വഡോദര: ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗ കേസിലെ 11 പ്രതികളിൽ ഒരാൾ ഗുജറാത്ത് സർക്കാർ പരിപാടിയിൽ ബിജെപി എംപിക്കൊപ്പം വേദിയിൽ. കഴിഞ്ഞ വർഷം ശിക്ഷായിളവ് നല്കി ഗുജറാത്ത് സർക്കാർ വിട്ടയച്ച ഷൈലേഷ് ഭട്ടാണ് ബിജെപിയുടെ ദാഹോദ് എംപി ജസ്വന്ത്സിൻഹ് ബാഹോർ, അദ്ദേഹത്തിന്റെ സഹോദരനും ലിംഖേദ ബിജെപി എംഎൽഎയുമായ ഷൈലേഷ് ബാഹോർ എന്നിവർക്കൊപ്പം വേദി പങ്കിട്ടത്.
ദാഹോദ് ജില്ലയിലെ സിംഗ്വാദ് താലൂക്കിലെ കർമാഡി ഗ്രാമത്തിൽ ഗുജറാത്ത് വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (GWSSB) പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങിലാണ് ബിൽക്കിസ് ബാനോ കേസിലെ പ്രതിയായ അറുപത്തിമൂന്നുകാരൻ ഷൈലേഷ് ഭട്ടും പങ്കെടുത്തത്. ദാഹോദ് ജില്ലാ ഇൻഫർമേഷൻ വകുപ്പ് പുറത്തുവിട്ട പരിപാടിയുടെ ചിത്രങ്ങളിൽ വേദിയുടെ മുൻനിരയിൽ തന്നെ ഇയാൾ ഇരിക്കുന്നത് കാണാം.
ഇതൊരു പൊതുപരിപാടിയായതിനാലാണ് പങ്കെടുത്തതെന്നും മറ്റൊന്നും തനിക്ക് പറയാനില്ലെന്നുമാണ് ഭട്ട് ദി ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചത്. അതേസമയം, ഭട്ട് പരിപാടിയിൽ പങ്കെടുത്തതിനെക്കുറിച്ച് പ്രതികരിക്കാൻ ബിജെപി എംപി ജസ്വന്ത്സിൻഹ് ബാഹോർ തയ്യാറായില്ല. ”എംഎൽഎ ആയതിനാൽ ഞാൻ പരിപാടി സംബന്ധിച്ച തിരക്കിലായിരുന്നു. വേദിയിൽ എനിക്കൊപ്പം മറ്റാരൊക്കെയാണ് ഇരിക്കുന്നതെന്ന് ഞാൻ ശ്രദ്ധിച്ചില്ല. പരിപാടിയിൽ അയാൾ (ഭട്ട്) പങ്കെടുത്തിട്ടുണ്ടെങ്കിൽ ഞാൻ പരിശോധിക്കും,” ബിജെപി എംപിയുടെ സഹോദരനും എംഎൽഎയുമായ ഷൈലേഷ് ബാഹോർ പറഞ്ഞു.
ആരാണ് ഭട്ടിനെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് തങ്ങൾക്ക് അറിയില്ലെന്ന് ദഹോദ് ജില്ലാ ഭരണകൂടത്തിന്റെ ഉദ്യോഗസ്ഥർ പറഞ്ഞു. ”പരിപാടി സംഘടിപ്പിച്ചത് ഞങ്ങളായിരുന്നുവെങ്കിലും, ക്ഷണക്കത്ത് അയച്ചത് ജലവിതരണ വകുപ്പ് അല്ല. താലൂക്ക് പഞ്ചായത്ത് അംഗങ്ങളാണ് അതിഥികളെ ക്ഷണിച്ചത്. വേദിയിൽ ഇരിപ്പിടം തീരുമാനിച്ചതുപോലും ആരെന്ന് ഞങ്ങൾക്ക് അറിയില്ല,” ദാഹോദിലെ ജിഡബ്ല്യുഎസ്എസ്ബിയുടെ ഡെപ്യൂട്ടി എൻജിനീയർ പ്രദീപ് പാർമർ പറഞ്ഞു.
2002 ലെ ഗുജറാത്ത് കലാപ സമയത്ത് ബിൽക്കിസ് ബാനോയെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബാംഗങ്ങളായ 14 പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളിലൊരാളാണ് ഭട്ട്. 2022 ഓഗസ്റ്റ് 15 നാണ് ഇയാൾ അടക്കം മുഴുവൻ പ്രതികളെയും ഗുജറാത്ത് സർക്കാർ മോചിപ്പിച്ചത്. ശിക്ഷായിളവ് തേടി പ്രതികളിലൊരാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനു സുപ്രീം കോടതി നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.