അഗര്‍ത്തല: സംസ്ഥാനത്തെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സംസ്ഥാനത്തെ 5000 കുടുംബങ്ങള്‍ക്ക് പശുക്കളെ വിതരണം ചെയ്യുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് പ്രഖ്യാപിച്ചു. ഞായറാഴ്ച ത്രിപുര പ്രദേശ് കൃഷക് മോര്‍ച്ചയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
പശുക്കളെ വാങ്ങാന്‍ 5000 കര്‍ഷകര്‍ക്ക് ബാങ്ക് വായ്പ നല്‍കുമെന്നും, വായ്പയുടെ പലിശ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നുമാണ് ബിപ്ലബ് ദേബിന്റെ പ്രഖ്യാപനം.
വലിയ വ്യവസായങ്ങള്‍ തുടങ്ങുന്നതിനു പകരം യുവാക്കള്‍ പശുക്കളെ വളര്‍ത്തുന്നതിലേക്ക് തിരിയണമെന്ന് ബിപ്ലബ് നേരത്തേയും പറഞ്ഞിരുന്നു.
‘2000 ആളുകള്‍ക്ക് ജോലി നല്കണമെങ്കില് ഒരാള്‍ 10,000 കോടി രൂപ ചെലവാക്കണം. എന്നാല്‍ 5,000 കുടുംബങ്ങള്‍ക്ക് 10,000 പശുക്കളെ നല്കുകയാണെങ്കില് ആറ് മാസം കൊണ്ട് സമ്പാദിച്ചു തുടങ്ങാം,’ ബിപ്ലബ് പറഞ്ഞു.
ഏതെല്ലാം ഗ്രാമങ്ങളില്‍ ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് നോക്കുകയും പശുക്കളുടെ പാല് നേരിട്ട് ശേഖരിച്ച് വില്പന നടത്തുകയും ചെയ്യുന്നതിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി പറഞ്ഞതായും ബിജെപി വക്താവ് നബേന്ദു ഭട്ടാചാര്യ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഡിസംബര്‍ മുതല്‍ പുതിയ പദ്ധതി ആരംഭിക്കുമെന്ന് ബിപ്ലബ് ദേബ് അറിയിച്ചു. ഇതിനായുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞെന്നും, പദ്ധതിക്ക് സര്‍ക്കാരിന്റെ അനുവാദം ലഭിക്കാനായുള്ള കാത്തിരിപ്പിലാണെന്നും അദ്ദേഹം വ്യക്തമാക്കി.