ഇനി ചാരിറ്റിയിലേക്ക് വരാം. ഒരു സമ്പന്ന രാജ്യത്ത് നിന്നുള്ള ഒരു കോടീശ്വരനോടും ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തുനിന്നുള്ള ഒരാളോടും സംസാരിക്കുമ്പോൾ നിങ്ങൾക്ക് എന്തെങ്കിലും വ്യത്യാസം തോന്നിയിട്ടുണ്ടോ?
ഒരേയൊരു വ്യത്യാസം, നിങ്ങൾ ഒരു സമ്പന്ന രാജ്യത്ത് ജീവിക്കുന്ന ശതകോടീശ്വരനാണെങ്കിൽ, നിങ്ങളുടെ സമ്പത്തിന്റെ ചെറിയൊരു ഭാഗം രാജ്യത്തിന് പുറത്തേക്ക് നൽകുന്നത് പരിഗണിക്കണം. വളരാനുള്ള ചുറ്റുപാട് ഒരുക്കിത്തന്നതിന് പ്രത്യുപകാരമായി നിങ്ങളുടെ രാജ്യത്ത് കുറച്ച് ചെലവഴിക്കാൻ ആഗ്രഹം കാണും. കാരണം അവിടുത്തെ അന്തരീക്ഷം ഉണ്ടാക്കി തന്ന ഒരു വിജയമാണ്. ഞങ്ങളുടെ ഫൌണ്ടേഷൻ അമേരിക്കൻ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി പണം ചെലവഴിക്കുന്നു. കാരണം, മെലിൻഡയും ഞാനും മികച്ച വിദ്യാഭ്യാസം നേടുന്നതിൽനിന്ന് പ്രയോജനം നേടിയതിനാൽ അത് മെച്ചപ്പെടുത്താൻ ശ്രമിക്കുന്നു.
നിങ്ങൾ ഇന്ത്യയിലോ ആഫ്രിക്കയിലോ ഉള്ള ഒരു കോടീശ്വരനാണെങ്കിൽ, നിങ്ങളുടെ പണത്തിന്റെ ഭൂരിഭാഗവും നിങ്ങളുടെ സ്വന്തം രാജ്യത്ത് തന്നെ നൽകും, കാരണം ഇന്ത്യയിൽ പ്രാഥമിക ആരോഗ്യ പരിരക്ഷാ പ്രശ്നങ്ങൾ ധാരാളം ഉണ്ട്… ഉഷ്ണമേഖലാ രോഗങ്ങൾ അവിടെ വളരെ അധികമാണ്. ഇന്ത്യൻ കോടീശ്വരന്മാരിൽ ഈ കാര്യങ്ങളിൽ താത്പര്യമുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. അടിസ്ഥാന അസമത്വങ്ങൾ കൈകാര്യം ചെയ്യുന്നതിലൂടെ ആരോഗ്യത്തെക്കുറിച്ചോ വിദ്യാഭ്യാസത്തെക്കുറിച്ചോ അവരെ കൂടുതൽ ബോധവത്കരിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
കിഴക്കൻ രാജ്യങ്ങളിലെ ദാനരീതിയും പാശ്ചാത്യ രീതിയും തമ്മിൽ എന്തെങ്കിലും വ്യത്യാസം നിങ്ങൾ കാണുന്നുണ്ടോ?
പ്രധാന വ്യത്യാസം, വളരെക്കാലമായി സമ്പന്നരായ കുടുംബങ്ങൾ ഉള്ളപ്പോൾ, അവർ ഒരു രാജവംശം പോലെയാണ്. അവർ അവരുടെ വരുമാനമാണ് സംഭാവനയായി നൽകുന്നത്. അവരുടെ മൂലധനത്തിൽ നിന്നല്ല. സാങ്കേതികവിദ്യയിലെന്നപോലെ, സമീപകാലത്ത് സമ്പന്നനായ ഒരാൾ , അവരുടെ സമ്പത്തിന്റെ 50 മുതൽ 90 ശതമാനം വരെ, ദാനം ചെയ്യാൻ തയ്യാറാണ്. കാരണം കുടുംബത്തിന് ലഭിച്ച ഭാഗ്യമായി അവരതിനെ കാണുന്നില്ല. അതിനാലാണ് മാർക്ക് സക്കർബർഗ് 99 ശതമാനം സമ്പാദ്യം സംഭാവന ചെയ്യാൻ പദ്ധതിയിടുന്നത്. ഞങ്ങളുടെ കുട്ടികൾക്ക് ഉദാരമായി നൽകും. എന്നാൽ ഞാൻ സ്വത്തിന്റെ 95 ശതമാനം ദാനമായി നൽകാൻ ആഗ്രഹിക്കുന്നു.
നിങ്ങളുടെയും മെലിൻഡ ഗേറ്റിന്റെയും വാർഷിക കത്തിൽ പറയുന്ന ഒരു കാര്യം അസമത്വങ്ങളുടെ അതിശയോക്തിയാണ്… ലിംഗഭേദത്തിന് ഒരു തിരിച്ചടി ഉണ്ടായിട്ടുണ്ട്.
ദരിദ്ര രാജ്യങ്ങളിലെ സ്ത്രീകളുടെ അവസ്ഥ പുരുഷന്മാരേക്കാൾ മോശമാണ് . അവർക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം, പുറത്തുപോകാനും മറ്റ് സ്ത്രീകളോട് ഇടപെടാനും ഉള്ള കഴിവൊക്കെ. അവർ കുറേ സമയം വളരെ കഠിനമായ ജോലികൾ ചെയ്യുന്നു പലപ്പോഴും ദിവസം മുഴുവൻ ഇത് നീണ്ടു നിക്കുന്നു. അക്രമത്തിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനോ തിരഞ്ഞെടുപ്പ് നടത്തുന്നതിനോ ഉള്ള അവരുടെ കഴിവ് വളരെ പരിമിതമാണ്. അതിനാൽ ഇത്തരം കാര്യങ്ങളിൽ മാറ്റം വരുത്താൻ സാമ്പത്തിക വികസനം സഹായിക്കുന്നു.
മഹാമാരികൾ പോലുള്ള ഒരു വലിയ തിരിച്ചടിഉണ്ടാകുമ്പോൾ, ഇത് സ്ത്രീകൾക്ക് കൂടുതൽ കഠിനമാണെന്ന് നാം സ്വയം ഓർമ്മിപ്പിക്കേണ്ടതുണ്ട്. സമ്പന്ന രാജ്യങ്ങളിൽ പോലും… സ്ത്രീകൾ പലപ്പോഴും വീട്ടുജോലികൾ ചെയ്യുന്നു, കുട്ടികളെ അവരുടെ ഓൺലൈൻ വിദ്യാഭ്യാസത്തിന് സഹായിക്കുന്നത് പലപ്പോഴും അമ്മയുടെ ബാധ്യതയാണ്. ഇത്തരം ലിംഗപരമായ വിഷയങ്ങളെ കുറിച്ച് മെലിൻഡയ്ക്ക് വ്യക്തമായ നയങ്ങളുണ്ട്. അത് സ്ത്രീളുടെ ഭാരിച്ച ചുമതലകൾ കുറയ്ക്കാൻ സഹായിക്കും.
ടെക്നോളജിക്ക് ഈ അസമത്വങ്ങൾ പരിഹരിക്കുന്നതിന് എന്തെങ്കിലും മാർഗം കണ്ടെത്താനാകുമോ?
ഞങ്ങൾ തീർച്ചയായും ഓൺലൈൻ പഠനത്തിനുള്ള നിക്ഷേപം ത്വരിതപ്പെടുത്തി. ഇപ്പോൾ ഓൺലൈൻ പഠനത്തിന് ഒരു ഇന്റർനെറ്റ് കണക്ഷനും പിസി പോലുള്ള ഉപകരണവും ആവശ്യമാണ്. അതിനുശേഷം ആ ഉള്ളടക്കം സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള അധ്യാപകരെ കണ്ടെത്തുകയും വിദ്യാർത്ഥികളുമായി എങ്ങനെ ഇടപെടാമെന്ന്(engaging) മനസിലാക്കുകയും ചെയ്യണം…
പകർച്ചവ്യാധിക്കുശേഷവും വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിൽ ഓൺലൈനിൽ വലിയ സാധ്യതകളുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നത്. കുട്ടികൾ ആശയക്കുഴപ്പത്തിലാകുമ്പോൾ ഉടനടി ഫീഡ്‌ബാക്ക് നേടാൻ കഴിയും. ഒരേ സ്ഥലത്ത് അല്ലെങ്കിലും മറ്റ് വിദ്യാർത്ഥികളെ കണ്ടുമുട്ടാൻ കഴിയും. വിദ്യാഭ്യാസം മെച്ചപ്പെടുത്തുകയാണെങ്കിൽ, അത് മുഴുവൻ സമ്പദ്‌വ്യവസ്ഥയെയും സ്വാധീനിക്കും. എല്ലാ രാജ്യങ്ങളിലും, പ്രത്യേകിച്ച് ഇന്ത്യയിൽ മനുഷ്യശേഷിയാണ് പ്രധാന വിഭവം. ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം എങ്ങനെ മികച്ചതാക്കാം എന്നത് എന്നെ ആകർഷിച്ചു. കാരണം രാജ്യം എത്ര വേഗത്തിൽ മുന്നേറുന്നു എന്നതാണ് തന്ത്രപ്രധാനമായ കാര്യം.
സാങ്കേതികവിദ്യ എത്രമാത്രം പകരംവെക്കാൻ ഇല്ലാത്തതാണെന്ന് ഈ മഹാമാരി അടിവരയിട്ടു… സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട മാർഗരേഖയെ കുറിച്ച് താങ്കളുടെ ചിന്തകൾ എന്താണ്… പൗരന്മാർക്കും റെഗുലേറ്റർമാർക്കും ബിഗ് ടെക്കുമായി ഇടപഴകുന്നതിനെക്കുറിച്ച് ചിന്തിക്കാൻ ഒരു പുതിയ മാർഗം ഉണ്ടായിരിക്കണമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അത് നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു. എല്ലാ കമ്പനികളും അവരുടെ ഉപയോക്താക്കൾക്കായി പുതിയ കാര്യങ്ങൾ സൃഷ്ടിക്കുന്നുവെന്നും അതിന്റെ അതിർത്തികൾ എന്തായിരിക്കണമെന്നും നാം എങ്ങനെ ഉറപ്പിക്കാനാണ്.
ആമസോണിന് അവരുടെ വിപണിയിൽ സ്വന്തം ഉൽപ്പന്നങ്ങൾ വിൽക്കാൻ കഴിയില്ലെന്നു ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മറ്റ് രാജ്യങ്ങളിൽ ഇങ്ങനെയല്ല. പക്ഷെ മറ്റ് രാജ്യങ്ങൾ ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ടെന്ന് ഞാൻ കരുതുന്നു… സാങ്കേതികവിദ്യ വികസിക്കുന്നതിനനുസരിച്ച്, പ്രത്യേകിച്ചും ഇപ്പോൾ അത് ആശയവിനിമയ മേഖലയിലേക്കും വാർത്താ വിതരണത്തിലേക്കും എത്തിയിരിക്കുന്നു സാഹചര്യത്തിൽ… വാക്സിനെ കുറിച്ച് പ്രചരിപ്പിക്കുന്ന തെറ്റായ വിവരങ്ങൾ എങ്ങനെ തടയാമെന്ന് സർക്കാരുകൾ ആലോചിക്കുന്നു, വംശീയ വിദ്വേഷങ്ങൾ പ്രചരിപ്പിക്കുന്നത് എങ്ങനെ വിലക്കാൻ പറ്റും? ചില രാഷ്ട്രീയക്കാരും എന്തെങ്കിലും പറഞ്ഞ് പ്രശ്നങ്ങൾ കുത്തിപ്പൊക്കാറുണ്ട്, എങ്ങനെയാണ് ഇതൊക്കെ നിയന്ത്രിക്കാനാകുക? രാജ്യങ്ങൾ ടെക്നോളജി കമ്പനികളോട് ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് വ്യക്തമായി പറയുന്നത് ഉചിതമായിരിക്കും.
ലോകമെമ്പാടുമുള്ള സമൂഹങ്ങളിൽ ധ്രുവീകരണത്തിന്റെ വ്യാപ്തിയെക്കുറിച്ച് താങ്കൾ സംസാരിക്കാറുണ്ട്. ഈ ധ്രുവീകരണം തടയുന്നതിൽ ബിഗ് ടെക്കിന് പങ്കുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അതോ അത് ബിഗ് ടെക്കിന്റെ ജോലിയല്ലേ?
അതേക്കുറിച്ചുള്ള മാർഗരേഖകൾ ആദ്യം സർക്കാർ തീരുമാനിക്കണം. അതിന് ശേഷം ടെക്നോളജി കമ്പനികളുടെ അടുത്ത് അക്കാര്യം വ്യക്തമാക്കണം. ഉദാഹരണത്തിന്, കുട്ടികൾക്ക് ലൈംഗികത അടങ്ങിയ ഉള്ളടക്കങ്ങൾ ലഭ്യമാക്കാതിരിക്കുക. കമ്പനികൾ ഇതിനു വേണ്ടിയുള്ള ശേഷി വർധിപ്പിക്കേണണ്ടതുണ്ട്. വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്നത്, വാക്സിൻ അപകടമാണ് എന്ന് പറയുന്നത്… അതൊരു രാഷ്ട്രീയപരമായ തീരുമാനമാണ്. അത് വ്യക്തമായ രീതിയിൽ എഴുതി തയ്യാറാക്കിയാൽ ടെക്നോളജി കമ്പനികൾക്ക് എന്തു ചെയ്യണമെന്ന് മനസിലാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഒരു റാപ്പിഡ് ഫയർ ആണ് അടുത്തത്. പെട്ടെന്ന് ഉത്തരം നൽകേണ്ട ചോദ്യങ്ങളാണ് ഞാൻ ചോദിക്കുക.
നിയോഗം(Destiny) അല്ലെങ്കിൽ സ്വതന്ത്ര ഇച്ഛാശക്തി(free will)?
സ്വതന്ത്ര ഇച്ഛാശക്തി
വിദ്യാഭ്യാസമോ അനുഭവമോ?
ഞാൻ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്നു. എന്നാൽ രണ്ടും ആവശ്യമാണെന്ന് ഞാൻ സമ്മതിക്കുന്നു.
നഷ്ടപ്പെട്ട ഒരു അവസരം?
നഷ്‌ടമായ അവസരത്തിന്റെ ഉദാഹരണം. മൈക്രോസോഫ്റ്റ് ഫോൺ ഓപ്പറേറ്റിങ് സിസ്റ്റത്തിന് വേണ്ടിയുള്ള ആവശ്യമായ കാര്യങ്ങൾ ചെയ്തില്ല. അവിടെ എനിക്ക് തെറ്റു പറ്റി. അതിൽ ഞാൻ ഖേദിക്കുന്നു.
ഇന്റർനെറ്റ് പുനർനിർമ്മിക്കാൻ നിങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിൽ, എന്തായിരിക്കും നിങ്ങൾ കൊണ്ടുവരുന്ന പ്രധാന മാറ്റം?
നിങ്ങൾ അജ്ഞാതനാണെന്ന അടിസ്ഥാന ധാരണ. അത് ചില സുരക്ഷാപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. സുരക്ഷ നിയന്ത്രിക്കാനുള്ള കഴിവില്ലായ്മ ചില ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നു.
ഇന്ത്യ നിങ്ങളെ എന്തെങ്കിലും പഠിപ്പിച്ചിട്ടുണ്ടോ? നിങ്ങളുടെ ഓരോ യാത്രകളിലും, നിങ്ങൾ ഇന്ത്യയിൽ നിന്ന് സ്വാംശീകരിച്ച ഒരു കാര്യം?
ഇന്ത്യ വളരെയധികം സാധ്യതകളുടെ രാജ്യമാണ്., തെരുവുകൾ ആളുകളെ കൊണ്ട് നിബിഡമാണ്. കഷ്ടപ്പെട്ട് പഠിച്ച് തിളക്കമാർന്ന ഭാവി സ്വന്തമാക്കുന്നവരെ നിങ്ങൾക്ക് കാണാം. എണ്ണയോ അല്ലെങ്കിൽ വലിയ ധാതു ശേഖരമോ കാണാൻ സാധിക്കില്ല, എന്നാൽ മനുഷ്യ വിഭവമുണ്ട്. അവർക്കെല്ലാം വിദ്യാഭ്യാസം ലഭിച്ചാൽ അത് തുറന്നു നൽകുന്ന സാധ്യതകൾ വളരെ വലുതാണ്.
നിങ്ങൾ ഞങ്ങളുടെ ഫൌണ്ടേഷനിലേക്കോ മൈക്രോസോഫ്റ്റ് ഓഫീസിലേക്കോ പോയാൽ മികച്ച ഇന്ത്യൻ വിദ്യാഭ്യാസം നേടിയ ആളുകളെ കാണുകയും അവർ എത്ര മിടുക്കരാണെന്നും അവർ എന്താണ് സംഭാവന ചെയ്യുന്നതെന്നും നിങ്ങൾക്കറിയാം. എന്നാൽ രാജ്യത്തെ ഭൂരിഭാഗം ആളുകൾക്കും ആ അവസരം ലഭിക്കുന്നില്ല. ഈ വിഭാഗത്തിന്റെ ശേഷിയും കഴിവും പ്രയോജനപ്പെടുത്താത്തത് കണ്ട് ചിലപ്പോൾ നിരാശപ്പെടാറുണ്ട്… എനിക്കെപ്പോഴും അങ്ങനെയാണ് തോന്നാറ്.
ബിൽ ഗേറ്റ്സിനെപ്പോലെയാകാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് പറയുന്ന യുവ ഇന്ത്യൻ സംരംഭകനോട് നിങ്ങളുടെ ഉപദേശം എന്താണ്?
വളരെ ഉയർന്ന വിജയ സാധ്യതയില്ല എന്ന് മനസിലാക്കുക. ആഗ്രഹങ്ങൾ ഉണ്ടാകുന്നത് നല്ലതാണ്. എന്നാൽ ഏത് മേഖലയിലാണ് നിങ്ങൾ പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നത് എന്നത് ആദ്യമേ തീരുമാനിക്കുക.
മറ്റാരെങ്കിലും നിർമ്മിച്ചതിനേക്കാൾ മികച്ച റോബോട്ടുകൾ നിർമ്മിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ അല്ലെങ്കിൽ ഗവേഷണ വിഷയങ്ങളിൽ ആളുകളെ സഹായിക്കാനും അവരുടെ സമയവും പണവും ക്രമീകരിച്ച് കാര്യങ്ങൾ മികച്ച രീതിയിൽ പൂർത്തിയാക്കാനും അവരെ സഹായിക്കണോ? സോഫ്റ്റ്വെയറിൽ അതിർവരമ്പുകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാം. വൈദ്യശാസ്ത്രത്തിൽ അതിർവരമ്പുകൾ ഉണ്ട്, കാലാവസ്ഥാ വ്യതിയാന വിഷയങ്ങളിലും അതിർത്തികളുണ്ട്. നിങ്ങൾ വിദ്യാഭ്യാസമാർജിക്കാനും മാറ്റങ്ങൾ സൃഷ്ടിക്കാനും ഉദ്ദേശിക്കുന്ന ആളാണെങ്കിൽ, വലിയ കമ്പനിയോ ധാരാണം പണമോ വേണമെന്നില്ല. പക്ഷെ മാനവികത നേരിടുന്ന ചില വലിയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനായി എന്ന സംതൃപ്തി ഉണ്ടാകും.
അഭിമുഖത്തിന്റെ ആദ്യഭാഗം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക