/indian-express-malayalam/media/media_files/uploads/2019/12/Bipin-Rawat.jpg)
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയായി (ചീഫ് ഡിഫന്‍സ് സ്റ്റാഫ്) ബിപിന്‍ റാവത്തിനെ നിയമിച്ചു. ജനുവരി ഒന്നിന് അദ്ദേഹം ചുമതലയേൽക്കും. നിലവില്‍ കരസേനാ മേധാവിയായ ബിപിന്‍ റാവത്ത് ഈ പദവിയിൽനിന്ന് 31ന് വിരമിക്കാനിരിക്കെയാണു പുതിയ സ്ഥാനലബ്ധി.
മൂന്ന് വര്‍ഷത്തെ സേവനത്തിനു ശേഷമാണ് ബിപിന്‍ റാവത്ത് കരസേനാ മേധാവി സ്ഥാനത്തുനിന്ന് വിരമിക്കുന്നത്. കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ബിപിന്‍ റാവത്തിനെ സംയുക്ത സേനയുടെ മേധാവിയായി തീരുമാനിച്ചത്.
മൂന്നു വർഷത്തേക്കാണു ബിപിന്‍ റാവത്തിന്റെ നിയമനം. 65 വയസാണു ചീഫ് ഡിഫന്‍സ് സ്റ്റാഫിന്റെ പ്രായപരിധി. ഇക്കാര്യം പ്രതിരോധ മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു.
സൈന്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരിന്റെ സിംഗിള്‍ പോയിന്റ് അഡ്വൈസറായിരിക്കും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്. ഒപ്പം ഇന്ത്യന്‍ കരസേന, വ്യോമസേന, നാവികസേന എന്നിവയുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം ഉറപ്പുവരുത്തുകയും ചെയ്യും. അതേസമയം, കര, വ്യോമ, നാവിക സേനകൾക്കു മേലുള്ള കമാൻഡിങ് പവർ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന് ഉണ്ടാകില്ല.
കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് സേനകളുടെ സംയുക്ത മേധാവിയെന്ന പദവി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. കര, വ്യോമ, നാവിക സേനകളുടെ ഏകോപനത്തിനാണ് ഒരു തലവനെ പ്രത്യേകമായി നിയമിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.