വാഷിങ്ടൺ: മൈക്രോസോഫ്റ്റിന്റെ പടിയിറങ്ങുന്നുവെന്ന പ്രഖ്യാപനവുമായി സ്ഥാപനത്തിന്റെ ഡയറക്ടർ ബിൽഗേറ്റ്സ്. ജീവകാരുണ്യ പ്രവർത്തനങ്ങൾ ആരോഗ്യ മേഖല, വിദ്യാഭ്യാസ മേഖല, കാലാവസ്ഥാ വ്യതിയാന മേഖലയിലും ശ്രദ്ധകേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും ബില്‍ഗേറ്റ്‌സ് വ്യക്തമാക്കി.

മൈക്രോസോഫ്റ്റിന്റെ സ്ഥാപകരിലൊരാളും ടെക്‌നോളജി അഡ്വൈസറുമായ ബില്‍ഗേറ്റ്‌സ് വെള്ളിയാഴ്ച വൈകീട്ടോടെയാണ് തീരുമാനം പ്രഖ്യാപിച്ചത്. അതേസമയം, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാഥല്ലയുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും ടെക്‌നോളജി അഡ്വൈസറായി തുടരുമെന്നും ബില്‍ഗേറ്റ്‌സ് അറിയിച്ചിട്ടുണ്ട്.

മൈക്രോസോഫ്റ്റ് തന്റെ ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നുവെന്ന് ബില്‍ഗേറ്റ്‌സ് പറഞ്ഞു. നിലവിലെ നേതൃത്വവുമായുള്ള ബന്ധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: കോവിഡ് 19: ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

പേഴ്സണൽ കമ്പ്യൂട്ടർ വിപ്ലവത്തിന് തുടക്കം കുറിക്കുകയും അതിന്റെ വളർച്ചയിൽ അവിഭാജ്യഘടകമാകുകയും ചെയ്ത മൈക്രോസോഫ്റ്റ്, ബിൽ ഗേറ്റ്സും അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്തായ പോൾ അലനും ചേർന്നാണ് സ്ഥാപിച്ചത്. 1975 ഏപ്രില്‍ നാലിനാണ് മൈക്രോസോഫ്റ്റിന് രൂപം നൽകിയത്.

മൈക്രോസോഫ്റ്റിന്റെ മേധാവിയായിരിക്കുമ്പോൾ, മത്സരക്ഷമമല്ലാത്ത സ്ഥിതി സൃഷ്ടിക്കുന്ന കച്ചവടതന്ത്രങ്ങളുടെ പേരിൽ, ബിൽഗേറ്റ്സ് ഏറെ വിമർശിക്കപ്പെട്ടിട്ടുണ്ട്. 2008 ൽ മൈക്രോസോഫ്റ്റിലെ ദൈനംദിന റോളിൽ നിന്ന് മാറിയ അദ്ദേഹം 2014 വരെ ബോർഡ് ചെയർമാനായി സേവനമനുഷ്ഠിച്ചു.

2000-ത്തിൽ ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡയും ചേർന്ന് രൂപം നൽകിയ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനിലൂടെ വിവിധ സന്നദ്ധ-ശാസ്ത്രഗവേഷണസ്ഥാപനങ്ങൾക്ക് വൻതുകകൾ സംഭാവന നൽകുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook