ന്യൂഡൽഹി: ഒൻപത് ഭേദഗതികളോടെ സാമൂഹ്യനീതി വകുപ്പിന്റെ ട്രാൻസ്ജെന്റർ അവകാശ ബിൽ കേന്ദ്ര കാബിനറ്റിന് മുന്നിൽ. ട്രാൻസ്ജെന്റർ എന്ന വാക്കിന്റെ നിർവചനം അടക്കം കൂടുതൽ വ്യക്തത വരുത്തിയാണ് ബിൽ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിന് സമർപ്പിച്ചത്.

വിവിധ വകുപ്പുകളുടെ നിർദ്ദേശങ്ങൾ അംഗീകരിച്ചാണ് ട്രാൻസ്ജെന്റർ അവകാശ നിയമം സാമൂഹ്യനീതി വകുപ്പ് കേന്ദ്ര കാബിനറ്റിന്റെ അംഗീകാരത്തിന് സമർപ്പിച്ചിരിക്കുന്നത്. “ജനന സമയത്ത് കൽപ്പിച്ച് നൽകുന്ന ലിംഗപരമായ സ്വത്വമല്ല ട്രാൻസ്ജെന്ററിന്റേത്. അത് ട്രാൻസ്‌-മാനോ, ട്രാൻസ്-വുമണോ ആകാം.(ലിംഗ മാറ്റ ശസ്ത്രക്രിയകൾക്ക് വിധേയരാകാതെ തന്നെ ഒരാളെ ട്രാൻസ്ജെന്ററായി അംഗീകരിക്കാം)” ഭേദഗതി പ്രകാരമുളള നിർവചനം.

വ്യക്തിക്ക് ട്രാൻസ്‌ജെന്റർ സർട്ടിഫിക്കറ്റ് നൽകുന്നതിനുളള ഉപാധികളിലും മാറ്റങ്ങളുമുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയകൾക്ക് വിധേയരായവർ, ശസ്ത്രക്രിയ നടത്തിയ ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം നൽകണം. ജില്ല കളക്ടർക്കാണ് ഇത് സംബന്ധിച്ച് അപേക്ഷ നൽകേണ്ടത്.

ഇത് സംബന്ധിച്ച പരാതികൾ പരിഗണിക്കുന്നതിന് പ്രത്യേക ഉദ്യോഗസ്ഥന് എല്ലാ സ്ഥാപനങ്ങളും ചുമതല നൽകണം. നേരത്തേ നൂറ് തൊഴിലാളികൾ മാത്രമുളള സ്ഥാപനങ്ങൾ എന്ന് നിഷ്‌കർഷിച്ചിരുന്നത് ഒഴിവാക്കിയിട്ടുണ്ട്.

കേന്ദ്ര ട്രാൻസ്ജെന്റർ പരാതി പരിഹാര സെന്ററിന്റെ കർശന ഇടപെടലിനെ തുടർന്ന് പല നിർദ്ദേശങ്ങളും മാറ്റി. ജില്ല സ്ക്രീനിംഗ് കമ്മിറ്റി മുൻപാകെ ശാരീരിക പരിശോധനയ്ക്ക് വിധേയരാകണമെന്നതടക്കമുളള ഉപാധികളാണ് പിൻവലിച്ചത്.

ഇതോടെ ട്രാൻസ്ജെന്റർ നയം, പരിപാടികൾ, നിയമനിർമ്മാണം, പദ്ധതികൾ എന്നിവയ്ക്ക് കേന്ദ്ര ട്രാൻസ്ജെന്റർ പരാതി പരിഹാര സെന്റർ സമ്മർദ്ദം ചെലുത്തുമെന്ന് വ്യക്തമാക്കി.

അതേസമയം സ്വവർഗ ലൈംഗികത കുറ്റകരമായി കാണുന്ന ഇന്ത്യൻ ശിക്ഷ നിയമത്തിലെ 377ാം വകുപ്പിൽ നിന്ന് ട്രാൻസ്ജെന്റേർസിനെ ഒഴിവാക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. ഇതിന് പുറമേ ട്രാൻസ്ജെന്റേർസിനെ പിന്നാക്ക വിഭാഗമായി അംഗീകരിക്കണമെന്ന നിർദ്ദേശവും നിയമവകുപ്പ് അംഗീകരിച്ചില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ