ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ വീണ്ടും സഭയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. മുത്തലാഖ് നിരോധിക്കാനുള്ള ബില്‍ വീണ്ടും പാര്‍ലമെന്റിൽ അവതരിപ്പിക്കുമെന്ന് കേന്ദ്ര നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ലോക്സഭയില്‍ പാസായ ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ ഒന്നാം മോദി സര്‍ക്കാരിന് സാധിച്ചിരുന്നില്ല.
മുത്തലാഖ് ബില്‍ വീണ്ടും കൊണ്ടുവരുമോ എന്ന ചോദ്യത്തിന് ‘എന്തുകൊണ്ട് ഇല്ല’ എന്ന് രവിശങ്കര്‍ പ്രസാദ് മറുചോദ്യം ഉന്നയിച്ചു. മുത്തലാഖ് ബില്‍ ബിജെപിയുടെ മാനിഫെസ്റ്റോയിലുള്ള കാര്യമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ രാഷ്ട്രീയ ഉപദേശങ്ങള്‍ തേടിയ ശേഷം തീരുമാനമെടുക്കുമെന്നും കേന്ദ്ര നിയമകാര്യ മന്ത്രി അറിയിച്ചു.
Read More: വാട്സ് ആപ്പ് മെസേജിലൂടെ മുത്തലാഖ്; യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു
മുത്തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ പ്രതിപക്ഷം നേരത്തെ എതിര്‍ത്തിരുന്നു. മുത്തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിക്കുന്നത് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കുന്ന ഒന്നായാണ് ബില്ലില്‍ പറയുന്നത്. ഇതിനെതിരെയാണ് മുസ്ലീം സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തുവന്നത്. മുത്തലാഖ് ബില്‍ 2018 ആഗസ്റ്റില്‍ ലോക്സഭയില്‍ പാസാക്കിയതാണ്. എന്നാല്‍, അംഗബലം കുറവായതിനാല്‍ ബിജെപി സര്‍ക്കാരിന് ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ സാധിച്ചില്ല. രാജ്യസഭയില്‍ ബില്‍ പാസാക്കാന്‍ സാധിക്കാതിരിക്കുകയും പിന്നീട് രാജ്യസഭ പിരിയുകയും ചെയ്തിരുന്നു.
Read More: മുത്തലാഖ് ബില്ലും പൗരത്വ ബില്ലും പാസാക്കാനാകാതെ രാജ്യസഭ പിരിഞ്ഞു
മുത്തലാഖ് ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. എന്നാല്‍ ബിജെപി ഇതിന് തയ്യാറല്ല. നിലവിലെ സാഹചര്യത്തില്‍ മുസ്ലിം വിവാഹ നിയമങ്ങളില്‍ ഭേദഗതി ആവശ്യമില്ലെന്നും മുസ്ലിം പുരുഷന്മാരെ ജയിലിലടയ്ക്കാനുള്ള ബിജെപിയുടെ നീക്കമാണിതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. അധികാരത്തിലെത്തിയാല്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാഖ് നിയമം റദ്ദാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.