ബന്ദ: പൊതു പരിപാടിയില്‍ ഹിന്ദുക്കള്‍ക്ക് ബിരിയാണി വിളമ്പിയതിനെതിരെ കേസ്. ഉത്തര്‍പ്രദേശിലാണ് സംഭവം. ബിരിയാണി വിളമ്പി എന്ന കുറ്റത്തിന് 43 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ദേശീയ മാധ്യമമായ എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മതത്തിന്റെ പേരില്‍ വിദേഷ്വം പ്രചരിപ്പിച്ചു, മതവികാരം വ്രണപ്പെടുത്തി എന്ന വകുപ്പാണ് 43 പേർക്കെതിരെയും ചുമത്തിയിരിക്കുന്നത്. ഐപിസി 153 എ, 295 എ, 420, 506 വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉത്തർപ്രദേശിലെ മഹോബ ജില്ലയിൽ ചർഖാരി ഷെയ്ഖ് പീർ ബാബ വില്ലേജിലാണ് സംഭവം നടന്നത്.

Read Also: ‘സോഫ മാറ്റൂ, എനിക്ക് കസേര മതി’; റഷ്യയില്‍ മോദി ഫോട്ടോയ്ക്ക് പോസ് ചെയ്തത് ഇങ്ങനെ

ഉറൂസ് ആഘോഷത്തിനിടെ ഹിന്ദു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സസ്യേതര ബിരിയാണി വിളമ്പിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ബിജെപി എംഎല്‍എ ബ്രിജ്ഭൂഷണ്‍ രജ്പുത് ഇടപെട്ടാണ് പൊലീസില്‍ പരാതി നല്‍കിയത്. ബിരിയാണി വിളമ്പിയത് ഹിന്ദു വികാരം വ്രണപ്പെടുത്തി എന്ന് തന്നോട് ഗ്രാമവാസികള്‍ പറഞ്ഞു എന്ന വിചിത്ര വാദമാണ് ബിജെപി എംഎല്‍എ പൊലീസിനോട് ആരോപിച്ചത്. എംഎല്‍എ പറഞ്ഞതനുസരിച്ചാണ് ഗ്രാമവാസികള്‍ പരാതി നല്‍കിയത്.

ഹിന്ദുക്കള്‍ക്ക് ബിരിയാണി വിളമ്പിയത് ഹിന്ദു വികാരത്തെ വ്രണപ്പെടുത്തിയെന്നും ഗ്രാമീണര്‍ തന്നോട് പരാതിപ്പെട്ടെന്നും എംഎല്‍എ അറിയിച്ചു. അതേസമയം, പരിപാടിക്ക് സസ്യേതര ബിരിയാണിയാണോ വിളമ്പിയത് എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് എസ്‌പി സ്വാമിനാഥ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ആറ് പുതപ്പുകള്‍, വെസ്റ്റേണ്‍ ടോയ്‌ലറ്റ്, ഒരു കട്ടിലും ഒരു ഫാനും; ചിദംബരത്തിന് ജയിലിലുള്ള സൗകര്യങ്ങള്‍

പരാതി കൊടുത്ത രാജ്‌കുമാർ റൈയ്ക്ക്‌വാര്‍ എന്ന വ്യക്തി കേസ് പിന്‍വലിക്കാന്‍ തയ്യാറായെന്നും ബിജെപി എംഎല്‍എയുടെ നിര്‍ബന്ധം കാരണമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും പൊലീസ് പറഞ്ഞതായാണ് റിപ്പോർട്ട്. ഓഗസ്റ്റ് 31ന് ചര്‍ഖാരി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഉറൂസ് പരിപാടി നടന്നത്. പീര്‍ ഷെയ്ക്ക് ബാബ സ്വലാത്ത് വില്ലേജിലെ മുസ്ലീം നിവാസികള്‍ കഴിഞ്ഞ ആറ് വര്‍ഷമായി സംഘടിപ്പിക്കുന്ന ചടങ്ങാണ് ഉറൂസ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook