അഗര്‍ത്തല: വിവാദ മണ്ടന്‍ പരാമര്‍ശങ്ങളിലൂടെ തലക്കെട്ടുകളായ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് പുതിയ പരാമര്‍ശവുമായി രംഗത്ത്. താറാവുകള്‍ നീന്തുന്ന വെള്ളത്തില്‍ ഓക്സിജന്‍ ഉണ്ടാകുമെന്നും ആയതിനാല്‍ എല്ലാവരും താറാവിനെ വളര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുവാന്‍ ജനങ്ങള്‍ക്ക് താറാവിനെ വിതരണം ചെയ്യണമെന്നാണ് ബിപ്ലബ് പറയുന്നത്. അവ വെള്ളം ശുദ്ധീകരിക്കുകയും, ജലത്തിലെ ഓക്സിജന്റെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യുമെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. നീര്‍മഹലിനടുത്തുള്ള രുദ്രസാഗര്‍ തടാകത്തില്‍ വള്ളംകളി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ബിപ്ലബ്. തടാകത്തിനടുത്ത് ജീവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കായി 50,000 താറാക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

‘താറാവ് വെള്ളത്തിലൂടെ നീന്തുമ്പോള്‍ വെള്ളത്തിന് മുകളില്‍ ഓക്സിജന്‍ വര്‍ധിക്കും. അത്കൊണ്ട് തന്നെ എല്ലാ കുടുംബങ്ങളും താറാവിനെ വാങ്ങി വളര്‍ത്തണം’, ബിപ്ലബ് ദേബ് പറഞ്ഞു. ‘താറാവ് വെള്ളത്തിലൂടെ നീന്തുമ്പോള്‍ ഓക്സിജന്‍ വര്‍ധിക്കുകയും വെള്ളം പുത്തനാവുകയും ചെയ്യുന്നു. വെള്ളത്തിലുളള മീനിന് കൂടുതല്‍ ഓക്സിജന്‍ അപ്പോള്‍ ലഭിക്കും. മീനുകള്‍ വളരെ വേഗത്തില്‍ അപ്പോള്‍ വളരും. മീന്‍ വളര്‍ത്തലിന് ഇത് ഏറെ ഗുണകരമാണ്. അതും യാതൊരു രാസസഹായവും ഇല്ലാതെ തന്നെ നമുക്ക് മീന്‍ വളര്‍ത്തല്‍ സാധ്യമാകും’, ബിപ്ലബ് ദേബ് പറഞ്ഞു.

രുദ്രസാഗര്‍ തടാകത്തില്‍ നടന്ന പരമ്പരാഗത വള്ളംകളി മത്സരത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. മെക്കാനിക്കൽ എൻജിനീയറിങ് കഴിഞ്ഞവരല്ല, സിവിൽ‌ എൻജിനീയറിങ് കഴിഞ്ഞവരാണ് സിവിൽ സർവീസിന് അപേക്ഷിക്കേണ്ടതെന്ന് കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം പറഞ്ഞത്.

‘മെക്കാനിക്കല്‍ എൻജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയവര്‍ സിവില്‍ സര്‍വീസിന് ശ്രമിക്കരുത്. ഭരണകൂടത്തിന്റെയും സമൂഹത്തിന്റേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പരിചയമുണ്ടാവുക സിവില്‍ എൻജിനീയര്‍മാര്‍ക്കാണ്. സിവില്‍ എൻജിനീയറിങ് പഠനമാണ് ഈ അറിവ് നല്‍കുന്നത്. നേരത്തെ ഹ്യൂമാനിറ്റീസ് പശ്ചാത്തലമുള്ളവരാണ് സിവില്‍സർവീസ് മേഖലയില്‍‍ എത്തിയിരുന്നത്. എന്നാൽ ഇന്ന് ട്രെന്‍ഡ് മാറിക്കഴിഞ്ഞുവെന്നും ഡോക്ടർമാരും എന്‍ജിനീയർമാരും മൽസരപരീക്ഷകള്‍ക്ക് ഹാജരാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡോക്ടര്‍മാര്‍ക്കും സിവില്‍ എൻജിനീയര്‍മാരെ പോലെ സിവില്‍ സര്‍വീസില്‍ ചേരാന്‍ അര്‍ഹതയുണ്ടെന്ന് ബിപ്ലബ് ദേബ് പറഞ്ഞു. ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ പെട്ടെന്ന് തന്നെ അവര്‍ പഠിച്ച അറിവുകള്‍ പ്രാവര്‍ത്തികമാക്കാനാകും. അതുകൊണ്ട് അവര്‍ ഐഎഎസുകാര്‍ ആവട്ടേയെന്ന് അദ്ദേഹം വ്യക്തമാക്കി.
മഹാഭാരത യുദ്ധകാലത്തുതന്നെ ഇന്റർനെറ്റും ഉപഗ്രഹങ്ങളും ഉണ്ടായിരുന്നുവെന്നായിരുന്നു ത്രിപുര മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവനകളിലൊന്ന്. ഉപഗ്രഹ ആശയവിനിമയ സംവിധാനങ്ങളും ലഭിച്ചിരുന്നുവെന്നാണ് ബിപ്ലബ് പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook