ന്യൂഡല്‍ഹി: ക​ർ​ണാ​ട​ക​യി​ല്‍ സര്‍ക്കാര്‍ രൂപീകരണത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്ക് പരിഹാരം നിര്‍ദേശിച്ച് സുപ്രീം കോടതി. ശനിയാഴ്‌ച വൈകുന്നേരം 4 മണിക്ക് സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താനാണ് കോടതി ഉത്തരവിട്ടത്. ബി.​എ​സ്.​യെ​ഡി​യൂ​ര​പ്പ സ​ർ​ക്കാ​രി​നെ​തി​രെ കോ​ൺ​ഗ്ര​സും ജെ​ഡി​എ​സും സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാണ് സു​പ്രീം ​കോ​ട​തി നടപടി. എന്നാല്‍ നാളെ വോട്ടെടുപ്പ് നടത്താന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് ബിജെപിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ മുകുള്‍ റോഹ്ത്തഗി കോടതിയെ അറിയിച്ചത്.

ജെഡിഎസ് എംഎല്‍എമാര്‍ തടങ്കലിലാണെന്നും ഇവര്‍ക്ക് പുറത്തുവരാന്‍ സമയം നല്‍കണം എന്നുമാണ് റോഹ്ത്തഗി പറഞ്ഞത്. അതുകൊണ്ട് വോട്ടെടുപ്പ് തിങ്കളാഴ്‌ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വാദത്തില്‍ അദ്ദേഹം ഉറച്ചു നിന്നെങ്കിലും കുതിരക്കച്ചവടത്തിന് ലക്ഷ്യമിട്ടാണ് വോട്ടെടുപ്പിന് ബിജെപി കൂടുതല്‍ സമയം ആവശ്യപ്പെടുന്നതെന്ന് കോണ്‍ഗ്രസ് വാദിച്ചു. എന്നാല്‍ കൂടുതല്‍ സമയം തരാനാവില്ലെന്നും ശനിയാഴ്‌ച സഭയില്‍ ബിജെപി ഭൂരിപക്ഷം തെളിയിക്കണമെന്നും കോടതി അറിയിച്ചു. നാളെ ഒരു ദിവസം കൊണ്ട് ഭൂരിപക്ഷം തെളിയിക്കാനാണ് കോടതി നിര്‍ദേശിച്ചത്.

കൂടാതെ മ​ന്ത്രി​സ​ഭ ഉ​ണ്ടാ​ക്കാ​ൻ അ​വ​കാ​ശ​മു​ന്ന​യി​ച്ചു ഗ​വ​ർ​ണ​ർ​ക്ക് യെഡി​യൂ​ര​പ്പ നൽകി​യ ക​ത്തു​ക​ൾ ​കോ​ട​തി പ​രി​ശോ​ധിച്ചു. എന്നാല്‍ ബിജെപി കോടതിയില്‍ നല്‍കിയ രണ്ട് കത്തുകളില്‍ പിന്തുണ ഉളള എംഎല്‍എമാരുടെ പേരുകളില്ല. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാം എന്നാണ് റോഹ്ത്ത​ഗി കോടതിയെ അറിയിച്ചത്. എംഎല്‍എമാരുടെ പട്ടിക കോടതിയെ കാണിക്കേണ്ടതില്ലെന്നും റോഹ്ത്തഗി പറഞ്ഞു. എന്നാല്‍ ഇതിനെതിരെ സുപ്രീം കോടതി വിമര്‍ശനം ഉന്നയിച്ചു. കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം ഹാജരാക്കിയ രേഖയില്‍ വ്യക്തമായ ഭൂരിപക്ഷമുണ്ടെന്നും പിന്തുണയുളള എംഎല്‍എമാരുടെ പേരുകള്‍ ഉണ്ടെന്നും ജസ്റ്റിസ് എ.കെ.സിക്രി അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇതില്‍ പല എംഎല്‍എമാരുടേയും ഒപ്പ് വ്യാജമാണെന്നാണ് ബിജെപിയുടെ വാദം. കത്തില്‍ എംഎല്‍എമാരുടെ ഒപ്പില്ല എന്നാണ് കര്‍ണാടക ഗവര്‍ണര്‍ക്കായി ഹാജരായ തുഷാര്‍ മെഹ്ത അറിയിച്ചു. രഹസ്യ വോട്ടടുപ്പ് നടത്തട്ടേയെന്ന ആവശ്യമാണ് ബിജെപി കോടതിയില്‍ മുന്നോട്ട് വച്ചത്. എന്നാല്‍ ഇതും കോടതി തളളിക്കളഞ്ഞു. എംഎല്‍എമാര്‍ക്ക് ഭയം കൂടാതെ വോട്ട് ചെയ്യാനുളള അവസരം ഒരുക്കണമെന്ന് കോൺഗ്രസ് കോടതിയോട് ആവശ്യപ്പെട്ടു. കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും വോട്ടെടുപ്പ് നടക്കുക. എംഎല്‍എമാര്‍ക്ക് ഡിജിപി സുരക്ഷയൊരുക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ