ന്യൂഡല്‍ഹി: ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണം നിഷേധിച്ച് ബിജെപി. കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നത് വ്യാജരേഖകാളാണ്. ഡയറിയിലെ കൈപ്പട പരിശോധിക്കണമെന്നും രവിശങ്കര്‍ പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബിജെപി നേതാവ് ബി.എസ്. യെഡിയൂരപ്പയും പ്രതികരിച്ചു. താന്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്നും വാര്‍ത്തകള്‍ അടിസ്ഥാമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും യെഡിയൂരപ്പ കൂട്ടിച്ചേര്‍ത്തു.

ബിജെപി കേന്ദ്രമന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും കര്‍ണാടക ബിജെപി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ്. യെഡിയൂരപ്പ 1,800 കോടിയുടെ കോഴപ്പണം നല്‍കിയെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. കാരവന്‍ മാഗസിനില്‍ വന്ന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചത്.

കാരവാൻ മാഗസിനെ ഉദ്ധരിച്ച് കോൺഗ്രസ് ദേശീയ വക്താവ് രരൺദീപ് സിങ് സുർജേവാലയാണ് ആരോപണവുമായി രംഗത്ത് വന്നത്.

കാരവാൻ മാഗസിന്റെ “യെഡിയൂരപ്പ ഡയറീസ്” എന്ന റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് ബിജെപി നേതാക്കൾക്കെതിരെ കോൺഗ്രസ് നേതാവ് ആരോപണങ്ങളുമായി രംഗത്ത് വന്നത്. കർണാടകത്തിൽ മുഖ്യമന്ത്രിയാക്കാൻ വേണ്ടിയാണ് യെഡിയൂരപ്പ ഇത്രയും തുക മുടക്കിയതെന്നാണ് ആരോപണം.  കർണാടകയിൽ മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്നു ബി.എസ്.യെഡിയൂരപ്പ.

യെഡിയൂരപ്പയുടെ കൈപ്പടയിലുളളതാണ് ഡയറിയെന്നും കോൺഗ്രസ് ആരോപിക്കുന്നു.  രാജ്‌നാഥ് സിങ് മുതൽ അരുൺ ജെയ്റ്റ്‌ലി വരെ വിവിധ നേതാക്കൾക്ക് പണം കൈമാറിയെന്നാണ് കോൺഗ്രസ് പുറത്തുവിട്ട രേഖകളിൽ വ്യക്തമാക്കുന്നത്. “ഇത് സത്യമാണോ അല്ല കളളമാണോ? യെഡിയൂരപ്പയുടെ ഒപ്പിട്ടുളള ഈ ഡയറിക്കുറിപ്പ് 2017 മുതൽ ആദായ നികുതി വകുപ്പിന്റെ കൈവശമായിരുന്നു. അങ്ങിനെയെങ്കിൽ എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദിയും ബിജെപിയും ഈ കാര്യം അന്വേഷിക്കാതിരുന്നത്?” സുർജേവാല ചോദിക്കുന്നു.

എൽ.കെ.അഡ്വാനിക്ക് 50 കോടി, രാജ്‌നാഥ് സിങ് – 100 കോടി, നിതിൻ ഗഡ്‌കരി – 150 കോടി, മുരളി മനോഹർ ജോഷി- 50 കോടി, ജഡ്‌ജിമാർക്ക് 250 കോടി, അഭിഭാഷകർക്ക് (കേസിനുളള ഫീസ്)- 50 കോടി, അരുൺ ജെയ്റ്റ്‌ലി – 150 കോടി, നിതിൻ ഗഡ്‌കരിയുടെ മകന്റെ വിവാഹത്തിന് – 10 കോടി, ബിജെപി ദേശീയ കമ്മിറ്റിക്ക് – 1000 കോടി എന്നിങ്ങനെയാണ് കോൺഗ്രസ് പത്രസമ്മേളനത്തിൽ വിതരണം ചെയ്ത ഡയറിക്കുറിപ്പിന്റെ പകർപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook