ന്യൂഡല്‍ഹി. ചൈനീസ് സൈനികരുടെ പ്രവൃത്തി മൂലം ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം അസ്വസ്ഥമായിരിക്കുകയാണെന്നും അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ പരിഹരിക്കുന്നത് വരെ ബന്ധം സാധരണ നിലയിലാകില്ലെന്നും കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ജയശങ്കറുടെ പ്രതികരണം.
ഇന്ത്യയുടേയും ചൈനയുടേയും സൈനിക മേധാവികള്‍ തമ്മില്‍ ഇതിനോടകം തന്നെ 15 റൗണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഉഭയകക്ഷി ബന്ധം സംബന്ധിച്ച് പുരോഗതി കൈവരിക്കുന്നതായും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
പരസ്പര ബഹുമാനം, അവബോധം, താത്പര്യങ്ങള്‍ എന്നിവ ബന്ധം പുനഃസ്ഥാപിക്കുന്നതിലെ മൂന്ന് നിർണായക ഘടകങ്ങളാണെന്നും ജയശങ്കർ അടിവരയിട്ടു പറഞ്ഞു. ജമ്മു കശ്മീരിനെ സംബന്ധിച്ച് പാക്കിസ്ഥാനിലെ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷനിൽ വാങ് നടത്തിയ പ്രസ്താവനയുടെ വിഷയവും യോഗത്തിൽ ഉന്നയിക്കപ്പെട്ടതായും അദ്ദേഹം അറിയിച്ചു.
ചൈനയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയെ കുറിച്ചും ചർച്ച നടന്നതായും ജയശങ്കര്‍ വ്യക്തമാക്കി. ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കാളിത്തം ചൈന ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്വാഡ്, ഇന്തൊ-പസഫിക് എന്നീ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നില്ല.
യുക്രൈന്‍, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ സ്ഥിതിഗതികൾ, പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരവാദം, യുഎൻഎസ്‌സി പരിഷ്‌കാരങ്ങൾ എന്നിവയും ചർച്ച ചെയ്തു. ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങളും ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചതായും ജയശങ്കര്‍ പറഞ്ഞു.
Also Read: ബിർഭും കൂട്ടക്കൊലയിൽ സിബിഐ അന്വേഷണം; മമതയ്ക്ക് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്