മുംബൈ: ഗുജറാത്ത് കലാപ സമയത്ത് ബിൽക്കിസ് ബാനോയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിലെ പ്രതികൾക്ക് വധശിക്ഷ ഇല്ല. കേസിലെ മൂന്നു പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന സിബിഐയുടെ ആവശ്യം ബോംബൈ ഹൈക്കോടതി തളളി. 2008 ൽ പ്രതികൾക്ക് മുംബൈയിലെ വിചാരണക്കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു. ഇതിനെതിരെയാണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചത്.

കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും അതിനാൽ കേസിലെ 11 പ്രതികളിൽ മൂന്നുപേർക്ക് വധശിക്ഷ നൽകണമെന്നും സിബിഐ കോടതിയിൽ വാദിച്ചു. ജസ്വന്ത് നായ്, ഗോവിന്ദ് നായ്, സൈലേഷ് ഭട്ട് എന്നിവർ അഞ്ചു മാസം ഗർഭിണിയായിരുന്ന ബിൽക്കിസിനെ കൂട്ടമാനഭംഗം ചെയ്തതിന് തെളിവുകളുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു. എന്നാൽ ഈ വാദങ്ങളെല്ലാം തളളിയ ഹൈക്കോടതി വിചാരണക്കോടതിയുടെ ഉത്തരവ് ശരിവയ്ക്കുകയായിരുന്നു.

2002 ൽ ഗുജറാത്ത് കലാപ സമയത്താണ് ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനോ കൂട്ടമാനഭംഗത്തിനിരയായത്. ബിൽക്കിസിന്റെ കുടുംബത്തിലെ 14 പേരെ കലാപകാരികൾ കൊലപ്പെടുത്തുകയും ചെയ്തു. ഇതിൽ മൂന്നു വയസ്സുകാരിയായ ബിൽക്കിസിന്റെ മകളും ഉണ്ടായിരുന്നു.

2008 ൽ മുംബൈയിലെ വിചാരണക്കോടതി കേസിലെ 12 പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ചു. ഇതിനെതിരെ പ്രതികൾ ബോംബൈ ഹൈക്കോടതിയെ സമീപിച്ചു. കേസിനെ സ്വാധീനിക്കാൻ പ്രതികൾ ശ്രമിക്കുമെന്നതിനെത്തുടർന്നാണ് കേസിന്റെ വിചാരണ ഗുജറാത്തിനു പുറത്തേക്ക് മാറ്റിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ