ന്യൂഡൽഹി: ബോളിവുഡിലെ ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി സമാജ്‌വാദി പാർട്ടി നേതാവും മുതിർന്ന നടിയുമായ ജയ ബച്ചൻ. നടനും ബിജെപി എംപിയുമായ രവി കിഷന്റെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു ജയ ബച്ചൻ. ബോളിവുഡ് മയക്കുമരുന്നുകാരുടെ സഖ്യമായെന്ന രവി കിഷന്റെ ആരോപണത്തിന്, പാലുകൊടുത്ത കൈക്ക് തിരിച്ച് കൊത്തരുത് എന്നായിരുന്നു ജയ ബച്ചന്റെ മറുപടി.

കുറച്ച് പേര്‍ കാരണം നിങ്ങള്‍ക്ക് മുഴുവന്‍ സിനിമാ മേഖലയേയും കളങ്കപ്പെടുത്താന്‍ കഴിയില്ല. കഴിഞ്ഞ ദിവസം സഭയില്‍ സിനിമാ മേഖലയില്‍ നിന്നും തന്നെ വളര്‍ന്നു വന്ന ഒരാള്‍ അത്തരമൊരു പരാമര്‍ശം നടത്തിയപ്പോള്‍ എനിക്ക് അപമാനവും നാണക്കേടും തോന്നി. പാല് കൊടുത്ത കൈക്ക് തന്നെ കടിക്കുന്ന പ്രവർത്തിയാണിതെന്ന് ജയ ബച്ചൻ കുറ്റപ്പെടുത്തി.

Read More: ചൈന ഇന്ത്യയെ നിരീക്ഷിക്കുന്നു; ഗൗരവമേറിയ കാര്യം, അന്വേഷണം വേണമെന്ന് പ്രതിപക്ഷം

ബോളിവുഡ് ഓവുചാലിലാണെന്ന കങ്കണയുടെ ആരോപണത്തെ നിശിതമായി വിമർശിച്ചു ജയ. ഈ വ്യവസായത്തിൽ നിന്ന് പേരെടുത്തവർ തന്നെ വ്യവസായം ഓവുചാലിലാണെന്ന് ആരോപിക്കുന്നു. അതിനോട് തനിക്ക് ഒട്ടും യോജിപ്പില്ലെന്നു അവർ പറഞ്ഞു.

“രാജ്യത്തെ വിനോദ വ്യവസായം അഞ്ചു ലക്ഷത്തിലേറെ പേർക്ക് നേരിട്ടു തൊഴിൽ നൽകുന്നുണ്ട്. പരോക്ഷമായി അമ്പതു ലക്ഷത്തിലേറെ പേർക്കു പ്രതിദിനം തൊഴിലുണ്ടാക്കുന്നു. സാമ്പത്തിക സാഹചര്യങ്ങൾ ആകെ തകർന്ന അവസ്ഥയാണിപ്പോൾ. തൊഴിലില്ലായ്മ ഏറ്റവും മോശം അവസ്ഥയിലാണ്. ഈ അവസരത്തിൽ ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ സോഷ്യൽ മീഡിയയിലൂടെ ഞങ്ങളെ പ്രഹരിക്കുകയാണ്. സർക്കാരാണെങ്കിൽ ഞങ്ങൾക്കു പിന്തുണയും നൽകുന്നില്ല,” ജയ ആരോപിച്ചു.

“ഈ വ്യവസായത്തിൽ നിന്നു പേരും പ്രശസ്തിയും പണവും ഉണ്ടാക്കിയവരോട് ഇനിയെങ്കിലും വ്യവസായത്തെ അധിക്ഷേപിക്കാതിരിക്കാൻ സർക്കാർ നിർദേശിക്കണമെന്ന് ജയ അഭ്യർഥിച്ചു. രാജ്യത്ത് ഉയർന്ന തോതിൽ നികുതി നൽകുന്ന പലരും സിനിമാ വ്യവസായത്തിലുണ്ട്. അവരെപ്പോലും വെറുതെ വിടുന്നില്ല. സർക്കാരിന്‍റെ പല പ്രവർത്തനങ്ങൾക്കും സഹായവുമായി രംഗത്തുവരുന്നതും സിനിമാ വ്യവസായമാണെന്ന് ജയ പറഞ്ഞു. ഏതാനും പേർ ചെയ്യുന്ന കുറ്റങ്ങൾക്ക് സിനിമാ വ്യവസായത്തെ അടച്ചാക്ഷേപിക്കുകയാണ്. ഇമേജ് തകർക്കുകയാണ്.”

പലരുടെയും രാഷ്ട്രീയ മോഹങ്ങൾക്ക് അടിസ്ഥാനമാകുന്നതുപോലെത്തന്നെ അവർക്ക് അന്താരാഷ്ട്ര ശ്രദ്ധയും അംഗീകാരവും നേടിക്കൊടുക്കുന്നതും സിനിമയാണെന്ന് ജയ ഓർമിപ്പിച്ചു.

“ഈ വ്യവസായത്തെ സർക്കാർ സഹായിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു. ഇത്തരത്തിൽ കുറച്ച് ആളുകൾ ഉള്ളതിനാൽ, നിങ്ങൾക്ക് മുഴുവൻ വ്യവസായത്തിന്റെയും പ്രതിച്ഛായ കളങ്കപ്പെടുത്താൻ കഴിയില്ല.”

എന്നാൽ തന്റെ വാക്കുകളെ ജയ ബച്ചൻ തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് രവി കിഷൻ പറഞ്ഞു.

“ഞാൻ പറഞ്ഞതിനെ ജയ ജി പിന്തുണയ്ക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു. സിനിമ വ്യവസായത്തിലെ എല്ലാവരും മയക്കുമരുന്ന് ഉപയോഗിക്കുന്നില്ല, എന്നാൽ അത് ചെയ്യുന്നവർ ലോകത്തിലെ ഏറ്റവും വലിയ സിനിമ മേഖലയെ തകർക്കാനുള്ള ഭാഗമാണ്. ഞാനും ജയ ജിയുമൊക്കെ ഈ മേഖലയിലേക്ക് വരുന്ന സമയത്ത് ഇവിടുത്തെ സ്ഥിതി ഇതുപോലെയായിരുന്നില്ല. എന്നാൽ ഇപ്പോൾ സിനിമ മേഖലയെ ഈ അവസ്ഥയിൽ നിന്നും കരകയറ്റാൻ നമ്മൾ പിന്തുണയ്‌ക്കേണ്ടതുണ്ട്,” രവി കിഷൻ പറഞ്ഞു.

Read More: ‘Biting the hand that feeds you’: Jaya Bachchan on drug addiction in Bollywood claim

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook