scorecardresearch
Latest News

ബില്‍ക്കിസ് ബാനോ കേസ്: പ്രതികളെ മോചിപ്പിച്ചതില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്

ബില്‍ക്കിസ് ബാനോ കേസില്‍ 11 പ്രതികളേയും ജയില്‍ മോചിതരാക്കിയ സംഭവത്തില്‍ ഗുജറാത്ത് സര്‍ക്കാരിനെതിരായ ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി

ബില്‍ക്കിസ് ബാനോ കേസ്: പ്രതികളെ മോചിപ്പിച്ചതില്‍ ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനോ കേസില്‍ 11 പ്രതികളേയും ജയില്‍ മോചിതരാക്കിയ സംഭവത്തില്‍ ഗുജറാത്ത് സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്കെതിരെ ത്രിണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്ര സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ജസ്റ്റിസുമാരായ അജയ് റസ്തോഗി, വിക്രം നാഥ് എന്നിവരായിരുന്നു ബഞ്ചിലെ മറ്റ് അംഗങ്ങള്‍.

കുറ്റകൃത്യം ക്രൂരമായതുകൊണ്ട് മാത്രം മോചനം നല്‍കിയത് തെറ്റാണെന്ന് പറയാന്‍ കഴിയുമോയെന്ന് ഹര്‍ജിക്കാര്‍ക്കാര്‍ വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനോട് ജസ്റ്റിസ് റസ്തോഗി ചോദിച്ചയാണ് ലൈവ് ലൊ റിപ്പോര്‍ട്ട് ചെയ്തു.

മോചനം ലഭിച്ച പ്രതികളെ കേസില്‍ കക്ഷി ചേര്‍ക്കാനും കോടതി നിര്‍ദേശിച്ചു. രണ്ട് ആഴ്ചയ്ക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നും ലൈവ് ലൊ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓഗസ്റ്റ് 15 നായിരുന്നു ബില്‍ക്കിസ് ബാനോ ബലാത്സംഗക്കേസിലെ പ്രതികള്‍ മോചിതരായത്.

പ്രതികള്‍ ജയില്‍ മോചിതരായതിന് ശേഷം ബില്‍ക്കിസ് ബാനോ വൈകാരികമായി പ്രതികരിച്ചിരുന്നു.

“ഇന്ന്, എനിക്ക് ഇത് മാത്രമേ പറയാൻ സാധിക്കുകയുള്ളു, ഒരു സ്ത്രീയ്ക്ക് ലഭിക്കേണ്ട നീതി എങ്ങനെ ഇപ്രകാരമായി തീരും. നമ്മുടെ നാട്ടിലെ പരമോന്നത കോടതികളിൽ ഞാൻ വിശ്വസിച്ചു. ഞാൻ സിസ്റ്റത്തെ വിശ്വസിച്ചു. ഉണ്ടായ ആഘാതത്തിനൊപ്പം ജീവിക്കാന്‍ ഞാന്‍ ശീലിച്ചു തുടങ്ങുകയായിരുന്നു. ഈ കുറ്റവാളികളുടെ മോചനം എന്നിലുണ്ടായിരുന്ന സമാധാനത്തിന്റെ കണികകളെ ഇല്ലാതാക്കി, നീതിയിലുള്ള എന്റെ വിശ്വാസത്തെ അത് പിടിച്ചുകുലുക്കിയിരിക്കുന്നു,” തന്റെ അഭിഭാഷകയായ ശോഭ ഗുപ്ത പുറപ്പെടുവിച്ച ഒരു പ്രസ്താവനയിൽ ബിൽക്കിസ് പറഞ്ഞു.

2002 മാര്‍ച്ച് മൂന്നിനാണ് ബില്‍ക്കിസ് കൂട്ടബലാത്സംഗത്തിന് ഇരയായതും കുടുംബത്തിലെ 11 പേര്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തത്. ഇതില്‍ ആറ് പേരുടെ മൃതദേഹങ്ങള്‍ ഇന്നും കണ്ടെത്താനായിട്ടില്ല. ദാഹോദിലെ ലിംഖേഡ താലൂക്കിൽ വച്ചായിരുന്നു സംഭവം. 2008 ജനുവരി 21 ന് സിബിഐ പ്രത്യേക കോടതി 11 കുറ്റവാളികളേയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

രാധേശ്യാം ഷാ, ജസ്വന്ത് നായി, ഗോവിന്ദ് നായ്, കേസർ വോഹാനിയ, ബക്ക വോഹാനിയ, രാജു സോണി, രമേഷ് ചന്ദന, ശൈലേഷ് ഭട്ട്, ബിപിൻ ജോഷി, പ്രദീപ് മോഡിയ, മിതേഷ് ഭട്ട് എന്നിവരാണ് ജയില്‍ മോചിതരായ പ്രതികൾ. മറ്റൊരു പ്രതിയായ നരേഷ് മോഡിയ വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Bilkis bano case sc issued notice to the gujarat government