കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർഭും കൂട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി. സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തോട് (എസ്‌ഐടി) കേസിന്റെ മുഴുവൻ രേഖകളും കസ്റ്റഡിയുള്ളവരെയും സിബിഐക്ക് കൈമാറാൻ കോടതി നിർദേശിച്ചു.
ഏപ്രിൽ ഏഴിനകം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും സിബിഐയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് നേതാവായ ഉപ ഗാമപ്രധാന്‍ ഭാദു ഷെയ്ഖ് (38) ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജസ്റ്റിസ് രാജര്‍ഷി ഭരദ്വാജ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസ് അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറരുതെന്ന മമതാ ബാനര്‍ജി സര്‍ക്കാരിന്റെ അഭ്യര്‍ഥന തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.
നേരത്തെ കേസ് പരിഗണിച്ചപ്പോൾ അന്വേഷണം സിബിഐക്ക് വിടണമോയെന്ന് അഡ്വക്കേറ്റ് ജനറല്‍ സൗമേന്ദ്രനാഥ് മുഖോപാധ്യായയോട് കോടതി ചോദിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞദിവസം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും പൊലീസ് പരാജയപ്പെട്ടാല്‍ സിബിഐ അന്വേഷണം പരിഗണിക്കാമെന്നുമായിരുന്നു എജിയുടെ മറുപടി നല്‍കി.
സംഭവം വളരെയധികം ഞെട്ടിപ്പിക്കുന്നതും ഗൗരവമുള്ളതുമാണെന്നും ഇത് ജനങ്ങള്‍ക്കിടയില്‍ വലിയ പ്രത്യാഘാതം സൃഷ്ടിച്ചിട്ടുണ്ടെന്നും സ്വമേധയാ കേസെടുത്തുകൊണ്ട് ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ നിരീക്ഷിച്ചിരുന്നു.
അതേസമയം, സംഭവത്തിനു രാഷ്ട്രീയ മാനങ്ങളില്ലെന്നും രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണെന്നുമുള്ള നിലപാടിലാണ് പൊലീസ്. സംഭവത്തില്‍ എസ്‌ഐടി 20 പേരെ അറസ്റ്റ് ചെയ്തിരുന്നു. അക്രമികള്‍ക്കെതിരെ രാഷ്ട്രീയ നിറം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മമത ബിര്‍ഭും ജില്ല സന്ദർശിക്കുകയും ചെയ്തു.
സംഭവത്തില്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിയിരുന്നു. ബംഗാളില്‍നിന്നുള്ള ഒമ്പതംഗ ബിജെപി എംപിമാരുടെ സംഘം ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് കേന്ദ്ര ഇടപെടല്‍ അഭ്യര്‍ഥിച്ചിരുന്നു.