ന്യൂഡൽഹി: രാജ്യസഭയിൽ ബിജെപിക്ക് അംഗബലം കൂടി. അതേസമയം ഭൂരിപക്ഷത്തിനുളള കാത്തിരിപ്പ് ഇനിയും നീളുമെന്നാണ് വിവരം. ആകെ 59 സീറ്റിലേക്ക് നടന്ന മൽസരത്തിൽ 28 സീറ്റിലാണ് ബിജെപി വിജയിച്ചത്. 17 ബിജെപി അംഗങ്ങളുടെ കാലാവധി അവസാനിച്ച ശേഷം നടന്ന മൽസരത്തിൽ 11 അധിക സീറ്റുകൾ നേടാനായത് ബിജെപിയുടെ നേട്ടമായി.

33 അംഗങ്ങൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിൽ 16 പേരായിരുന്നു ബിജെപി അംഗങ്ങൾ. തിരഞ്ഞെടുപ്പ് നടന്ന 12 സീറ്റുകളിൽ കൂടി വിജയിക്കാനായതാണ് ബിജെപിക്ക് നേട്ടമായത്. യുപിയിൽ ബിഎസ്‌പി-എസ്‌പി-കോൺഗ്രസ് കൂട്ടുകെട്ടിനെ പരാജയപ്പെടുത്താനായതാണ് ബിജെപിയ്ക്ക് നേട്ടമായത്. ഇതടക്കം യുപിയിൽ 9 രാജ്യസഭ അംഗങ്ങളാണ് ഇപ്പോൾ ബിജെപിക്കുളളത്.

ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ വി.മുരളീധരൻ, അരുൺ ജെയ്റ്റ്‌ലി, രാജീവ് ചന്ദ്രശേഖർ, കോൺഗ്രസ് വക്താവ് നരസിംഹ റാവു, അഭിഷേഖ് മനു സിങ്‌വി എന്നിവർ വിജയിച്ചു.

245 അംഗ രാജ്യസഭയിൽ 126 ആണ് കേവലഭൂരിപക്ഷത്തിനായി വേണ്ടത്. നേരത്തേ 58 അംഗങ്ങളായിരുന്നു ബിജെപിക്ക് ഇവിടെ ഉണ്ടായിരുന്നത്. സഖ്യകക്ഷികളുടേതടക്കം എൻഡിഎക്ക് 75 സീറ്റുകളാണ് ഉണ്ടായിരുന്നത്. ഇത് 86 ആയി ഉയർന്നു. പ്രതിപക്ഷത്ത്, എസ്‌പിക്ക് അഞ്ച് സീറ്റുകൾ നഷ്ടപ്പെട്ടപ്പോൾ കോൺഗ്രസിനും നഷ്ടമുണ്ടായി.

ഇനിയും 41 രാജ്യസഭ അംഗങ്ങളെ കൂടി നേടിയാലേ രാജ്യസഭയിൽ ബിജെപിക്കും എൻഡിഎയ്ക്കും രാജ്യസഭയിൽ അംഗത്വം ലഭിക്കൂ. അതേസമയം രാജ്യസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭ പുനഃസംഘടന ഉണ്ടായേക്കുമോയെന്ന് വ്യക്തമല്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ