ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ നേരത്തെ വിട്ടയച്ചതിനെതിരായ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനോടും ഗുജറാത്ത് സര്‍ക്കാരിനോടും മറ്റുള്ളവരോടും പ്രതികരണം തേടി സുപ്രീം കോടതി. കേസില്‍ നിരവധി പ്രശ്നങ്ങളുണ്ടന്നും വിഷയം വിശദമായി കേള്‍ക്കേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ കെ എം ജോസഫും ബി വി നാഗരത്നയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. കേസിലെ 11 പ്രതികള്‍ക്ക് ഇളവ് അനുവദിച്ച പ്രസക്തമായ രേഖകളുമായി ഏപ്രില്‍ 18 ന് ഹാജരാകാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
2002ലെ ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കിസ് ബാനോയെ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്നുവയസുള്ള മകള്‍ ഉള്‍പ്പെടെ ഏഴ് ബന്ധുക്കളെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ഓഗസ്റ്റ് 15നാണു ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്. ശിക്ഷായിളവ് തേടി പ്രതികളിലൊരാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനു സുപ്രീം കോടതി നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.
സംസ്ഥാന സര്‍ക്കാര്‍ 11 ജീവപര്യന്തം തടവുകാരെ മോചിപ്പിച്ചത് സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചുവെന്ന് ആരോപിച്ച് ബില്‍ക്കിസ് ബാനോ കഴിഞ്ഞ വര്‍ഷം നവംബര്‍ 30 ന് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കുറ്റവാളികളെ നേരത്തെ വിട്ടയക്കുന്നതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ മാര്‍ച്ച് 22 ന് പരിഗണിക്കാന്‍ സുപ്രീം കോടതിയുടെ പുതിയ ബെഞ്ച് രൂപീകരിച്ചു, ജസ്റ്റിസ് ത്രിവേദി വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയതായി ബാനോയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷക ശോഭ ഗുപ്ത ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു. കേസ് കേള്‍ക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ത്രിവേദിയുടെ പിന്മാറ്റത്തിന് കാരണങ്ങളൊന്നും പറഞ്ഞിട്ടില്ല. 2004 മുതല്‍ 2006 വരെ ഗുജറാത്ത് സര്‍ക്കാരിന്റെ നിയമ സെക്രട്ടറിയായിരുന്നു ജസ്റ്റിസ് ത്രിവേദി.