/indian-express-malayalam/media/media_files/uploads/2023/06/BJP.jpg)
ഫയൽ ചിത്രം
ന്യൂഡൽഹി: 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റക്കെട്ടായി നേരിടാനുള്ള നീക്കത്തിലാണ് പ്രതിപക്ഷ പാർട്ടികൾ. എന്നാൽ, എൻഡിഎയ്ക്ക് പുതുജീവൻ നൽകാനുള്ള ശ്രമത്തിന്റെ ഭാഗമായി നിലവിലുള്ള സഖ്യകക്ഷികളുമായി ബന്ധം സ്ഥാപിക്കാനും പഴയ സഖ്യകക്ഷികളുമായി ചർച്ചകൾ തുടങ്ങാനുമുള്ള ശ്രമത്തിലാണ് ബിജെപി.
അടുത്തിടെ നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ വൻപരാജയവും മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളും എൻഡിഎയിൽ നിന്ന് പുറത്തുപോയ സഖ്യകക്ഷികൾക്കെതിരെയുള്ള കടുത്ത നിലപാട് ഉപേക്ഷിക്കാൻ ബിജെപിയെ പ്രേരിപ്പിച്ചതായി തോന്നുന്നു. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ശക്തമായ ഒരു സഖ്യം രൂപീകരിക്കാനാണ് പാർട്ടി വീണ്ടും ശ്രമിക്കുന്നത്.
കർണാടകയിൽ ജനതാദൾ (സെക്കുലർ), ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ തെലുങ്കുദേശം പാർട്ടി (ടിഡിപി), പഞ്ചാബിൽ ശിരോമണി അകാലിദൾ (എസ്എഡി) എന്നിവരുമായി പാർട്ടി നേതൃത്വം സഖ്യ ചർച്ചകൾ പുനരാരംഭിച്ചതായി ബിജെപി വൃത്തങ്ങൾ അറിയിച്ചു. മഹാരാഷ്ട്രയിലെ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുമായും തമിഴ്‌നാട്ടിൽ എഐഎഡിഎംകെയുമായും പാർട്ടിക്കുള്ള ബന്ധം ബിജെപി ഉന്നതർ വീണ്ടും ഉറപ്പിച്ചു. കൂടാതെ, ഉത്തർപ്രദേശ്, ബിഹാർ എന്നിവയുൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിലെ ചെറിയ സഖ്യകക്ഷികളുമായി ഉടൻ ചർച്ചകൾ നടത്തുമെന്നും വൃത്തങ്ങൾ അറിയിച്ചു.
അടുത്തിടെ ഡൽഹിയിൽ ബിജെപി മുഖ്യമന്ത്രിമാരുമായും ഉപമുഖ്യമന്ത്രിമാരുമായും നടത്തിയ കൂടിക്കാഴ്ചയിൽ, പ്രാദേശിക പാർട്ടികളുമായി ബന്ധം സ്ഥാപിച്ച് അവരെ കൂടി ഉൾക്കൊള്ളമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപിയെ ഉപദേശിച്ചതായി പറയപ്പെടുന്നു.
ടിഡിപി, ഉദ്ധവ് സേന, എസ്എഡി, ജെഡിയു തുടങ്ങിയ അതത് സംസ്ഥാനങ്ങളിൽ അതിശക്തമായ പാർട്ടികൾ എൻഡിഎയിൽ നിന്ന് പുറത്തുപോയതിലൂടെ പ്രാദേശിക പാർട്ടികളെ അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്ന പ്രതിച്ഛായ പാർട്ടിക്ക് പൊതുസമൂഹത്തിൽ നൽകിയിട്ടുണ്ടെന്ന് നിരവധി ബിജെപി നേതാക്കൾ സമ്മതിച്ചു. ആന്ധ്രാപ്രദേശിലെ വൈഎസ്ആർസിപി അല്ലെങ്കിൽ ഒഡീഷയിലെ ബിജെഡി തുടങ്ങിയ സഖ്യകക്ഷികൾ ഒരു ഔപചാരിക സഖ്യത്തിന് തയ്യാറായിരുന്നില്ല. കേന്ദ്രത്തിൽ പാർട്ടി നയിക്കുന്ന സർക്കാരിന്റെ ഭാഗമാകാനും തയ്യാറല്ലായിരുന്നു.
ഇപ്പോൾ റദ്ദാക്കിയ വിവാദ കാർഷിക നിയമങ്ങളുടെ പേരിൽ എൻഡിഎ വിട്ട എസ്എഡിയോടുള്ള അതൃപ്തി മാറ്റിവയ്ക്കാൻ ജലന്ധർ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയ ശേഷം ബിജെപി നേതൃത്വം തീരുമാനിച്ചതായി വൃത്തങ്ങൾ അറിയിച്ചു. പരമ്പരാഗത കോൺഗ്രസ് കോട്ടയായ ജലന്ധർ ലോക്‌സഭാ സീറ്റിലേക്ക് മേയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എഎപി 34.1 ശതമാനം വോട്ടുകൾ നേടിയപ്പോൾ എസ്എഡി, ബിജെപി സ്ഥാനാർത്ഥികൾക്ക് യഥാക്രമം 17.9 ശതമാനം, 15.2 ശതമാനം വോട്ടുകൾ ലഭിച്ചു.
ബിജെപിയും എസ്എഡിയും നേടിയ വോട്ടുകൾ വിജയിച്ച എഎപി സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ടിന് ഏതാണ്ട് തുല്യമായതാണ് നേതൃത്വത്തെ നിലപാട് മാറ്റാൻ പ്രേരിപ്പിച്ചത്. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ വേണ്ടിവന്നാൽ കടുത്ത നിലപാടുകൾ ഉപേക്ഷിക്കുന്ന പാർട്ടിയാണ് ബിജെപിയെന്ന് പഞ്ചാബ് ഘടകത്തിലെ സംഭവവികാസങ്ങളെക്കുറിച്ച് അറിവുള്ള ഒരു പാർട്ടി നേതാവ് പറഞ്ഞു.
കഴിഞ്ഞ വർഷം നടന്ന പഞ്ചാബ് തിരഞ്ഞെടുപ്പിൽ, 117 അംഗ സംസ്ഥാന അസംബ്ലിയിൽ മൂന്ന് സീറ്റുകൾ മാത്രമാണ് എസ്എഡിക്ക് നേടാനായത്. തിരഞ്ഞെടുപ്പിലെ ഈ വൻപരാജയത്തിനുശേഷം എൻഡിഎയിലേക്ക് മടങ്ങാൻ താൽപര്യമുണ്ടെന്ന് നേതാവ് പറഞ്ഞു. മുൻ കോൺഗ്രസ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് ലോക് കോൺഗ്രസ് ഉൾപ്പെടെയുള്ള ചെറുകക്ഷികളുമായി സഖ്യം ചേർന്നാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നിട്ടും, രണ്ട് സീറ്റുകൾ മാത്രമാണ് നേടാനായത്.
കർണാടക തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യം ചേരുന്നതിന് ജെഡി (എസ്) താൽപ്പര്യപ്പെട്ടുവെങ്കിലും, വൊക്കലിഗ-മുസ്‌ലിം പിന്തുണ നിലനിർത്താനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായി ബിജെപി അതിനു തയ്യാറായില്ലെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, തിരഞ്ഞെടുപ്പിലെ വൻതിരിച്ചടി ബിജെപിയെ നിരാശപ്പെടുത്തി. ''ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, ന്യൂനപക്ഷ വോട്ടുകൾ തിരിച്ചുപിടിക്കാമെന്നതിൽ ജെഡി(എസ്)ക്ക് വലിയ പ്രതീക്ഷയില്ലാത്തതിനാൽ ഇരു പാർട്ടികളും ഔപചാരിക സഖ്യം ഉണ്ടാക്കുന്നതിൽ അർത്ഥമുണ്ട്,'' ഒരു ബിജെപി നേതാവ് പറഞ്ഞു.
ബാലസോറിലെ ട്രെയിൻ ദുരന്തം കൈകാര്യം ചെയ്തതിന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ പ്രശംസിച്ചത് ഉൾപ്പെടെയുള്ള ജെഡി (എസ്) നേതാക്കളുടെ സമീപകാല പ്രസ്താവനകൾ സൂചിപ്പിക്കുന്നത് 2024 ലെ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും തമ്മിൽ സഖ്യമുണ്ടാകുമെന്നാണ്. സംസ്ഥാന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഉജ്ജ്വല വിജയത്തിന്റെ പശ്ചാത്തലത്തിൽ, വൊക്കലിഗ വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കാൻ ബിജെപി താൽപ്പര്യപ്പെടുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു.
ടിഡിപി അധ്യക്ഷൻ എൻ.ചന്ദ്രബാബു നായിഡുവുമായുള്ള സഖ്യ ചർച്ചകൾ പുനരാരംഭിക്കാൻ കർണാടകയിലെ തിരഞ്ഞെടുപ്പ് ഫലം ബിജെപിയെ പ്രേരിപ്പിച്ചതായി തോന്നുന്നു. നേരത്തെ നായിഡു ബിജെപിയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും, സംസ്ഥാന ഘടകത്തിന്റെ ശക്തമായ പ്രതിരോധം കാരണം ബിജെപി നേതൃത്വം വിമുഖത കാണിച്ചു. കഴിഞ്ഞയാഴ്ച, ബിജെപിയുടെ ഉന്നത നേതാക്കളായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ എന്നിവരുമായി നായിഡു കൂടിക്കാഴ്ച നടത്തി. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഒരുമിച്ച് പ്രവർത്തിക്കാൻ ഇരുപക്ഷവും സമ്മതിച്ചു.
ഈ വർഷാവസാനം നിർണായകമായ നിരവധി സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ, ഈ സംസ്ഥാനങ്ങളിലെ കോൺഗ്രസ് വിജയത്തെ തടയുന്നതിലാണ് ബിജെപിയുടെ ഇപ്പോഴത്തെ ശ്രദ്ധ.
ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള നിലവിലെ വൈഎസ്ആർസിപി സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കി ആന്ധ്രാപ്രദേശിൽ വീണ്ടും അധികാരത്തിലെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ബിജെപിയുമായി സഖ്യമുണ്ടാക്കാൻ നായിഡു ആഗ്രഹിക്കുന്നുണ്ട്. അതേസമയം, തെലങ്കാനയിൽ ഏറ്റവും ശക്തമായ ബദൽ ശക്തിയെന്ന സ്ഥാനം ഉറപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഈ രണ്ട് സംസ്ഥാനങ്ങളിലും കോൺഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് ഒതുക്കുകയോ ഒരരികിലേക്ക് തള്ളാനാണോ ആണ് ബിജെപി ആഗ്രഹിക്കുന്നത്.
മഹാരാഷ്ട്രയിൽ ഒരു ഇടവേളയ്ക്ക് ശേഷം, ഈ മാസം ആദ്യം ഷിൻഡെയുടെ സേനയുമായി പുതിയ അനുരഞ്ജന ചർച്ചകൾ തുടങ്ങാൻ ബിജെപി നേതൃത്വം ശ്രമിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു. മുഖ്യമന്ത്രി ഷിൻഡെയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിൽ രണ്ട് സഖ്യകക്ഷികളും അധികാരം പങ്കിടുന്നു. പാർലമെന്റിൽ ബിജെപിക്ക് പിന്തുണ നൽകിയ എംപിമാർക്ക് കേന്ദ്രമന്ത്രിസഭയിൽ സ്ഥാനം നൽകണമെന്ന് പാർട്ടി ആവശ്യപ്പെടുന്നു. ചില സഖ്യ കക്ഷികൾക്കും പുതിയ മുഖങ്ങൾക്കും ഇടം നൽകുന്നതിനായി കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണി നടത്താനുള്ള നീക്കങ്ങൾ സർക്കാരിൽ നടക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം ഷിൻഡെ ഈ ആഴ്ച ആദ്യം ഡൽഹിയിലെത്തി ഷായെ കണ്ടിരുന്നു. സംസ്ഥാനത്ത് ഭാവിയിലെ എല്ലാ തിരഞ്ഞെടുപ്പുകളിലും രണ്ട് സഖ്യകക്ഷികളും ഒരുമിച്ച് നേരിടുമെന്ന് മുഖ്യമന്ത്രി ചർച്ചകൾക്കുശേഷം അറിയിച്ചു. ''ഭാവിയിലെ എല്ലാ തിരഞ്ഞെടുപ്പുകളും (ലോക്‌സഭാ, നിയമസഭ, സിവിക് ബോഡികൾ ഉൾപ്പെടെ) ശിവസേനയും ബിജെപിയും ഒരുമിച്ച് മത്സരിക്കുമെന്ന് തീരുമാനിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിച്ച് വൻഭൂരിപക്ഷത്തോടെ വിജയിക്കും,'' അദ്ദേഹം ട്വീറ്റ് ചെയ്തു.
യുപിയിലെയും ബിഹാറിലെയും മറ്റ് ചെറിയ പാർട്ടികളുമായുള്ള പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനൊപ്പം, യുപിയിൽ അപ്നാ ദളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ബിജെപി ശ്രമങ്ങൾ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.