അഹമ്മദാബാദ്: തിരഞ്ഞെടുപ്പിന് ഒരുദിവസം മാത്രം ബാക്കി നില്‍ക്കെ ഗുജറാത്തില്‍ പ്രകടന പത്രികയില്ലാതെ അംഗത്തിനൊരുങ്ങുന്ന ബിജെപിക്കു നേരെ രൂക്ഷ വിമര്‍ശനവുമായി പട്ടിദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍. തിരഞ്ഞെടുപ്പിന് വേണ്ടി ലൈംഗിക സിഡികള്‍ നിര്‍മ്മിക്കുന്ന തിരക്കിലായിരുന്നതിനാല്‍ ബിജെപി പ്രകടന പത്രികയുണ്ടാക്കാന്‍ മറന്നു പോയെന്ന് ഹാര്‍ദിക് പട്ടേല്‍ പരിഹസിച്ചു.

ഹിന്ദിയിലായിരുന്നു ഹാര്‍ദിക് പട്ടേലിന്റെ ട്വീറ്റ്. ഹാര്‍ദിക് പട്ടേലുമായി സാമ്യമുള്ളയാള്‍ ഉള്‍പ്പെട്ട ലൈംഗിക സിഡി പുറത്തിറങ്ങിയ സംഭവത്തെ സൂചിപ്പിച്ചാണ് പട്ടേലിന്റെ പരിഹാസം. ഇതിന് പിന്നില്‍ ബിജെപി ആണെന്നായിരുന്നു അവരുടെ ആരോപണം.

പ്രകടനപത്രികയില്ലാതെ തിരഞ്ഞൈടുപ്പിനൊരുങ്ങുന്ന ബിജെപിക്കെതിരെ വിമര്‍ശനവുമായി നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. തങ്ങളുടെ പ്രവൃത്തിയിലൂടെ ഗുജറാത്തിലെ ജനങ്ങളെ അവഹേളിക്കുകയാണ് ബിജെപി എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. പ്രകടന പത്രികയില്ലാതെയാണ് ആദ്യ ഘട്ടത്തിന്റെ പ്രചാരണം സമാപിച്ചത്. ഗുജറാത്തിന് വേണ്ടി ദര്‍ശനങ്ങളോ ആശയങ്ങളോ അവര്‍ പ്രചരിപ്പിച്ചില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

എന്നാല്‍ പതിവു രീതിയിലുള്ള പ്രകടനപത്രികയില്‍ നിന്നും വ്യത്യസ്തമായി ബിജെപി നേരത്തേ തിരഞ്ഞെടുപ്പ് ‘ദര്‍ശന രേഖ’ പുറത്തിറക്കിയിരുന്നു. അടുത്ത അഞ്ചു വര്‍ഷം പാര്‍ട്ടി ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ അക്കമിട്ട് നിരത്തുന്ന പ്രകടനപത്രികയില്‍ നിന്നും സാങ്കേതികമായി അതിനുള്ള വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് എതിര്‍കക്ഷികള്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ