപിയുടെ ലക്ഷ്യം. രോഹിങ്ക്യന്‍ വിഷയം, രാഹുല്‍ ഗാന്ധിക്കെതിരായ മോദിയുടെ ഔറംഗസേബ് പ്രയോഗം, രാഹുലിന്റെ മതം, ക്ഷേത്രദര്‍ശനം എന്നിവ വിവാദമാക്കല്‍, മുഖ്യമന്ത്രി വിജയ് രൂപാനിയുടെ ലത്തീഫ് രാജ് പ്രയോഗം എന്നിവയെല്ലാം രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ക്ഷേത്രദര്‍ശനം അടക്കമുള്ളവയിലൂടെ മൃദുഹിന്ദുത്വം പയറ്റിയാണ് കോണ്‍ഗ്രസ് ഇതിനെ മറികടക്കാന്‍ ശ്രമിക്കുന്നത്. 2002 ലെ ഗുജറാത്ത് കലാപം കോണ്‍ഗ്രസ് നേതാക്കള്‍ ഒരിക്കല്‍പോലും പ്രചാരണത്തില്‍ പരാമര്‍ശിച്ചിട്ടുമില്ല. 22 വര്‍ഷത്തെ ബിജെപി ഭരണത്തിന് അറുതിവരുത്താമെന്ന തികഞ്ഞ പ്രതീക്ഷയിലാണ് ഇത്തവണ കോണ്‍ഗ്രസ്.

സമുദായ നേതാക്കളായ ഹാര്‍ദിക് പട്ടേല്‍, അല്‍പേഷ് താക്കോര്‍, ജിഗ്നേഷ് മേവാനി തുടങ്ങിയവരെ ഒപ്പം നിര്‍ത്താനായതിലൂടെയാണ് ജാതിരാഷ്ട്രീയം പ്രധാനപങ്ക് വഹിക്കുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസിന് കളംപിടിക്കാനാത്. ആദിവാസി നേതാവായ ഛോട്ടുഭായി വാസവയും കോണ്‍ഗ്രസിനോട് അടുപ്പം കാണിക്കുന്നുണ്ട്.

ആകെ 182 അംഗങ്ങളുള്ള ഗുജറാത്ത് നിയമസഭയിലെ 89 സീറ്റിലേയ്ക്കാണ് ശനിയാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് ഉള്‍പ്പെടുന്ന മേഖലകളാണ് ആദ്യ ഘട്ട വോട്ടെടുപ്പ്. ആദ്യ ഘട്ടത്തില്‍ 977 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയും ആദ്യ ഘട്ട സ്ഥാനാര്‍ഥികളില്‍ ഉള്‍പെടുന്നു. സൗരാഷ്ട്ര, കച്ച് പ്രദേശങ്ങളിലെ 58 സീറ്റില്‍ 2012 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 35 സീറ്റും കോണ്‍ഗ്രസ്സിന് 20 സീറ്റും ലഭിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമാണ് ഇരുപാര്‍ട്ടികളുടെയും പ്രചാരണം നയിച്ചത്. നരേന്ദ്ര മോദി സംസ്ഥാനത്ത് 14 റാലികളെ അഭിസംബോധന ചെയ്തു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ സംസ്ഥാനത്ത് ദിവസങ്ങളോളം ചെലവിട്ട് പ്രചാരണത്തിന് നേതൃത്വം നല്‍കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook