ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒഡീഷയുടെ റിമോട്ട് കണ്ട്രോള്‍ കാവല്‍ക്കാരന്റെ കൈയ്യിലാണെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. കാവല്‍ക്കാരന്‍ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ നവീണ്‍ പട്‌നായിക് അതനുസരിക്കുമെന്നും രാഹുല്‍ പറഞ്ഞു.

മോദിയുടെ മറ്റൊരു പതിപ്പാണ് നവീന്‍ പട്‌നായിക്കെന്നും ഡല്‍ഹിയില്‍ മോദിയേയും ഒഡീഷയില്‍ മോദിയുടെ മറ്റൊരു പതിപ്പിനേയും നേരിടുകയാണ് തങ്ങളെന്നും രാഹുല്‍ പറഞ്ഞു. ബിജെപിയുടേയും ബിജെഡിയുടേയും ഒരേ മോഡലാണെന്നും രാഹുല്‍ പറഞ്ഞു. വ്യവസായികളാണ് മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ശബ്ദത്തിന് പ്രാധാന്യം നല്‍കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

മോദിയും പട്‌നായിക്കും ഏതെങ്കിലും യുവാവിന് ജോലി നല്‍കിയിട്ടുണ്ടോയെന്നു ചോദിച്ച രാഹുല്‍ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ തൊഴില്‍ നല്‍കുമെന്നും സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ നികത്തുമെന്നും പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ എല്ലാ ജില്ലയിലും ഫുഡ് പ്രോസസിങ് പ്ലാന്റുകള്‍ സ്ഥാപിക്കുമെന്നും ഒഡീഷയിലെ കര്‍ഷകരുടെ കടങ്ങള്‍ 10 ദിവസത്തിനകം എഴുതിത്തള്ളുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

മോദിയെ പോലെ എപ്പോഴും കര്‍ഷകരെ കുറിച്ച് പറയുകയും എന്നാല്‍ അവര്‍ക്കായി ഒന്നും ചെയ്യാത്ത വ്യക്തിയാണ് പട്‌നായിക്കെന്നും മോദിയുടെ ജൂനിയര്‍ പാര്‍ട്ണറാണ് പട്‌നായിക്കെന്നും രാഹുല്‍ ആരോപിച്ചു. ജനങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണം ചില വ്യവസായികള്‍ക്ക് മാത്രമായി നല്‍കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപിയും ആര്‍എസ്എസും രാജ്യത്ത് വിദ്വേഷം പരത്തുകയാണെന്നും അവര്‍ എവിടെ പോയാലും വെറുപ്പാണ് പ്രചരിപ്പിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. അതേസമയം, ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും തന്റെ ജീവിതത്തിലുണ്ടായ ഏറ്റവും നല്ല കാര്യം ബിജെപിയില്‍ നിന്നും ആര്‍എസ്എസില്‍ നിന്നുമുള്ള അധിക്ഷേപമാണെന്നും രാഹുല്‍ പറഞ്ഞു. മോദി തന്നെ അധിക്ഷേപിക്കുമ്പോള്‍ അദ്ദേഹത്തെ കെട്ടിപ്പിടിക്കാനാണ് തോന്നാറെന്നും അദ്ദേഹം പറഞ്ഞു.

പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചും രാഹുല്‍ മനസ് തുറന്നു. പ്രിയങ്കയുടെ ആദ്യത്തെ ലക്ഷ്യം യു.പിയില്‍ സംഘടനയെ ശക്തിപ്പെടുത്തുകയായിരിക്കുമെന്ന് രാഹുല്‍ വ്യക്തമാക്കി. മോദിയോട് ഗീതയും സ്വാമി നിസര്‍ഗ്ഗ ദത്തയേയും വായിക്കാനും രാഹുല്‍ നിര്‍ദ്ദേശിച്ചു. പ്രിയങ്കയുടെ പ്രവേശനം വര്‍ഷങ്ങളായി ചര്‍ച്ച ചെയ്തു കൊണ്ടിരുന്ന വിഷയമാണെന്നും എന്നാല്‍ തന്റെ മക്കളെ നോക്കണമെന്ന് പറഞ്ഞ് പ്രിയങ്ക മാറി നില്‍ക്കുകയാണെന്നും രാഹുല്‍ വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ