ന്യൂഡൽഹി: സസ്യാഹാരം കൂടുതലായി കഴിക്കുന്ന ഇന്ത്യയിലെ ആദ്യ പത്തു സംസ്ഥാനങ്ങളില്‍ എട്ടും ഭരിക്കുന്നത് ബിജെപി ആണ്. മാംസാഹാരം കൂടുതലായി കഴിക്കുന്ന ഇന്ത്യയിലെ ആദ്യ പത്തു സംസ്ഥാനങ്ങളില്‍ എട്ടും ബിജെപി ഇതര പാര്‍ട്ടികള്‍ ആണ് ഭരിക്കുന്നത്. ഇന്ത്യന്‍ സെന്‍സസിന്‍റെ സാംപിൾ റജിസ്ട്രേഷൻ സിസ്റ്റം അടിസ്ഥാന സർവേ 2014ല്‍ നിന്നാണ് ഈ വസ്തുതകള്‍ വെളിവാകുന്നത്.

ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ബിജെപി അനുകൂല കാറ്റും, ശക്തമായി നിലനില്‍ക്കുന്ന സസ്യാഹാരവാദവും തമ്മിലുള്ള അടിയൊഴുക്കുകള്‍ ഒട്ടും യാദൃശ്ചികമല്ല എന്നു മാത്രമല്ല രണ്ടും വളരെയേറെ ബന്ധപ്പെട്ടു നില്‍ക്കുന്നതാണ് എന്നാണു ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സസ്യാഹാരവാദത്തിനു കൂടുതല്‍ അടിവേരുകളുള്ള ഉത്തര്‍ പ്രദേശ്‌, ജാർഖണ്ഡ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ചത്തീസ്ഗഡ്, മധ്യപ്രദേശ്‌ എന്നീ സംസ്ഥാനങ്ങള്‍ ബിജെപിക്കു അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഒരുക്കുന്നു എന്നതില്‍ അത്ഭുതപെടാനാകില്ല.

മാത്രമല്ല, മാംസഭോജന ശീലങ്ങള്‍ക്ക് എതിരെ നീങ്ങുന്നതും അറവുശാലകള്‍ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികളിലേക്ക് മുന്നോട്ടു പോവുകയും ചെയ്യുന്നു എന്നത് ഇന്ത്യയുടെ സവിശേഷ സാഹചര്യത്തില്‍ ഭക്ഷണവും രാഷ്ട്രീയവും എത്രത്തോളം ബന്ധപ്പെട്ടുനില്‍ക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ്. ഗുജറാത്ത്, സംസ്ഥാനത്തെ ‘സസ്യാഹാരി’ ആക്കണം എന്നു താത്പര്യപ്പെട്ടതും ഇതിനോടു കൂട്ടി വായിക്കാവുന്നതാണ്.

food graph, india, meat consumption

സെന്‍സസ് പുറത്തുവിടുന്നതായ കണക്കുകളുടെ അടിസ്ഥാനത്തില്‍, ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരും മാംസ്യഭോജികര്‍ ആണ്. രാജ്യത്തെ 71 ശതമാനം ജനങ്ങളും ഏതെങ്കിലും വിധത്തില്‍ മാംസാഹാരം കഴിക്കുന്നവരാണ്‌. ഇന്ത്യ ഭൂരിപക്ഷ സസ്യാഹാര രാജ്യമാണ് എന്ന മറുവാദത്തെ പാടേ നിരാകരിക്കുന്ന കണക്കുകള്‍ ആണിത്.

Read More : പശുവില്‍ വേവിക്കുന്ന ജാതീയത

ഏറ്റവും കൂടുതല്‍ സസ്യാഹാരികള്‍ ഉള്ള രാജസ്ഥാനില്‍ പോലും നാലില്‍ ഒന്നുപേര്‍ മാംസാഹാരം കഴിക്കുന്നവരാണ്‌. സസ്യാഹാരത്തില്‍ കൂടുതല്‍ താത്പര്യമുള്ള സംസ്ഥാനങ്ങളില്‍ പത്താം സ്ഥാനത്തായി നില്‍ക്കുന്ന ഉത്തരാഖണ്ഡ് എടുത്താല്‍ അവിടെ 73 ശതമാനം പേരും മാംസഭോജികള്‍ ആണ് എന്ന് കാണാം.

ബിജെപി ഇതര കക്ഷികള്‍ ഭരിക്കുകയും എന്നാല്‍ സസ്യാഹാരികള്‍ കൂടുതലായുള്ള പട്ടികയില്‍ ആദ്യപത്തില്‍ തന്നെ ഇടംപിടിക്കുകയും ചെയ്ത സംസ്ഥാനങ്ങള്‍ പഞ്ചാബും ഡല്‍ഹിയുമാണ്‌. ജമ്മു കശ്മീരും ഈ പട്ടികയില്‍ ഉണ്ട് എങ്കിലും ബിജെപി പിന്തുണയോടുള്ള സര്‍ക്കാരിനാണ് ഇവിടുത്തെ ഭരണം.

മാംസ്യാഹാരികള്‍ കൂടുതലായുള്ള സംസ്ഥാനങ്ങള്‍ ആയിട്ടും ബിജെപിക്കു ഭരണമുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച സംസ്ഥാനങ്ങള്‍ ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് എന്നിവയാണ്. ബഹുഭൂരിപക്ഷം ആദിവാസി ജനവിഭാഗങ്ങള്‍ വസിക്കുന്ന സംസ്ഥാനങ്ങള്‍ ആണ് ഇത് രണ്ടും.

ഇന്ത്യയിലെ സസ്യാഹാരവാദത്തെ സവര്‍ണ ജാതീയതയുടെ ചിഹ്നങ്ങളായാണ് സാമൂഹ്യ ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്.

എന്‍ഡിഎ സഖ്യകക്ഷിയായ തെലുങ്കു ദേശം പാര്‍ട്ടി ഭരിക്കുന്ന ആന്ധ്ര പ്രദേശും മാംസാഹാരം ഇഷ്ടപ്പെടുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഉയര്‍ന്ന സ്ഥാനത്തു തന്നെയുണ്ട്‌. സസ്യാഹാരവാദം അധികമായി നിലനില്‍ക്കുന്ന പട്ടികയില്‍ വടക്കുപടിഞ്ഞാറന്‍ ഇന്ത്യ ബിജെപിക്കു അനുകൂലമായ സാഹചര്യങ്ങള്‍ ഉള്ള പ്രദേശമാണ്. ഈ പ്രദേശത്ത് ഹിന്ദുത്വരാഷ്ട്രീയത്തിന് ശക്തമായ അടിയൊഴുക്കുകളും ഉണ്ട്.

ബിജെപിയില്‍ നിന്നും അകലം പ്രാപിക്കുന്ന ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളും തെന്നിന്ത്യ മുഴുവനായും കൂടുതല്‍ മാംസാഹാരികളുള്ള ആദ്യ പത്തു സംസ്ഥാനങ്ങളുടെ പട്ടികയില്‍ തന്നെയുണ്ട്.

ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ 17 എണ്ണം ഇപ്പോള്‍ ഭരിക്കുന്നത് ബിജെപിയും ബിജെപി സഖ്യകക്ഷികളും ആണ്. രാജ്യത്തെ അറുപതു ശതമാനം ജനസംഖ്യയും ബിജെപിയുടെയോ ബിജെപി സഖ്യകക്ഷികളുടെയോ ഭരണത്തിനു കീഴിലാണ്.

മാര്‍ച്ചില്‍ പുറത്തുവന്ന സംസ്ഥാനതിരഞ്ഞെടുപ്പ് ഫലത്തോടു കൂടെ, എന്‍ഡിഎക്കു കീഴിലുള്ള ജനസംഖ്യാ ശതമാനം 42.1ല്‍ നിന്നും 61.1ലേക്ക് കുതിച്ചിട്ടുണ്ട്. 2011 ലെ സെന്‍സസ് അടിസ്ഥാനപ്പെടുത്തുകയാണ് എങ്കില്‍ അത് 740.1 ദശലക്ഷം വരും. കോൺഗ്രസ് ഭരണത്തിനു കീഴിലുള്ള ജനസംഖ്യയുടെ (107.2) ഏഴിരട്ടിയാണിത്‌.

ഇന്ത്യയില്‍ ഭക്ഷണവും രാഷ്ട്രീയവും എത്രത്തോളം ബന്ധപ്പെട്ടു കിടക്കുന്നു എന്നതിന്‍റെ തെളിവാണ് ഈ വിശകലനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook