ന്യൂഡല്‍ഹി: ഗോധ്ര കലാപത്തിനിടെ തന്നെ ബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴ് അംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ ശിക്ഷാ കാലാവധി പൂര്‍ത്തിയാകുന്നതിനു മുന്‍പ് മോചിപ്പിച്ചതിനെതിരെ ബില്‍ക്കിസ് ബാനോ സുപ്രീം കോടതിയില്‍. കുറ്റവാളികളെ മോചിപ്പിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനെ അനുവദിച്ച സുപ്രീം കോടതിയുടെ മേയിലെ ഉത്തരവിനെ ചോദ്യം ചെയ്ത് ബില്‍ക്കിസ് ബാനോ പുനഃപരിശോധനാ ഹര്‍ജിയും സമര്‍പ്പിച്ചതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.
ഹര്‍ജികള്‍ ലിസ്റ്റ് ചെയ്യുന്നതിനായി വിഷയം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പരിഗണനയ്ക്ക് എത്തി. ഇരു ഹര്‍ജികളും ഒരുമിച്ച്, ഒരേ ബെഞ്ച് കേള്‍ക്കണമോയെന്ന കാര്യത്തില്‍ താന്‍ തീരുമാനമെടുക്കുമെന്നു ചീഫ് ജസ്റ്റിസ് പറഞ്ഞു.
പ്രതികളെ ഓഗസ്റ്റ് പതിനഞ്ചിനാണു ഗുജറാത്ത് സര്‍ക്കാര്‍ ശിക്ഷാ ഇളവ് നയപ്രകാരം ജയിലില്‍നിന്നു വിട്ടയച്ചത്. പ്രതികളിലൊരായ രാധേശ്യാം ഷാ സുപ്രീം കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നായിരുന്നു ഈ നടപടി. 2008ല്‍ മുംബൈ സി ബി ഐ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച ഇയാള്‍ 15 വര്‍ഷവും നാലു മാസവും ജയില്‍വാസം പൂര്‍ത്തിയാക്കിയിരുന്നു.
രാധേശ്യാം ഷായുടെ ശിക്ഷ ഇളവ് ചെയ്യണമോയെന്നു രണ്ടു മാസത്തിനകം തീരുമാനിക്കണമെന്നു മേയില്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍, മോചനം അല്ലെങ്കില്‍ നേരത്തെയുള്ള മോചനം തുടങ്ങിയ ചോദ്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഉചിതമായ സര്‍ക്കാര്‍ ഗുജറാത്താണെന്നു സുപ്രീം കോടതി പറഞ്ഞു. കാരണം അവിടെയാണു കുറ്റകൃത്യം നടന്നതെന്നും അല്ലാതെ അസാധാരണമായ കാരണങ്ങളാല്‍ വിചാരണ മാറ്റപ്പെടുകയും പൂര്‍ത്തിയാക്കുകയും ചെയ്ത സംസ്ഥാനമല്ല തീരുമാനമെടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
കുറ്റവാളികള്‍ക്കു മാപ്പുനല്കാനും കോടതികള്‍ വിധിച്ച ശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും ഒഴിവാക്കാനും ഇളവ് ചെയ്യാനും ഭരണഘടനയുടെ 72, 161 അനുച്ഛേദങ്ങള്‍ പ്രകാരം രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും അധികാരമുണ്ട്. ജയിലുകള്‍ സംസ്ഥാന വിഷയമായതിനാല്‍, ക്രിമിനല്‍ നടപടി ക്രമ(സിആര്‍ പി സി)ത്തിന്റെ 432-ാം വകുപ്പ് പ്രകാരം ശിക്ഷകള്‍ ഇളവ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ട്. എന്നാല്‍ സിആര്‍ പി സി 433-ാം പ്രകാരം ലിസ്റ്റ് ചെയ്തിരിക്കുന്ന ഈ അധികാരങ്ങളില്‍ നിയന്ത്രണങ്ങളുണ്ട്.
”11 കുറ്റവാളികളും 14 വര്‍ഷം തടവ് അനുഭവിച്ചു. നിയമപ്രകാരം, ജീവപര്യന്തമെന്നാല്‍ കുറഞ്ഞത് 14 വര്‍ഷമാണ്. ഇതിനുശേഷം ശിക്ഷായിളവിന് അപേക്ഷിക്കാം. അപേക്ഷ പരിഗണിക്കണമോയെന്നതു സര്‍ക്കാരിന്റെ തീരുമാനമാണ്. യോഗ്യതയുടെ അടിസ്ഥാനത്തില്‍ ജയില്‍ ഉപദേശക സമിതിയുടെയും ജില്ലാ നിയമ അധികാരികളുടെയും ശിപാര്‍ശയ്ക്കു ശേഷം തടവുകാര്‍ക്ക് ഇളവ് അനുവദിക്കും,” എന്നാണു കുറ്റവാളികളെ വിട്ടയച്ചശേഷം അഡീഷണല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം) രാജ് കുമാര്‍ പറഞ്ഞത്.
ഗുജറാത്ത് കലാപത്തിനിടെ ദഹോദ് ജില്ലയിലെ ലിംഖേഡ താലൂക്കില്‍ 2002 മാര്‍ച്ച് മൂന്നിാണു ബില്‍ക്കിസ് ബാനോ കൂട്ടബലാത്സംഗത്തിനിരയായത്. ബില്‍ക്കിസിന്റെ മൂന്നു വയസുള്ള മകള്‍ സലേഹ ഉള്‍പ്പെടെ 14 പേരെ ആള്‍ക്കൂട്ടം കൊലപ്പെടുത്തുകയും ചെയ്തു. സംഭവസമയത്ത് ബില്‍ക്കിസ് ഗര്‍ഭിണിയായിരുന്നു. ബില്‍ക്കിസ് വധഭീഷണി നേരിട്ടതിനെത്തുടര്ന്നാണു കേസ് വിചാരണ ഗുജറാത്തില്‍നിന്നു മഹാരാഷ്ട്രയിലേക്കു സുപ്രീം കോടതി മാറ്റിയത്.
ജസ്വന്ത് നായ്, ഗോവിന്ദ് നായ്, ശൈലേഷ് ഭട്ട്, രാധേശ്യാം ഷാ, ബിപിന്‍ ചന്ദ്ര ജോഷി, കേസര്‍ഭായ് വൊഹാനിയ, പ്രദീപ് മോര്‍ധിയ, ബകാഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദന എന്നിവരായിരുന്നു പ്രതികള്‍.