ന്യൂഡല്‍ഹി: ആധാര്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് ഉള്‍പ്പെടെ ദീര്‍ഘകാല തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന തിരഞ്ഞെടുപ്പ് നിയമ (ഭേദഗതി) ബില്‍ രാജ്യസഭയിലും പാസായി. ബില്‍ തിങ്കളാഴ്ച ലോക്‌സഭയില്‍ പാസായിരുന്നു.
പ്രതിപക്ഷത്തിന്റെ വാക്കൗട്ടിനിടെയാണു രാജ്യസഭയില്‍ ബില്‍ പാസായത്. പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് ഉച്ചയ്ക്കു രണ്ടുവരെ സഭ നിര്‍ത്തിവച്ചിരുന്നു.
ബിസിനസ് ഉപദേശക സമിതിയുടെ (ബിഎസി) ഭാഗമാകാതെ തിരഞ്ഞെടുപ്പ് നിയമ (ഭേദഗതി) ബില്‍ പാസാക്കുന്നതിന് സമയം അനുവദിച്ചതിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ത്തു. ഇതേത്തുടര്‍ന്ന് നടപടികളൊന്നുമില്ലാതെ സഭാ നടപടികള്‍ നിര്‍ത്തിവച്ചു. ബില്‍ പാസാക്കാന്‍ മൂന്ന് മണിക്കൂര്‍ അനുവദിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എതിര്‍പ്പ് ഉന്നയിച്ചതോടെ ചെയര്‍മാന്‍ എം വെങ്കയ്യ നായിഡു സഭാനടപടികള്‍ ഉച്ചയ്ക്കു രണ്ടുവരെ നിര്‍ത്തിവയ്ക്കുകയായിരുന്നു.
തിങ്കളഴ്ച നടന്ന ബിഎസി യോഗത്തില്‍ സര്‍ക്കാര്‍ നിയമനിര്‍മാണങ്ങള്‍ക്കായി സമയം അനുവദിച്ചതായി നായിഡു പറഞ്ഞു. തിരഞ്ഞെടുപ്പ് ബില്‍ ചര്‍ച്ച ചെയ്യുന്നതിനും പാസാക്കുന്നതിനുമായി മൂന്ന് മണിക്കൂര്‍ ഇതില്‍ ഉള്‍പ്പെടുന്നു.
Also Read: സ്ത്രീ വിവാഹപ്രായം 21 ആക്കുന്നതിനുള്ള ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക്
എന്നാല്‍ തങ്ങള്‍ പങ്കെടുക്കാരെ ബിഎസി എങ്ങനെ സമയം അനുവദിക്കുമെന്നായി കോണ്‍ഗ്രസിലെയും ടിഎംസിയിലെയും മറ്റ് പാര്‍ട്ടികളിലെയും പ്രതിപക്ഷ അംഗങ്ങളുടെയും ചോദ്യം. സര്‍ക്കാരിനെ കൂടാതെ, പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളും ഉള്‍പ്പെടുന്നതാണു ബിഎസിയില്‍ പ്രതിനിധീകരിക്കുന്നു. സഭയില്‍ ചര്‍ച്ച ചെയ്യേണ്ട സമയം ബിഎസിയാണു തീരുമാനിക്കുന്നത്.
പാര്‍ലമെന്റിന്റെ ഇരുസഭകളും തിരഞ്ഞെടുപ്പ് നിയമ (ഭേദഗതി) ബില്‍പാസാക്കിയതിനാല്‍ ഇനി രാഷ്ട്രപതി ഒപ്പിട്ടാല്‍ നിയമമാകും. പതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയിലാണ് ലോക്‌സഭയിലും ബില്‍ പാസായത്. പുതിയ നിയമനിര്‍മാണം രാജ്യത്തെ കള്ളവോട്ട് അവസാനിപ്പിക്കുമെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയെ കൂടുതല്‍ വിശ്വസനീയമാക്കുമെന്നുമാണു ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചുകൊണ്ട് നിയമ മന്ത്രി കിരണ്‍ റിജിജു പറഞ്ഞത്.
കോണ്‍ഗ്രസ്, ഡിഎംകെ, ടിഎംസി എംപിമാര്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കവെയാണ് റിജിജു ബില്‍ അവതരിപ്പിച്ചത്. പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ എതിര്‍പ്പ്. ആധാര്‍ സംബന്ധിച്ച സുപ്രീം കോടതി വിധി ലംഘിക്കുന്ന ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
ജനുവരി ഒന്ന്, ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബര്‍ ഒന്ന് എന്നിങ്ങനെ വര്‍ഷത്തില്‍ നാലു തവണ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതു കൂടിയുള്ളതാണു പുതിയ ബില്‍.