/indian-express-malayalam/media/media_files/uploads/2019/12/Assam-Protest-1.jpg)
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എതിർപ്പുമായി ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ അസം ഗണ പരിഷത്(എജിപി). പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനും പാർട്ടി തീരുമാനിച്ചു. ശനിയാഴ്ച ചേർന്ന പാർട്ടി യോഗത്തിനു ശേഷമായിരുന്നു തീരുമാനം. പാർലമെന്റിൽ ബില്ലിനെ പിന്തുണച്ചതിനു ശേഷമാണ് ആസാം ഗണ പരിഷത് (എജിപി) ഇപ്പോൾ ഭേദഗതി നിയമത്തിനെതിരായ നിലപാട് അറിയിച്ചിരിക്കുന്നത്.
“അസമിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഈ നിയമത്തിനെതിരെ ഞങ്ങൾ എസ്സിയെ സമീപിക്കും,” മുതിർന്ന എജിപി നേതാവ് രമേന്ദ്ര കലിത ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
"ഒരു പാർട്ടി പ്രതിനിധി ഉടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും സന്ദർശിച്ച് സിഎബി പുനഃപരിശോധിക്കാൻ അഭ്യർത്ഥിക്കും. പ്രമുഖ സംഘടനകളായ എഎഎസ്യു, എജെവൈസിപി എന്നിവരുമായി സംസാരിച്ചതിന് ശേഷം മാത്രമേ നിയമത്തെ കുറിച്ച് തീരുമാനമെടുക്കാവൂ എന്നും ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു,” കലിത കൂട്ടിച്ചേർത്തു.
സർബാനന്ദ സോനാവാളിന്റെ നേതൃത്വത്തിലുള്ള ബിജെപി സഖ്യ സർക്കാരിലെ പ്രധാന സഖ്യകക്ഷിയാണ് എജിപി. സംസ്ഥാന മന്ത്രിസഭയിൽ എജിപിക്ക് മൂന്ന് മന്ത്രിമാരാണുള്ളത്.
പാർലമെന്റിൽ ബില്ലിനെ എജിപി പിന്തുണച്ചെങ്കിലും പാർട്ടിക്കുള്ളിൽ കടുത്ത എതിർപ്പാണ് ഉണ്ടായത്. നിരവധി പ്രവർത്തകരും നേതാക്കളും പാർട്ടിയിൽനിന്നും രാജിവച്ചു. നേതാക്കള്‍ ജനങ്ങളുടെ വികാരങ്ങള്‍ മനസിലാക്കുന്നതില്‍ പരാജയപ്പെട്ടെന്നാണ് പ്രവര്‍ത്തകരുടെ പരാതി. ഇതോടെയാണ് എജിപി നിലപാട് മാറ്റിയത്.
അതിനിടെ ബിജെപി അസം ഘടകത്തില്‍ നിന്ന് നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടു. മുതിര്‍ന്ന ബിജെപി നേതാവും അസം പെട്രോകെമിക്കല്‍ ലിമിറ്റഡ് ചെയര്‍മാനുമായ ജഗദീഷ് ഭുയന്‍ പാര്‍ട്ടി അംഗത്വവും ബോര്‍ഡ് സ്ഥാനവും രാജിവച്ചു. ‘പൗരത്വനിയമം അസം ജനതയ്ക്കെതിരാണ്. അതുകൊണ്ട് ഞാന്‍ രാജിവയ്ക്കുന്നു. ഞാനും നിയമത്തിനെതിരെ ജനങ്ങള്‍ക്കൊപ്പം രംഗത്തിറങ്ങും.’-രാജിവച്ച ശേഷം അദ്ദേഹം പറഞ്ഞു.
അസമിലെ പ്രശസ്തന നടനും അസം സിനിമ വികസന കോര്പ്പറേഷന് ചെയര്‍മാനുമായ ജതിന് ബോറയും രവി ശർമയും ബിജെപി വിട്ടു. ‘അസം ജനതയാണ് എന്നെ ഞാനാക്കിയത്. എന്റെ ജനതക്ക് വേണ്ടി ഞാന്‍ സ്ഥാനങ്ങള്‍ രാജിവയ്ക്കുകയാണ്’- ജതിന് ബോറ പറഞ്ഞു. മുന്‍ സ്പീക്കര്‍ പുലകേഷ് ബറുവയും ബിജെപിയില്‍ നിന്ന് രാജിവച്ചിരുന്നു. ജമുഗുരിഹട്ട്, പദ്മ ഹസാരിക മണ്ഡലങ്ങളിലെ ബിജെപി എംഎല്‍എമാരും രാജിവയ്ക്കുമെന്ന് അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.