ന്യൂഡല്‍ഹി: 2002 ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനോയെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത 11 പേര്‍ക്ക് മോചനം നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി ജസ്റ്റിസ് (റിട്ടയര്‍ഡ്) യു ഡി സാല്‍വി. കഷ്ടത അനുഭവിക്കുന്നവര്‍ക്ക് അത് നന്നായി അറിയാം എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
ജസ്റ്റിസ് യു ഡി സാല്‍വിയായിരുന്നു 2008 ല്‍ 11 പേരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ബില്‍ക്കിസിന്റെ മൊഴി ധീരമാണെന്ന് നിരീക്ഷിച്ചായിരുന്നു മുംബൈ സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതിയിലെ അന്നത്തെ പ്രത്യേക ജഡ്ജിയായിരുന്ന സാല്‍വി 11 പേരും കുറ്റക്കാരാണെന്ന് വിധിച്ചത്.
“മോചനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടെന്നാണ് എനിക്ക് പറയാനുള്ളത്. സംസ്ഥാനം തന്നെയാണ് ഈ മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്. ഇത് സംബന്ധിച്ചും സുപ്രീം കോടതി വിധികളുണ്ട്,” അദ്ദേഹം ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
ബില്‍ക്കിസിന് നേരിട്ട ഭീഷണികളും ന്യായം ലഭിക്കുമോ എന്ന ആശങ്കകളേയും തുടര്‍ന്നായിരുന്നു കേസിന്റെ വിചാരണ മുംബൈ കോടതിയില്‍ നടന്നത്. ആയിരക്കണക്കിന് പേജുകളിലായായിരുന്നു കേസിലെ സാക്ഷി മൊഴികളും തെളിവുകളും രേഖപ്പെടുത്തിയിരുന്നത്.
“വളരെക്കാലം മുന്‍പാണ് കേസില്‍ വിധിയുണ്ടായത്. ഇപ്പോൾ അത് സർക്കാരിന്റെ കൈയിലാണ്. സംസ്ഥാനമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. അത് ശരിയാണോ അല്ലയോ എന്നത് ബന്ധപ്പെട്ട കോടതിയോ സുപ്രിം കോടതിയോ പരിശോധിക്കണം,” ജസ്റ്റിസ് സാൽവി കൂട്ടിച്ചേര്‍ത്തു.
പ്രതികളെ വെറുതെ വിട്ടതിന് ശേഷം ബില്‍ക്കിസ് പ്രസ്താവനയിലൂടെ പ്രതികരണം നടത്തിയിരുന്നു. “ഇന്ന്, എനിക്ക് ഇത് മാത്രമേ പറയാൻ സാധിക്കുകയുള്ളു, ഒരു സ്ത്രീയ്ക്ക് ലഭിക്കേണ്ട നീതി എങ്ങനെ ഇപ്രകാരമായി തീരും. നമ്മുടെ നാട്ടിലെ പരമോന്നത കോടതികളിൽ ഞാൻ വിശ്വസിച്ചു. ഞാൻ സിസ്റ്റത്തെ വിശ്വസിച്ചു. ഉണ്ടായ ആഘാതത്തിനൊപ്പം ജീവിക്കാന്‍ ഞാന്‍ ശീലിച്ചു തുടങ്ങുകയായിരുന്നു. ഈ കുറ്റവാളികളുടെ മോചനം എന്നിലുണ്ടായിരുന്ന സമാധാനത്തിന്റെ കണികകളെ ഇല്ലാതാക്കി, നീതിയിലുള്ള എന്റെ വിശ്വാസത്തെ അത് പിടിച്ചുകുലുക്കിയിരിക്കുന്നു,” തന്റെ അഭിഭാഷകയായ ശോഭ ഗുപ്ത പുറപ്പെടുവിച്ച ഒരു പ്രസ്താവനയിൽ ബിൽക്കിസ് പറഞ്ഞു.
ബില്‍ക്കിസിന്റെ പ്രസ്താവന കണ്ടില്ലെന്നും വിധി എല്ലാവര്‍ക്കും വായിക്കാനുള്ളതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“കേസിന്റെ വിധിയ്ക്ക് പലതും വിശദമാക്കാന്‍ കഴിയും. കേസിന്റെ സാഹചര്യങ്ങള്‍, ആരാണ് ഉള്‍പ്പെട്ടത്, ഏത് വിധത്തിലാണ് കുറ്റകൃത്യം നടന്നത് എന്നെല്ലാം. കേസില്‍ ഉള്‍പ്പെട്ടവരും പേര് ബില്‍ക്കിസ് വെളിപ്പെടുത്തിയിരുന്നു. വിധിയില്‍ കോടതിയുടെ മുമ്പാകെയുള്ള തെളിവുകൾ, സുപ്രീം കോടതിയുടെ വിധിയുടെ സ്ഥിരീകരണം എന്നിവ കാണാൻ കഴിയും. ഇപ്പോഴത്തെ സാഹചര്യത്തോടൊപ്പം പൂർണ്ണമായ വീക്ഷണം നടത്തുകയും പിന്നീട് തീരുമാനമെടുക്കുകയും ചെയ്യേണ്ട സംസ്ഥാനത്തിന് മുമ്പാകെ ഇവയുണ്ടാകും,” ജസ്റ്റിസ് സാല്‍വി പറഞ്ഞു.