അഹമ്മദാബാദ്: ഗുജറാത്ത് കലാപ സമയത്ത് കൂട്ട ബലാത്സംഗത്തിനിരയായ ബില്‍ക്കീസ് ബാനു 2002ന് ശേഷം ആദ്യമായി ഇന്നലെ (ചൊവ്വാഴ്ച) വോട്ട് ചെയ്തു. ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും ജോലിയും അവര്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് താമസവും നല്‍കണം എന്ന സുപ്രീം കോടതി വിധി വന്നതിന് തൊട്ടുപിന്നാലെയാണ് ദേവ്ഗാധ് ബരിയയിലെ പോളിങ് സ്‌റ്റേഷനില്‍ വോട്ട് ചെയ്യാന്‍ ബില്‍ക്കീസ് ബാനു എത്തിയത്. അവരുടെ മുഖത്ത് പ്രകാശമുണ്ടായിരുന്നു, 17 വര്‍ഷത്തില്‍ ആദ്യമായാണ് ബില്‍ക്കീസ് ബാനു വോട്ട് രേഖപ്പെടുത്തുന്നത്.

‘എനിക്ക് ഒരിക്കലും വോട്ട് ചെയ്യാനുള്ള അവകാശം ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. കാരണം ഞങ്ങള്‍ നിരന്തരമായി യാത്രയിലായിരുന്നു. പക്ഷെ ഇന്ന് ഞാന്‍ വോട്ട് ചെയ്തു. രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടിയുള്ള വോട്ട്. നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയിലും തിരഞ്ഞെടുപ്പ് പ്രക്രിയയിലും ഞാന്‍ വിശ്വസിക്കന്നു,’ ബില്‍ക്കീസ് ബാനു പറഞ്ഞു. ഭര്‍ത്താവ് യാക്കൂബിനും നാല് വയസുകാരി മകള്‍ക്കും ഒപ്പമാണ് അവര്‍ വോട്ട് ചെയ്യാന്‍ എത്തിയത്.

Read More: ഗുജറാത്ത് കലാപം: ബില്‍ക്കീസ് ബാനുവിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

സുപ്രീം കോടതി വിധിയെ കുറിച്ചുള്ള വാര്‍ത്ത അവര്‍ അറിഞ്ഞിരുന്നു. ‘സുപ്രീം കോടതിക്ക് ഞാന്‍ നന്ദി പറയുന്നു. ഇനി ഞങ്ങള്‍ക്ക് സുസ്ഥിരമായ ഒരു ജീവിതം നയിക്കാം. ഞങ്ങള്‍ക്ക് ഒരു സ്ഥലത്ത് താമസിക്കാനും ജീവിതവുമായി മുന്നോട്ട് പോകാനും സാധിക്കും. കഴിഞ്ഞ ഇത്രയും വര്‍ഷങ്ങളായി ഞങ്ങള്‍ ഒരു നാടോടി ജീവിതമാണ് നയിച്ചിരുന്നത്. സ്ഥലങ്ങളും വീടുകളും നിരന്തരം മാറും. ഇനി ആരോടും മറുപടി പറയാതെ ഒരു സ്ഥലത്ത് ജീവിക്കുന്നതിനെ കുറിച്ച് ഞങ്ങള്‍ക്ക് ചിന്തിക്കാം,’ ബില്‍ക്കീസ് ബാനു പറഞ്ഞു.

ഗുജറാത്ത്, അഹമ്മദാബാദ്, വഡോദര, ഡല്‍ഹി, ലക്‌നൗ, മുംബൈ തുടങ്ങി കഴിഞ്ഞ 17 വര്‍ഷത്തിനിടയില്‍ നിരവധി സ്ഥലങ്ങളിലേക്ക് അവര്‍ മാറി താമസിച്ചിട്ടുണ്ട്. ഇപ്പോള്‍ ദേവ്ഗാധ് ബാരിയയിലെ റഹിമാബാദ് കോളനിയിലെ ഒരു മുറിയും അടുക്കളയും മാത്രമുള്ള വീട്ടിലാണ് ആ ഏഴംഗ കുടുംബം താമസിക്കുന്നത്. സ്ഥിരമായ വരുമാന മാര്‍ഗമില്ല. സ്വന്തം വീടായ രണ്‍ധിക്പൂരില്‍ നിന്നും 32 കിലോമീറ്റര്‍ ദൂരെയാണിത്.

രണ്‍ധിക്പൂരില്‍ നിന്നാണ് 2002 മാര്‍ച്ച് മൂന്നിന് അവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഗോധ്രയിലെ സബര്‍മതി എക്‌സ്പ്രസിന് നേരെയുണ്ടായ ആക്രമണത്തില്‍ 59 കര്‍ സേവ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഗുജറാത്തില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. അന്ന് അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു ബില്‍ക്കീസ്. തന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ 17 പേര്‍ അടങ്ങിയ ട്രക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ട്രക്കിന് നേരെ ആള്‍ക്കൂട്ടം ആക്രോശിച്ച് എത്തുകയും ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. രണ്ടു വയസുകാരി മകള്‍, ബില്‍ക്കീസ് ബാനുവിന്റെ അമ്മ ഹലിമ, കസിന്‍ ഷമീം തുടങ്ങി കുടുംബത്തിലെ 14 പേരും കൊല്ലപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook