ഭുവനേശ്വര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്റെ ബന്ധുവിനെ മര്‍ദ്ദിക്കുന്ന ബിജു ജനതാദള്‍ എംഎല്‍എ ദേബശിഷ് സമന്‍താരയുടെ വീഡിയോ വൈറലാകുന്നു. ഇതോടെ എംഎല്‍എക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ഫെബ്രുവരി 14 ന് കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ബെഹ്‌റ എന്ന ഒഡീഷ സ്വദേശിയായ സിആര്‍പിഎഫ് ജവാന്റെ ബന്ധുവിനെയാണ് എംഎല്‍എ മര്‍ദ്ദിച്ചത്. കട്ടക്കിലെ രതന്‍പൂരിലാണ് ബെഹ്‌റ ജനിച്ചത്. നാട്ടിലെത്തിച്ച ബെഹ്‌റയുടെ മൃതദേഹം സംസ്കാരിക്കുന്നതിനിടെയായിരുന്നു സംഭവം.

ബെഹ്‌റുടെ മൃതദേഹത്തിന് അരികെ വച്ചാണ് എംഎല്‍എ ജവാന്റെ ബന്ധുവിനെ മര്‍ദ്ദിച്ചത്. ഇദ്ദേഹത്തെ ബഹ്‌റ പിടിച്ചു വലിക്കുന്നതും നിലത്തേക്ക് തള്ളിയിടുന്നതും കാണാം. മൃതദേഹത്തിന് അരികിലേക്കായിരുന്നു ബന്ധു ചെന്നു വീണതും. എന്നാല്‍ എന്താണ് എംഎല്‍എ പ്രകോപിപ്പിച്ചത് എന്ന് അറിയാന്‍ സാധിച്ചിട്ടില്ല.

സംഭവം വിവാദമായെങ്കിലും എംഎല്‍എ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഒഡീഷ മന്ത്രി പ്രതാപ് ജെനയും എംഎല്‍എ പ്രമോദ് മാല്ലിക്കും സമീപത്തുണ്ടായിരുന്നു. പിന്നാലെ എംഎല്‍എയുടെ കോലം കത്തിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook