ബീജിങ്: പക്ഷിയുമായി കൂട്ടിയിടിച്ച എയര്‍ ചൈന വിമാനത്തിന് സാരമായ കേടുപാടുകള്‍ പറ്റി. ടിയാന്‍ജിനില്‍ നിന്നും ഹോംങ്കോങ്ങിലേക്ക് പുറപ്പെട്ട ബോയിങ് 737 വിമാനമാണ് തല നാരിഴയ്ക്ക് വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഒരു മീറ്റളോളം നീളത്തിലുളള ദ്വാരം വീണ വിമാനം ഉച്ചയ്ക്ക് 1.15ഓടെ സുരക്ഷിതമായി വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.

വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കവേ ആണ് പക്ഷി വന്നിടിച്ചത്. ഉടന്‍ തന്നെ അടിയന്തിര വിഭാഗത്തിന് സന്ദേശം അയക്കുകയും വിമാനം ഇറക്കുകയും ചെയ്തു. സംഭവത്തില്‍ പക്ഷി ചത്തു പോയതല്ലാതെ മറ്റാര്‍ക്കും പരുക്കില്ലെന്ന് എയര്‍ ചൈന പ്രസ്താവനയില്‍ അറിയിച്ചു. പക്ഷികളുമായി വിമാനം കൂട്ടിയിടിക്കുന്നത് അസാധാരണ സംഭവമല്ല.

എന്നാല്‍ വിമാനത്തിന് കേടുപാട് പറ്റാന്‍ 5% മാത്രമാണ് സാധ്യത. വിമാനം പറന്നുയരുമ്പോഴോ ഇറക്കുമ്പോഴോ ആണ് പക്ഷിയുമായി കൂട്ടിയിടിക്കാറുളളത്. വാത്ത എന്ന് നമ്മള്‍ വിളിക്കാറുളള ജലപക്ഷിയായ ഗൂസ് ആണ് വിമാനത്തില്‍ വന്നിടിച്ചത്. മുഴുവന്‍ വേഗതയില്‍ ഏകദേശം 50,000 പൗണ്ട് ശക്തിയിലാണ് പക്ഷി വിമാനത്തിലിടിച്ചത്. പൊതുവെ പക്ഷികള്‍ എൻജിനില്‍ കുടുങ്ങുകയോ വിമാനത്തിലിടിച്ച് താഴെ വീഴുകയോ ചെയ്യാറാണ് പതിവ്. വളരെ അപൂര്‍വമായി മാത്രമേ പക്ഷികള്‍ വിമാനത്തിന് കേടുപാടുകള്‍ ഉണ്ടാക്കാറുളളൂ. 1960ല്‍ ബോസ്റ്റണില്‍ വച്ച് ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് പക്ഷിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിമാനം തകര്‍ന്ന് 62 പേരാണ് മരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ