പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തില്‍ 2024 ലോക്സഭ തിരഞ്ഞെടുപ്പില്‍ നാനൂറിലധികം സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. 2019-ല്‍ 303 സീറ്റുകളായിരുന്നു ബിജെപിക്ക് ലഭിച്ചത്. ആകെ 545 സീറ്റുകളിലേക്കാണ് ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്നത്.
തിരഞ്ഞെടുപ്പിനൊരുങ്ങുന്നതിനായി മൂന്നംഗ ടീമിനെ നിയോഗിച്ചിരിക്കുകയാണ് ബിജെപി ദേശിയ അധ്യക്ഷന്‍ ജെ പി നദ്ദ. പാർട്ടി ജനറൽ സെക്രട്ടറിമാരായ സുനിൽ ബൻസാൽ, വിനോദ് താവ്‌ഡെ, തരുൺ ചുഗ് എന്നിവരാണ് ടീമിലുള്ളത്.
2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്കായുള്ള തന്ത്രങ്ങള്‍ മെനയുക എന്ന ഉത്തരവാദിത്തമാണ് മൂന്നംഗ ടീമിനുള്ളത്. 2019-ല്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങൾ പരിശോധിച്ച് അതത് സംസ്ഥാന യൂണിറ്റുകളുമായി ഏകോപിപ്പിച്ച് സ്ഥാനാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുക എന്നതാണ് ജോലി. ഇതിന് പുറമെ പൊതുജന സമ്പര്‍ക്ക പരിപാടികളും ഏകോപിപ്പിക്കണം.
സുനിൽ ബൻസാൽ
സംഘടനാ മികവ്, തിരഞ്ഞെടുപ്പ് കൈകാര്യം ചെയ്യാനുള്ള വൈദഗ്ധ്യം എന്നിവയാണ് മൂന്നംഗ ടീമിലേക്ക് സുനില്‍ ബന്‍സാലിനെ നിയോഗിക്കാനുള്ള പ്രധാന കാരണം. 2017, 2022 ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിലും 2019 ലോക്സഭ തിരഞ്ഞെടുപ്പിലും ബിജെപിയുടെ ഉജ്വല വിജയത്തിന് പിന്നില്‍ സുനിലിന്റെ തന്ത്രങ്ങളുണ്ടായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റിൽ, പശ്ചിമ ബംഗാൾ, ഒഡീഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ദേശീയ സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ചു, മൂന്ന് സംസ്ഥാനങ്ങളിലും പ്രതിപക്ഷമാണ് ഭരിക്കുന്നത്. 2024-ല്‍ മൂന്ന് സംസ്ഥാനങ്ങളിലും ആധിപത്യം സ്ഥാപിക്കുക എന്ന ലക്ഷ്യം പാര്‍ട്ടിക്കുണ്ട്. 2022 സെപ്തംബറിലാണ് സുനില്‍ ആദ്യമായി ബംഗാള്‍ സന്ദര്‍ശിച്ചത്.
സുനിലിന്റെ വരവോട് കൂടി പാര്‍ട്ടിക്ക് സംസ്ഥാനത്ത് നഷ്ടപ്പെട്ട ഊര്‍ജം തിരികെ ലഭിച്ചതായാണ് വിലയിരുത്തല്‍. 53-കാരനായ സുനില്‍ വിദ്യാര്‍ഥി കാലം മുതല്‍ ആര്‍എസ്എസില്‍ സജീവമാണ്. 2014 ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് അമിത് ഷാ നേരിട്ട് ഇടപെട്ടാണ് സുനിലിനെ തിരഞ്ഞെടുപ്പിന് തന്ത്രങ്ങള്‍ മെനയാന്‍ തിരഞ്ഞെടുത്തത്.
വിനോദ് താവ്‌ഡെ
മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാരിന്റെ കാലത്ത് (2014-19) ഒഴിവാക്കപ്പെട്ടതിന് ശേഷം പാര്‍ട്ടിയുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായാണ് വിനോദ് താവ്‌ഡെ തിരിച്ചുവരവ് നടത്തിയത്. തിരഞ്ഞെടുപ്പുകളില്‍ മികച്ച ഫലം കൊണ്ടുവരാന്‍ സാധിക്കുമെന്ന വിനോദിന്റെ ആത്മവിശ്വാസമാണ് മൂന്നംഗ ടീമിലേക്ക് എത്തിച്ചത്. ഇത് തന്റെ രാഷ്ട്രീയ മികവ് തെളിയിക്കാനുള്ള അവസരം കൂടിയാണ് വിനോദിന്.

ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി-ശിവസേന സഖ്യ സർക്കാരിൽ, സ്‌കൂൾ വിദ്യാഭ്യാസം, മെഡിക്കൽ, ഉന്നത സാങ്കേതിക വിദ്യാഭ്യാസം, കായികം, സംസ്‌കാരം തുടങ്ങിയ സുപ്രധാന വകുപ്പുകളാണ് താവ്‌ഡെ കൈകാര്യം ചെയ്തിരുന്നത്. എന്നാൽ 2019-ൽ മത്സരിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. അത് താവ്‌ഡെക്ക് കനത്ത തിരിച്ചടിയായിരുന്നു.
രാഷ്ട്രീയത്തില്‍ ഒന്നും സ്ഥിരമല്ലെന്ന് താവ്‌ഡെയും തെളിയിച്ചു. ദേശീയ രാഷ്ട്രീയത്തില്‍ ശോഭിക്കുക എന്ന ഉത്തരവാദിത്തം 2020-ലാണ് നദ്ദ താവ്‌ഡെയ്ക്ക് നല്‍കിയത്. ദേശിയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് 2021-ല്‍ താവ്‌ഡെ എത്തി.
തരുൺ ചുഗ്
സംഘാടക മികവിന് പേരുകെട്ട നേതാവാണ് തരുൺ ചുഗ്. എബിവിപിയിലൂടെയാണ് ബിജെപിയിലേക്ക് ത്തിയത്. തെലങ്കാന യൂണിറ്റിന്റെ ചുമതലയാണ് തരുണിനുള്ളത്. തരുണിന്റെ കീഴിൽ, ബന്ദി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ഘടകം ഭരണ കക്ഷിയായ ഭാരത് രാഷ്ട്ര സമിതിയിലെ (ബിആർഎസ്) പ്രധാനിയായ എടല രാജേന്ദറിനെ അണിനിരത്തിയാണ് പാര്‍ട്ടിയുടെ മുന്നേറ്റത്തിന് തുടക്കമിട്ടത്.

ഉപതിരഞ്ഞെടുപ്പുകളിൽ പാർട്ടി രണ്ട് സീറ്റുകള്‍ നേടുകയും ചെയ്തു. 2020 ഡിസംബറിൽ നടന്ന ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പാർട്ടി നില മെച്ചപ്പെടുത്തി. തരുണ്‍ ചുമതലയേറ്റതിനുശേഷം, തെലങ്കാന ഘടകം രാജ്യത്ത് ഏറ്റവും സജീവമായി ബിജെപി പ്രവര്‍ത്തിക്കുന്ന സംസ്ഥാനങ്ങളിലൊന്നായി മാറിയെന്നാണ് പാർട്ടി അണികള്‍ പറയുന്നത്.
മുതിര്‍ന്ന നേതാക്കന്മാരും കേന്ദ്ര മന്ത്രിമാരുമായുള്ള ഏകോപനമായിരിക്കും തരുണിന്റെ പ്രധാന ചുമതല.