കൊല്‍ക്കത്ത: കനയ്യകുമാറിനു നേരെ പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകരുടെ ചീമുട്ടയേറ്. ഐഎസ് ഭീകരരുടെ ഏജന്റും ദേശവിരുദ്ധ പ്രവര്‍ത്തകനുമാണ് കനയ്യ എന്നാരോപിച്ചായിരുന്നു നൂറോളം വരുന്ന ബിജെപി പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞത്.

പശ്ചിമബംഗാളില്‍ ഓള്‍ ഇന്ത്യ സ്റ്റുഡെന്റ്‌സ് ഫെഡറേഷന്‍ നേതൃത്വം നല്‍കുന്ന റാലിയില്‍ പങ്കെടുക്കുകയായിരുന്നു കനയ്യ കുമാറും സംഘവും. റാലി മിഡ്‌നാപൂര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ എത്തിയപ്പോഴാണ് സമീപത്തെ ബിജെപി ഓഫിസില്‍ നിന്നുള്ള നൂറോളം പ്രവര്‍ത്തകര്‍ റാലിക്കു നേരെ ആക്രമണം നടത്തിയത്. കനയ്യ കുമാറിനെതിരെ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും ദേശീയ പതാകയുമേന്തിയ പ്രവര്‍ത്തകര്‍ കനയ്യ കുമാര്‍ ഗോ ബാക്ക് എന്ന് മുദ്രാവാക്യങ്ങള്‍ ചൊല്ലി.

ദേശവിരുദ്ധ പ്രവര്‍ത്തകനായ കനയ്യ കുമാര്‍ പാകിസ്താനിലേക്ക് പോകണമെന്നും അവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ബാരിക്കേഡുകള്‍ വച്ചാണ് പോലീസ് പ്രതിഷേധക്കാരെ തടഞ്ഞത്. സംഭവത്തില്‍ 19ഓളം ബിജെപി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ