/indian-express-malayalam/media/media_files/u3MVkrJMddrbJA3pEB2t.jpg)
ഫൊട്ടോ: സ്ക്രീൻഗ്രാബ്
ഡൽഹി: ഹിമാചൽ പ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ സർക്കാർ രൂപീകരിക്കാൻ ബിജെപി നീക്കം. പ്രതിപക്ഷം അവിശ്വാസ പ്രമേയം സഭയിൽ അവതരിപ്പിക്കും. കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്ന വിമർശനത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് ജയ്റാം താക്കൂര്‍ ഇന്ന് രാവിലെ ഗവർണറെ കണ്ടു. മുഖ്യമന്ത്രി സുഖ് വീന്ദർ സിങ് സുഖു നയിക്കുന്ന കോൺഗ്രസ് സർക്കാരിന് വിശ്വാസം നഷ്ടമായെന്നും നിയമസഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും അദ്ദേഹം ഗവർണറെ അറിയിച്ചു.
ഹിമാചൽ നിയമസഭയിൽ വച്ച് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ഹർഷ് മഹാജൻ വിജയിച്ചുവെന്നും നിലവിൽ കോൺഗ്രസ് സർക്കാരിന് അധികാരത്തിൽ തുടരാനുള്ള ധാർമ്മിക അവകാശം നഷ്ടമായിരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടക്കാട്ടി. 68 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് 35 എംഎൽഎമാരുടെ പിന്തുണ വേണമെന്നിരിക്കെ ഇന്നലെ 34 എംഎൽഎമാർ മാത്രമാണ് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തത്.
6 കോൺഗ്രസ് എംഎൽഎമാരും രണ്ട് സ്വതന്ത്രരും ബിജെപി ഭരിക്കുന്ന ഹരിയാനയിലേക്ക് മാറിയിരിക്കുകയാണ്. ഇവരെ ബിജെപി തട്ടിക്കൊണ്ടു പോയിരിക്കുകയാണ് എന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. ഹിമാചലിൽ സർക്കാരിനെ നിലനിർത്താൻ കോൺഗ്രസ് അടിയന്തര നീക്കങ്ങൾ നടത്തുന്നുണ്ട്. നിലവിലുള്ള എംഎൽഎമാരോട് എഐസിസി നേതൃത്വം സംസാരിച്ചു. മുഖ്യമന്ത്രി സുഖ് വീന്ദർ സിങ് സുഖുവിനെ മാറ്റണമെന്ന് ചില എംഎൽഎമാർ നിർദ്ദേശിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുമെന്ന് നേതൃത്വം അറിയിച്ചു.
അതേസമയം, വാർത്താസമ്മേളനത്തിൽ ബി.ജെ.പി നേതാക്കളുടെ അവകാശവാദം സുഖു തള്ളിക്കളഞ്ഞു. “ഞങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. ഞങ്ങൾക്ക് 34 വോട്ടും അവർക്ക് 34 വോട്ടും ലഭിച്ചു. ആറ് കോൺഗ്രസ് എംഎൽഎമാർ ക്രോസ് വോട്ട് ചെയ്തു. ഒരു പ്രമുഖ അഭിഭാഷകനെതിരെയാണ് അവർ വോട്ട് ചെയ്തത്. ഇത് നീരസത്തിൻ്റെ വോട്ടായിരുന്നോ?” മുഖ്യമന്ത്രി ചോദിച്ചു.
ഹരിയാനയിലെ റിസോർട്ടിലുള്ള എംഎൽഎമാർ കൂടൂതൽ പേരെ അടർത്താൻ ശ്രമിക്കുന്നതായാണ് വിവരം. 26 പേർ നേതൃമാറ്റം ആഗ്രഹിക്കുന്നുവെന്നാണ് വിമത എംഎൽഎമാരുടെ അവകാശവാദം. എഐസിസി പ്രതിനിധികൾ എംഎൽഎമാരെ ഇന്ന് നേരിട്ട് കാണും. കോൺഗ്രസ് നീക്കങ്ങൾക്ക് നേതൃത്വം നൽകാൻ ഡി.കെ. ശിവകുമാറും ഭൂപേന്ദ്ര ഹൂഡയും ഹിമാചലിലേക്ക് പോകുമെന്നാണ് സൂചന. ഉത്തരേന്ത്യയിലെ ഏക കോൺഗ്രസ് സർക്കാരാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്.
അത്യന്തം നാടകീയ നീക്കങ്ങൾക്കൊടുവിൽ നറുക്കെടുപ്പിലേക്കെത്തിയ രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി മനു അഭിഷേക് സിംഗ്വി തോറ്റതിന് പിന്നാലെയാണ് ഹിമാചൽപ്രദേശിൽ പ്രതിസന്ധി ആരംഭിച്ചത്. കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ടാണ് ഹിമാചൽ പ്രദേശിൽ ബിജെപി സ്ഥാനാർത്ഥി ഹർഷ് മഹാജൻ മനു അഭിഷേക് സിംഗ്വിയെ അട്ടിമറിച്ചത്.
68 അംഗ ഹിമാചൽ നിയമസഭയിൽ 40 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്. 3 സ്വതന്ത്രരുടെ പിന്തുണയും സുഖ് വീന്ദർ സിങ് സുഖു നയിക്കുന്ന സർക്കാരിനുണ്ട്. ബിജെപിക്ക് 25 എംഎൽഎമാരെ നിയമസഭയിലുള്ളു. എന്നാൽ ഇന്നു നടന്ന വോട്ടെടുപ്പിൽ മൂന്നു സ്വതന്ത്രരും ആറ് കോൺഗ്രസ് എംഎൽഎമാരും കൂറുമാറി ബിജെപിക്ക് വോട്ടു ചെയ്തു. ഇതോടെ രണ്ട് സ്ഥാനാർത്ഥികൾക്കും 34 വോട്ടുകൾ വീതം കിട്ടി. തുടർന്ന് നടന്ന നറുക്കെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി വിജയിക്കുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.