ചെന്നൈ: ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ബില്ലിന് പണം നൽകാതെ ബിജെപി പ്രവർത്തകർ. പണം ചോദിച്ച ഹോട്ടലുടമയെ ബിജെപി പ്രവർത്തകർ ഭീഷണിപ്പെടുത്തി. വർഗീയ കലാപമുണ്ടാക്കുമെന്നു പറഞ്ഞാണ് ഹോട്ടലുടമയെ ബിജെപി പ്രവർത്തകർ ഭീഷണിപ്പെടുത്തിയത്. രണ്ട് ബിജെപി പ്രവർത്തകരെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു.

ഐസ്ഹൗസ് മുത്തയ്യ സ്ട്രീറ്റിലുള്ള ഹോട്ടലിൽ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ചെന്നൈ സ്വദേശികളായ പുരുഷോത്തമൻ (32), ഭാസ്‌കർ (30) എന്നിവരാണ് പൊലീസ് പിടിയിലായത്. ഇരുവരും ബിജെപിയുടെ പ്രാദേശിക വിഭാഗം സെക്രട്ടറിമാരാണ്. സംഘത്തിലുണ്ടായിരുന്ന ബിജെപി പ്രവർത്തകനായ സൂര്യ ഒളിവിലാണ്.

രാത്രി ഏറെ വൈകിയാണ് മൂവർസംഘം ഹോട്ടലിൽ എത്തിയത്. ഇവർ മദ്യപിച്ചിരുന്നു. ആദ്യം ചിക്കൻ ഫ്രൈഡ് റൈസ് ഓർഡർ ചെയ്തു. നേരം ഏറെ വൈകിയിട്ടും ഇവർ പോകാതായതോടെ കട അടയ്‌ക്കണമെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു. എന്നാൽ, പ്രതികൾ പുറത്തിറങ്ങാൻ തയ്യാറായില്ല. തങ്ങൾ ബിജെപി പ്രവർത്തകർ ആണെന്നും ഇനിയും ഭക്ഷണം വേണമെന്നും സംഘം ഹോട്ടൽ ജീവനക്കാരോട് ആവശ്യപ്പെട്ടു. ഹോട്ടൽ ജീവനക്കാരെ കൊണ്ട് നിർബന്ധിച്ച് ഭക്ഷണം പാകം ചെയ്യിച്ചു.

Read Also: പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ; ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സാധ്യത

ഭക്ഷണശേഷം ഇവർക്ക് ബിൽ നൽകി. എന്നാൽ, ബില്ലിലെ പണം നൽകാൻ ബിജെപി പ്രവർത്തകർ തയ്യാറായില്ല. അത് ചോദ്യംചെയ്തതോടെ ഹോട്ടൽ ഉടമയായ മുഹമ്മദ് അബൂബക്കറിനെ സംഘം ഭീഷണിപ്പെടുത്തി. കേന്ദ്രമന്ത്രി അമിത് ഷായുടെ പേഴ്‌സണൽ സെക്രട്ടറിയെ വിളിക്കുമെന്ന് പറഞ്ഞായിരുന്നു ആദ്യ ഭീഷണി. തന്റെ ആളുകളെ കൊണ്ടുവന്ന് ഹോട്ടൽ അടപ്പിക്കുമെന്നും വർഗീയ കലാപമുണ്ടാക്കുമെന്നും ഇവർ പറഞ്ഞു. ഇതിനുപിന്നാലെ ഹോട്ടൽ ഉടമ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പ്രദേശത്തെ പല ഹോട്ടലുകളിൽ നിന്നും പണം നൽകാതെ ഭക്ഷണം കഴിക്കുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണെന്ന് പറയപ്പെടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook